കൊച്ചി: മൂന്നുവയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് നോര്‍ത്ത് പറവൂര്‍ അതിവേഗ കോടതി.
നോര്‍ത്ത് പറവൂര്‍ നന്ദിയാട്ടുകുന്നം സ്വദേശിയായ യുവാവിനാണ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ടി.കെ. സുരേഷ് തടവും പിഴയും വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴത്തുക ഒടുക്കാത്ത പക്ഷം ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഇരയ്ക്ക് നല്‍കുന്നതിനും കോടതി ഉത്തരവിട്ടു.
2023 ഫെബ്രുവരി 21-ാം തീയതി വൈകീട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ പ്രതി തന്റെ വീട്ടില്‍വച്ച് പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. തുടർന്ന് നോര്‍ത്ത് പറവൂര്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും ഏഴ് തൊണ്ടിമുതലുകളും കോടതി മുമ്പാകെ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രവിത ഗിരീഷ് കുമാറാണ് ഹാജരായത്.