കൊല്ലം: ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ കേസിൽ പീഡിപ്പിച്ച നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വർഷം കഠിന തടവും മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ ലഭിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനെ (46)യാണ് തിരുവനതപുരം അതി വേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2017-19-വരെയുള്ള കാലഘട്ടത്തിൽ ഇയാളുടെ പക്കൽ നൃത്തം പഠിക്കാൻ പോയ കുട്ടിയെ നൃത്തം പഠിപ്പിക്കുന്ന ഹോളിനകത്തുള്ള മുറിക്കുള്ളിൽ കയറ്റി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകിയെന്നാണ് കേസ്.
നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാർ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം കുട്ടി ഈ കാര്യങ്ങൾ പുറത്ത് പറഞ്ഞില്ല. എന്നാൽ അനുജനെയും കൂടെ ട്യൂഷന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാൽ കൗൺസിലിംഗ് വിട്ടിരുന്നു.
അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞു.അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ സുനീഷ്. എൻ, സുരേഷ് എം. ആർ എന്നിവരാണ് അന്വേഷണം നടത്തിയത്.