ബലാത്സംഗത്തിന്റെ ദൃശ്യങ്ങളെടുത്ത് യുവനടിക്ക് അപകീർത്തിയുണ്ടാക്കാൻ ക്വട്ടേഷൻ നൽകിയെന്ന അപൂർവ കേസ്. ജനപ്രിയ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച്. 6 വർഷം നീണ്ട വിചാരണ. സിബിഐ അന്വേഷണത്തിന് പ്രതിഭാഗം കോടതിയിലെത്തിയതും അപൂ‌ർവത. വിചാരണ നീളുന്നതിൽ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതിയും. 28 സാക്ഷികൾ കൂറുമാറിയ കേസിൽ വിധി എന്തായിരിക്കുമെന്ന് ആകാംക്ഷയിൽ മലയാളികൾ

ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു.

New Update
dileep-2
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയെന്ന അത്യപൂർവ കേസിൽ എട്ടു വർഷത്തിനു ശേഷം അന്തിമ വിധി വരുമ്പോൾ ആകാംക്ഷയിലാണ് കേരളം. 

Advertisment

ജനപ്രിയ നടൻ എന്ന് പേരെടുത്ത ദിലീപ് എട്ടാം പ്രതിയായ കേസ് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. വിചാരണ 6 വർഷം നീണ്ടുപോയ കേസിൽ പലവട്ടം സുപ്രീംകോടതിയും ഹൈക്കോടതിയുമൊക്കെ ഇടപെട്ടു. അതിജീവിത രാഷ്ട്രപതിയെപ്പോലും സമീപിച്ചു. 


ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് സി.ബി.ഐ അന്വേഷണം തേടി ദിലീപ് ഹൈക്കോടതിയിലെത്തിയെങ്കിലും ഹർജി തള്ളി. 

ഡിസംബർ എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധിപറയുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികൾ. 28 സാക്ഷികൾ കൂറുമാറിയ കേസില്‍ വിധി എന്താവുമെന്നും ആകാംക്ഷയുണ്ട്.


2017 ഫെബ്രുവരി 17ന് ഷൂട്ടിംഗിനു ശേഷം തൃശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടിയെ ആക്രമിച്ചെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും ആണ് കേസ്. 


ക്വട്ടേഷനെടുത്ത പ്രതികൾ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. 

ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. 2019 ലാണു കേസിൽ വിചാരണ നടപടി തുടങ്ങിയത്. 261 സാക്ഷികളെ വിസ്തരിച്ച കോടതി 1700 രേഖകളും പരിഗണിച്ചു. 

pulsar suni


2017 ഫെബ്രുവരിയിൽ അറസ്റ്റിലായ പൾസർ സുനിക്ക് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.


കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരകൃത്യമായിരുന്നു നടിയെ ആക്രമിക്കപ്പെട്ട കേസിലുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയുമായിരുന്നു. 

കേസിൽ 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. പിന്നീട് ഒക്ടോബറിലാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ആദ്യം ഏഴു പ്രതികളുണ്ടായിരുന്ന കേസിൽ പിന്നീട് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 

dileep


കേസിനു പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്ന് പൾസർ സുനി തുറന്നുപറഞ്ഞ് ദിവസങ്ങൾക്കകമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. 


പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികൾ.

അന്വേഷണം സുതാര്യവും പക്ഷപാതരഹിതവുമല്ലെന്ന് കുറ്റപ്പെടുത്തിയാണ് സി.ബി.ഐ അന്വേഷണത്തിന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവതയായിരുന്നു. 

കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. 2017 ഏപ്രിൽ 17ന് പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ആക്രമണ ദൃശ്യങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽ ഫോൺ ഇനിയും വീണ്ടെടുത്തിട്ടില്ല. 

ഇത് കണ്ടെത്തേണ്ടതാണെന്നും ദിലീപിന്റെ ഹർജിയിലുണ്ടായിരുന്നു. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡയിലിരിക്കേ അനധികൃതമായി പരിശോധിക്കപ്പെട്ടതും വിവാദമായിരുന്നു. 

r sreelekha


പ്രതിയായ നടൻ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. 


ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടായില്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതി ദ്രൗപദി മുർമുവിനും കത്തയച്ചിരുന്നു.

കേസിന്റെ വിചാരണ നീണ്ടുപോവുന്നതിനെതിരേ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നടൻ ദിലീപിന്റെ അഭിഭാഷകൻ അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസിനെ കഴിഞ്ഞ ഫെബ്രുവരി 15 മുതൽ സെപ്‌തംബർ 10 വരെ ക്രോസ് വിസ്‌താരം നടത്തിയതിൽ സുപ്രീംകോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. 

ഇതെന്തു തരം വിചാരണയാണ് ? വിചാരണക്കോടതി ഇടപെട്ടില്ലേ ? 1800 പേജുകളിലാണ് മൊഴി. സ്വാധീനമുള്ള പ്രതി ക്രോസ് വിസ്‌താരത്തിന് ഇത്രയധികം സമയമെടുത്തെങ്കിൽ, വാദമുഖങ്ങൾ പൂർത്തിയാക്കാൻ എത്രകാലമെടുക്കും ? - ഇങ്ങനെയായിരുന്നു സുപ്രീംകോടതിയുടെ വിമർശനങ്ങൾ.

Advertisment