സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനും സര്‍ക്കാരിനും പാര്‍ട്ടിയുടെ 4 മന്ത്രിമാര്‍ക്കും എതിരെ കടുത്ത വിമര്‍ശനം ഉണ്ടായേക്കും. വിമര്‍ശന സാധ്യത മനസിലാക്കി ബദല്‍ നീക്കങ്ങളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തനിക്കെതിരായ വിമര്‍ശം ഒഴിവാക്കുന്നതിനുളള ഇടപെടലുകളുടെ ഭാഗമായി ബിനോയ് വിശ്വം പാര്‍ട്ടി നേതൃത്വത്തിലുളള വിശ്വസ്തരുമായി ആശയവിനിമയം നടത്തി.

New Update
Untitled

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും. സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിനും സര്‍ക്കാരിനും പാര്‍ട്ടിയുടെ 4 മന്ത്രിമാര്‍ക്കും എതിരെ കടുത്ത വിമര്‍ശനം ഉണ്ടായേക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.


Advertisment

പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പിടിപ്പുകെട്ട നേതൃത്വവും മന്ത്രിമാരുമാണ് ഇപ്പോഴുളളതെന്ന് ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ സി.പി.ഐയിലെ ഔദ്യോഗിക നേതൃത്വത്തെ എതിര്‍ക്കുന്ന വിഭാഗം തയാറെടുത്തു കഴിഞ്ഞു.


ഈ സമീപനം സ്വീകരിച്ചില്ലെങ്കില്‍ കേരളത്തിലെ പാര്‍ട്ടി തന്നെ ഇല്ലാതായി പോകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വത്തെ നന്നയി കുടയാന്‍ തന്നെ തീരുമാനം എടുത്തിരിക്കുന്നത്. വിമര്‍ശന സാധ്യത മനസിലാക്കി ബദല്‍ നീക്കങ്ങളുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്.

CPI

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദകാലത്ത്  വനം മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനെതിരെ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ' പോഴന്‍ ' പ്രയോഗം പോലെയുളള വിമര്‍ശനം ഒഴിവാക്കാനാണ് നീക്കം നടത്തുന്നത്. തനിക്കെതിരായ വിമര്‍ശം ഒഴിവാക്കുന്നതിനുളള ഇടപെടലുകളുടെ ഭാഗമായി ബിനോയ് വിശ്വം പാര്‍ട്ടി നേതൃത്വത്തിലുളള വിശ്വസ്തരുമായി ആശയവിനിമയം നടത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായത് കൊണ്ടാണ് ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം വരുന്നതെന്നും അദ്ദേഹം വ്യക്തിപരമായി നന്മയുളള കമ്മ്യൂണിസ്റ്റാണെന്നും കാണിച്ച് പോസ്റ്റിടാന്‍ വിശ്വസ്തരോട് ആവശ്യപ്പെട്ടതായാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്ന വിവരം. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടാനുളള അഭ്യര്‍ത്ഥന പലരും നിരസിച്ചതായാണ് സൂചന. 


ബിനോയ് വിശ്വത്തെ അനുകൂലിച്ച് ഈ ഘട്ടത്തില്‍ പോസ്റ്റിടുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന് സെക്രട്ടറിയെ ബോധ്യപ്പെടുത്തിയാണ് നേതാക്കളുടെ പിന്മാറ്റം. ബിനോയ് വിശ്വത്തെ കഴിവുകെട്ടവനെന്നും ഒന്നിനും കൊളളാത്തവനെന്നും വിളിക്കുന്ന ഏറണാകുളത്തെ നേതാക്കളുടെ ശബ്ദരേഖ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകാതിരിക്കാനും നേതൃത്വം സജീവമായി ഇടപെടുന്നുണ്ട്.


മുതിര്‍ന്ന നേതാവ് കമലാ സദാനന്ദനും കെ.എം.ദിനകരനും ഉള്‍പ്പെട്ട ശബ്ദരേഖ ചര്‍ച്ചയായാല്‍ സമാന പദപ്രയോഗങ്ങള്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കപ്പെടും. ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ബിനോയ് വിശ്വും കൂട്ടരും പണിപ്പെടുന്നത്.

സംസ്ഥാന സമ്മേളനത്തില്‍ തനിക്കെതിരെ  പരിധിവിട്ട കടന്നാക്രമണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് സ്വന്തം പ്രതിഛായയുടെ കാര്യത്തില്‍ മാത്രം ഏറെ ശ്രദ്ധാലുവായാ ബിനോയ് വിശ്വത്തിന്റെ നേതാക്കളോടുളള അഭ്യര്‍ത്ഥന.


തിരുവനന്തപുരത്തും കൊല്ലത്തും ഉള്‍പ്പെടെ ജില്ലാ സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിര രൂക്ഷമായ വിമര്‍ശനമുണ്ടായ പശ്ചാത്തലത്തിലാണ് ജാഗ്രത പുലര്‍ത്താന്‍ കാരണം. ചൊവ്വാഴ്ച ആലപ്പുഴയില്‍ ആരംഭിക്കുന്ന സമ്മേളനത്തില്‍  സംസ്ഥാന നേതൃത്വത്തിനെതിരയും മന്ത്രിമാര്‍ക്കെതിരെയും ഒരു പരിധിക്കപ്പുറത്തേക്ക് വിമര്‍ശനം ഉണ്ടാകരുതെന്ന പിടിവാശിയിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 


binoy viswam1

ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ജില്ലകളിലെയും തന്റെ വിശ്വസ്തരോട് ബിനോയ് ആശയവിനിമയം നടത്തുന്നുണ്ട്. ബിനോയിയുടെ കഴിവിനെ സംശയിച്ചുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമലാ സദാനന്ദന്റെയും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എം.ദിനകരന്റെയും ശബ്ദരേഖ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും ചര്‍ച്ചയാവുന്നുണ്ട്.

ഇത് സംസ്ഥാന സമ്മേളനത്തില്‍ ആരും ഉന്നയിക്കരുതെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രധാന ആവശ്യം. വിമര്‍ശനങ്ങള്‍ തണുപ്പിക്കാന്‍  ബിനോയ് വിശ്വം കിണഞ്ഞ് ശ്രമിക്കുമ്പോഴും പാര്‍ട്ടി നേതൃത്വം രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുമെന്ന് സിപിഐ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.


സിപിഎമ്മിന് വഴങ്ങുന്ന നേതൃത്വം എന്നതാണ് പാര്‍ട്ടി സമ്മേളനത്തില്‍ ബിനോയ് വിശ്വം നേരിടാന്‍ പോകുന്ന മറ്റൊരു വിമര്‍ശനം. രണ്ടാം പിണറായി മന്ത്രിസഭയിലെ പാര്‍ട്ടി മന്ത്രിമാര്‍ സിപിഎമ്മിന്റെ ചൊല്‍പ്പടിയിലണെന്നുള്ള വിമര്‍ശനവും ആലപ്പുഴ  സമ്മേളനത്തില്‍ ഉയരും.


സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനത്തിന് സാധ്യതയുണ്ടെങ്കിലും  സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന് തല്ക്കാലം ഭീഷണിയില്ലെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ബിനോയ് വിശ്വം സമ്പൂര്‍ണ പരാജയമാണെന്ന് ഒപ്പം നില്‍ക്കുന്നവര്‍ പോലും രഹസ്യമായി അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ബിനോയ് വിശ്വത്തെ നീക്കി പുതിയൊരാളെ സംസ്ഥാന നേതൃത്വത്തില്‍ അവരോധിക്കുന്നതിനായി നല്ല പ്രവര്‍ത്തനം നടത്തേണ്ടതുണ്ടായിരുന്നു. അത്തരമൊരു പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കാന്‍ കഴിവുളള കെ.ഇ.ഇസ്മയിലിനെ പോലുളള നേതാക്കള്‍ ഇപ്പോള്‍ സി.പി.ഐയില്‍ അവശേഷിക്കുന്നില്ല.


വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന ആശങ്കയിലാണ് എറണാകുളത്തെ മുന്‍ ജില്ലാ സെക്രട്ടറി പി.രാജുവിന്റെ മരണത്തോട് അനുബന്ധിച്ച് നടത്തിയ പരസ്യ പ്രതികരണത്തിന്റെ പേരില്‍ ഇസ്മയിലിനെ ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും ഇതുവരെ അദ്ദേഹത്തെ സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുപോലുമില്ല.


Untitledppakcpii

പഴയ കാനം പക്ഷത്തിന്റെ പിന്തുണയിലാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്.കാനം പക്ഷത്ത് തന്നെ ബിനോയിയോട് എതിര്‍പ്പുളളവര്‍ ഏറെയാണെങ്കിലും ഇവരെയൊന്നും ഫലപ്രദമായി ഏകോപിപ്പിക്കാന്‍ വിരുദ്ധ പക്ഷത്ത് ആരുമില്ല. 

സംസ്ഥാന സെക്രട്ടറിയാകാന്‍ സര്‍വ്വഥാ യോഗ്യനാണെങ്കിലും പാര്‍ട്ടി അച്ചടക്കം വിട്ട് ഒന്നും ചെയ്യില്ലെന്ന ദൃഢമായ നിലപാടുളള ദേശിയ എക്‌സിക്യൂട്ടിവ് അംഗം കെ.പ്രകാശ് ബാബു സ്വന്തം നിലക്ക് ഒരു ഇടപെടലിനും തയാറല്ല. ഇതാണ് ബിനോയ് വിശ്വത്തിന് വെല്ലുവിളിയില്ലാതാകാന്‍ കാരണം.

Advertisment