'സമിതിയിൽ സമവായമോ?'. പുതിയ സംസ്ഥാന കൗൺസിലിൽ 19 പുതുമുഖങ്ങളെത്തുമെന്ന് സൂചന. മാറ്റം ഔദ്യോഗിക പക്ഷത്തിന് മേധാവിത്വം ഉറപ്പാക്കി. പ്രായപരിധി മാനദണ്ഡം പ്രകാരം ഇ.ചന്ദ്രശേഖരനടക്കം പ്രമുഖർ പുറത്താകും

പാര്‍ട്ടിക്കുള്ളില്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാതെ സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പിനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്

New Update
Untitled

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനം ചൂടു പിടിക്കുമ്പോള്‍ പുതിയ സംസ്ഥാന സമിതിക്കായുള്ള ചര്‍ച്ച സജീവമാകുന്നു. 95 സ്ഥിരാംഗങ്ങളും 15 കാന്‍ഡിഡേറ്റ് അംഗങ്ങളുമുള്‍പ്പെടുന്ന 110 അംഗ സംസ്ഥാന സമിതിയാണ് നിലവിലുള്ളത്.


Advertisment

പാര്‍ട്ടി ഭരണഘടന പ്രകാരം ഇതില്‍ 19 പേര്‍ പുതുതായി എത്താനാണു സാധ്യത. സംസ്ഥാനസമിതിയില്‍ 17 വനിതകളുണ്ട്. 15 ശതമാനം വനിതകള്‍ വേണമെന്നാണു ചട്ടമെങ്കിലും ഇപ്പോള്‍ രണ്ടു പേര്‍ അധികമാണ്. അതിനാല്‍, സ്ത്രീ പ്രാതിനിധ്യം അതേപോലെ തുടരാനാണു സാധ്യത. 


സംസ്ഥാന സമിതിയില്‍ 20 ശതമാനം പുതുമുഖങ്ങള്‍ വേണമെന്നാണു ചട്ടം. 75 വയസ്സു പിന്നിട്ടവരെ കൂടാതെ ഏതാനും പേരെക്കൂടി ഒഴിവാക്കിയാകും കൂട്ടിച്ചേര്‍ക്കലുകള്‍. സമിതിയിലേക്ക് കൂടുതല്‍പ്പേര്‍ ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തില്‍ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നിര്‍ണായകമാകും. 

എല്ലാ ജില്ലകളെയും ഉള്‍ക്കൊണ്ടുള്ള മാറ്റങ്ങള്‍ക്കാണു ശ്രമം. ഔദ്യോഗികപക്ഷത്തിനു മേധാവിത്വം ഉറപ്പാക്കിയാകും മാറ്റമെങ്കിലും സമയവായത്തിലൂടെ അര്‍ഹരായവരെ ഉള്‍പ്പെടുത്താനും നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നവരെ ഒഴിവാക്കാനും ധാരണയായിട്ടുണ്ട്.

CPI

പാര്‍ട്ടിക്കുള്ളില്‍ ഒരു തിരഞ്ഞെടുപ്പിലേക്ക് പോകാതെ സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പിനാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്.


75 വയസ് പ്രായപരിധി മാനാദണ്ഡം നടപ്പാകുന്നതോടെ പത്തോളം പേര്‍ സംസ്ഥാന സമിതിയില്‍ നിന്നും പുറത്താവും. അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍, പാര്‍ട്ടി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആര്‍ചന്ദ്രമോഹന്‍, വി.ചാമുണ്ണി, സി.എന്‍ ജയദേവന്‍, കൗണ്‍സില്‍ അംഗങ്ങളായ കെ.കെ ശിവരാമന്‍, ജെ വേണുഗോപാലന്‍ നായര്‍, പി.കെ കൃഷ്ണന്‍ തുടങ്ങിയവര്‍ ഒഴിവാകും. 


ജില്ലാ സെക്രട്ടറിമാര്‍ക്ക് 65 പ്രായപരിധി വന്നതോടെ രണ്ടാംനിര നേതൃത്വം സക്രിയമായെന്നും പാര്‍ട്ടി ചെറുപ്പമായെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനസമിതിയിലും യുവാക്കള്‍ക്ക് കൂടുതല്‍ അവസരമുണ്ടാകുന്ന തരത്തിലുള്ള മാറ്റവും നേതൃത്വം ലക്ഷ്യമിടുന്നു.

Advertisment