'ദേശീയ വിഷയങ്ങളില്‍ പ്രതികരിച്ചാല്‍ മതി, ഇവിടുത്തെ കാര്യം മിണ്ടണ്ട' ! കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് ആനി രാജയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി; ബിനോയ് വിശ്വത്തിന്റെ വെളിപ്പെടുത്തല്‍ സംസ്ഥാന കൗണ്‍സിലിലെ റിപ്പോര്‍ട്ടിംഗിനിടെ; പാലക്കാട്ടെ വിഭാഗീയതയില്‍ കെ.ഇ. ഇസ്മയിലിനെതിരെയും കൗണ്‍സിലില്‍ പരാതി

കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ദേശീയ സെക്രട്ടറിയേറ്റംഗം ആനി രാജയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത് സ്ഥിരീകരിച്ച് ബിനോയ് വിശ്വം

New Update
annie raja binoy viswam

തിരുവനന്തപുരം: കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുന്നതിന് ദേശീയ സെക്രട്ടറിയേറ്റംഗം ആനി രാജയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത് സ്ഥിരീകരിച്ച് ബിനോയ് വിശ്വം. കേരളത്തിലെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരണം നടത്തുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തണമെന്ന് ആനി രാജിയോട് ദേശീയ എക്സിക്യൂട്ടീവ് നിർദ്ദേശിച്ചതായി ബിനോയ് വിശ്വം സംസ്ഥാന കൗൺസിലിനെ അറിയിച്ചു. 

Advertisment

എന്നാൽ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സ്ത്രീ പ്രശ്നങ്ങളിലും പ്രതികരിക്കുന്നതിന് ആനി രാജയ്ക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.  സംസ്ഥാന കൗൺസിലിലെ  റിപ്പോർട്ടിങ്ങിനിടയിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.


ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലിന് തുടർന്ന് കൊല്ലം എംഎൽഎ എം മുകേഷിന് എതിരെ ലൈംഗിക ആരോപണം വന്നപ്പോൾ പ്രതികരിച്ചതിൽ അതൃപ്തി അറിയിച്ച്  സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.


കത്ത് ചർച്ച ചെയ്ത ദേശീയ സെക്രട്ടറിയേറ്റ്' കേരള വിഷയങ്ങളിൽ പ്രതികരണം നടത്തുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്ന് ആനി രാജയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൗൺസിൽ യോഗത്തെ അറിയിച്ചത്.  

മുതിർന്ന നേതാവ് ഇസ്മയിൽ പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതായും ഇന്നത്തെ സംസ്ഥാന കൗൺസിലിൽ പരാതി ഉയർന്നു. ഇസ്മയിലിന്റെ വിശദീകരണ നോട്ടീസ് സംസ്ഥാന കൗൺസിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഈ വിമർശനം ഉയർന്നു വന്നത്.


പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജാണ് ഇസ്മയിലിനെതിരെ വിമർശനം ഉന്നയിച്ചത്. പാർട്ടിയിൽ വിഭാഗീയത തിരിച്ചുകൊണ്ടുവരാനാണ് ഇസ്മയിൽ ശ്രമിക്കുന്നതെന്ന് സുരേഷ് രാജ് ആരോപിച്ചു.


ഇതിൻറെ ഫലമാണ് പാലക്കാട് ജില്ലയിൽ ഉണ്ടായിട്ടുള്ള സേവ് സിപിഐ ഫോറം എന്നും സുരേഷ് രാജ് സംസ്ഥാന കൗൺസിൽ യോഗത്തിൽ കുറ്റപ്പെടുത്തി.പാലക്കാട്ടെ മുതിർന്ന സിപിഐ നേതാക്കളുടെ കുടുംബങ്ങൾ വരെ സേവ് സിപിഐ  ഫോറത്തിൽ അംഗങ്ങളാണ് എന്നത് പാർട്ടി നേതൃത്വത്തെ ഏറെ വിഷമിപ്പിക്കുന്നുണ്ട്.

സേവ് സിപിഐ ഫോറത്തിന് പിന്തുണ നൽകുന്നു എന്ന് ആരോപിച്ച്  കെ ഇ ഇസ്മയിലിനോട്  സിപിഐ സംസ്ഥാന നേതൃത്വം വിശദീകരണം ആരാഞ്ഞിരുന്നു. ഇതിനുള്ള മറുപടി.ദേശീയ നേതൃത്വത്തിന് കൂടി ഇസ്മയിൽ നൽകിയിരുന്നു. മറുപടി ചർച്ച ചെയ്ത ദേശീയ നേതൃത്വം രമ്യമായ പരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരുന്നു.


എന്നാൽ പാലക്കാട് ജില്ലാ ഘടകം വിമത നേതാക്കൾക്ക് പിന്തുണ നൽകുന്ന ഇസ്മയിലിനെതിരെ  നടപടി വേണമെന്ന കർശന നിലപാടിലാണ്. വെള്ളിയാഴ്ച അവസാനിക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഇസ്മയിലിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യത്തിൽ  സംസ്ഥാന നേതൃത്വം നിലപാട് എടുക്കും.


സംസ്ഥാന കൗൺസിലിന് ഇടയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമായിരിക്കും ഇസ്മയിലിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യത്തിൽ ധാരണ സ്വരൂപിക്കുക.

 കഴിഞ്ഞ മാസം 25ന് നാഗ് പൂരിൽ നടന്ന ദേശീയ നേതൃയോഗത്തിന് മുൻപാണ് സി.പി.ഐ സംസ്ഥാന ഘടകം ആനി രാജയ്ക്ക് എതിരെ കത്ത് നൽകിയത്. കേരളത്തിലെ നി‍ർണായക രാഷ്ട്രീയ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ നിരന്തരം പ്രതികരണം നടത്തുന്നത് മുന്നണി ബന്ധങ്ങളെ  ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ നേതൃത്വത്തെ സമീപിച്ചത്.

പീ‍ഡന പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത കൊല്ലം എംഎല്‍എ എം. മുകേഷ്
രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് സംസ്ഥാന നേതൃത്വത്തെ കത്ത് നൽകാൻ പ്രേരിപ്പിച്ചത്. 


ഇടത് മുന്നണിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുന്ന ഇത്തരം പ്രതികരണങ്ങളിൽ നിന്ന് ആനിരാജയെ വിലക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സംസ്ഥാന എക്സിക്യൂട്ടിവിലെ ച‍ർച്ചയുടെയും വിമർശനങ്ങളുടെയും  അടിസ്ഥാനത്തിലായിരുന്നു കത്ത്.


ദേശീയ സെക്രട്ടേറിയേറ്റ് യോഗം കത്ത് ച‍ർച്ച ചെയ്തു.അതിന് ശേഷം കേരള വിഷയങ്ങളിൽ
ആനിരാജയിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കത്ത് നൽകിയത്
മാധ്യമങ്ങളുടെ കഥയാണെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻെറ പ്രതികരണം.

നേരത്തെ കാനം രാജേന്ദ്രൻ സംസ്ഥാന  സെക്രട്ടറിയായിരുന്ന കാലത്തും സംസ്ഥാന ഘടകം ആനിരാജക്ക് എതിരെ കത്ത് നൽകിയിരുന്നു. പൊലീസിലെ 'സംഘപരിവാർ' സാന്നിധ്യത്തിനെതിരെ പ്രതികരിച്ചതിന്റെ  പേരിലായിരുന്നു കത്ത്.

അന്ന് സംസ്ഥാന ഘടകത്തിൻെറ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന വിഷയങ്ങളിൽ പ്രതികരിക്കുന്നതിൽ നിന്ന് ആനിരാജയെ വിലക്കിയിരുന്നു. എന്നാൽ വിഷയം ദേശീയ സംസ്ഥാന ഘടകങ്ങൾ തമ്മിലുളള ഏറ്റുമുട്ടലായി മാറി.

ആനിരാജക്ക് അനുകൂലമായ നിലപാട് എടുത്ത ജനറൽ സെക്രട്ടറി ഡി. രാജക്കെതിരെ സംസ്ഥാന കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തുന്നത് വരെ എത്തുകയും ചെയ്തു.

Advertisment