സിപിഐ സമ്മേളനങ്ങളിലെ മത്സര വിലക്ക് സംസ്ഥാന സമ്മേളനത്തിലെ കല്ലുകടി ഒഴിവാക്കാനുള്ള മുൻ‌കൂർ നീക്കമെന്ന് പ്രവർത്തകർ. നേതൃത്വത്തോടുള്ള കടുത്ത വിയോജിപ്പുകൾ മത്സരങ്ങളിൽ കലാശിക്കുമെന്ന് വിലയിരുത്തൽ. മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിനെതിരായ നടപടി പോലും വിഭാഗീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നവർക്കുള്ള മുന്നറിയിപ്പ്

നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ പല ഘട്ടങ്ങളിലും പരസ്യമായി തന്നെ നിലപാട് വ്യക്തമാക്കിയ നേതാവാണ് കെ ഇ ഇസ്മായിൽ.

New Update
ISMAIL BINOY

തിരുവനന്തപുരം: മധുരയിലെ പാർട്ടി കോൺഗ്രസ്സോടെ സിപിഎമ്മിന്റെ സമ്മേളനങ്ങൾ കഴിഞ്ഞു. ഇനി സിപിഐയുടെ സമ്മേളന കാലമാണ്. സെപ്റ്റംബർ എട്ട് മുതൽ പന്ത്രണ്ട് വരെ ആലപ്പുഴയിലാണ് സിപിഐ യുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്.

Advertisment

അതെ മാസം തന്നെയാണ് ചണ്ഡീഗഢിൽ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സും നടക്കുക. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മണ്ഡലം -ജില്ലാ സമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങും. 


അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ പല തീരുമാനങ്ങളെയും പാർട്ടി പ്രവർത്തകർ തന്നെ പരസ്യമായി എതിർക്കുകയും വിമർശനമുയർത്തുകയും ചെയ്യുന്ന സമീപനമാണ് ജില്ലകളിൽ നിന്നുയരുന്നത്. സമ്മേളങ്ങളിൽ മത്സരം വിലക്കാൻ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചതായും അത് സംബന്ധിച്ച നിർദേശം താഴെ ഘടകങ്ങൾക്ക് നൽകിയതുമായുള്ള വാർത്തകൾ പുറത്തു വന്നതോടെ കടുത്ത എതിർപ്പാണ് അണികൾ ഉയർത്തുന്നത്. 


വിവിധ കമ്മിറ്റികളിലേക്കും ഘടകങ്ങളിലേക്കുമുള്ള മത്സരം മുൻകൂട്ടി വിലക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആദ്യമാണെന്നും പാർട്ടിക്കുള്ളിലെ അംഗങ്ങളുടെ അവകാശം അട്ടിമറിക്കുന്ന നീക്കമാണിതെന്നുമാണ് ഭൂരിഭാഗം പ്രവർത്തകരുടെയും അഭിപ്രായം. 

binoy viswam cpi

പാലക്കാട് ഉൾപ്പെടെയുള്ള ജില്ലാ സമ്മേളനങ്ങളിലും ആലപ്പുഴയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിലും വിഭാഗീയ പ്രവർത്തനവും ഔദ്യോഗിക പാനലിനെതിരായ മത്സരവും സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

കാനം രാജേന്ദ്രന്റെ മരണത്തോടെ സംസ്ഥാന സെക്രട്ടറി പദവിയിലെത്തിയ ബിനോയ് വിശ്വത്തിന്റെ പ്രവർത്തനവും സമീപനവും പാർട്ടിക്കകത്തും പുറത്തും സ്വീകാര്യമാവുന്നില്ലെന്നാണ് സിപിഐ നേതാക്കൾ തന്നെ പറയുന്നത്. 


സംസ്ഥാന സമ്മേളനത്തിലടക്കം ഈ അതൃപ്തിയുടെ പ്രതിഫലനം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെതിരായ സസ്‌പെൻഷൻ നടപടി പോലും ഔദ്യോഗിക നേതൃത്വത്തിനെതിരെ നിൽക്കുന്നവർക്കുള്ള കൃത്യമായ സന്ദേശം നൽകലാണ് എന്ന വിലയിരുത്തലാണ് ഒരു വിഭാഗത്തിനുള്ളത്.


നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ പല ഘട്ടങ്ങളിലും പരസ്യമായി തന്നെ നിലപാട് വ്യക്തമാക്കിയ നേതാവാണ് കെ ഇ ഇസ്മായിൽ.

എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി രാജുവിന്റെ മരണത്തെ തുടർന്നുള്ള പരസ്യ പ്രസ്താവന മുൻ നിർത്തിയാണ് അദ്ദേഹത്തിനെതിരായ നടപടി എങ്കിലും ലക്ഷ്യം പാർട്ടി സമ്മേളനങ്ങളിൽ വിമത സ്വരം ഉയർത്താനിടയുള്ളവർക്കുള്ള മുന്നറിയിപ്പായാണ് പാർട്ടിയിലെ പലരും കാണുന്നത്.

ബിനോയ് വിശ്വത്തെ കാനം രാജേന്ദ്രന്റെ 'ഒസ്യത്ത്' പ്രകാരം വന്ന സെക്രട്ടറി എന്നാണ് എതിർ വിഭാഗം വിശേഷിപ്പിക്കുന്നത്. 

binoy cpi


എന്നാൽ വ്യക്തിപ്രഭാവവും സംഘടനാ പാടവവും ഉള്ള പ്രഗത്ഭർ ഇരുന്ന  സംസ്ഥാന സെക്രട്ടറി പദം ബിനോയ്  വിശ്വം സിപിഎമ്മിന് അടിയറ വെച്ചു  എന്നാണ് ഇപ്പോൾ നടന്നു വരുന്ന ലോക്കൽ സമ്മേളനങ്ങളിൽ ഉൾപ്പടെ വിമർശനം . പാലക്കാട് ജില്ലയിൽ മാസങ്ങളായി സിപിഐ കടുത്ത സംഘടനാ പ്രതിസന്ധിയിലാണ്. 


പ്രധാന പ്രവർത്തകരും നേതാക്കളുമടക്കം ചേർന്ന് രൂപീകരിച്ച സേവ് സിപിഐ ഫോറം സജീവമായി രംഗത്തുള്ളതാണ് ഔദ്യോഗിക നേതൃത്വത്തിന് തലവേദനയായി മാറിയത്.

പാലക്കാട് ജില്ലക്കാരൻ തന്നെയായ കെ ഇ ഇസ്മായിലിന് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ പാർട്ടി പദവികൾ  ഇല്ലെങ്കിലും അകത്തുള്ള ഇസ്മായിലിനോളം തന്നെ പുറത്തുള്ള ഇസ്മായിലിനെയും കരുതലോടെയായാണ് സംസ്ഥാന നേതൃത്വം വീക്ഷിക്കുന്നത്.