തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾക്കിടെ സി.പി.ഐയിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ കലാപം രൂപപ്പെടുന്നതായി സൂചന. സംസ്ഥാന സെക്രട്ടറിയെ വിമർശിച്ച് പാർട്ടി നേതാക്കൾ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നു.
പാർട്ടി നിർവ്വാഹക സമിതിയംഗം കമലാ സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ എന്നിവരാണ് ബിനോയ് വിശ്വത്തെ ശബ്ദരേഖയിൽ വിമർശിക്കുന്നത്.
ഇത്തവണത്തെ സമ്മേളനത്തിൽ രാജ്യസഭാംഗം കൂടിയായ പി.സന്തോഷ് കുമാറിനെ സെക്രട്ടറിയാക്കണമെന്ന ആവശ്യവും നേതാക്കൾ പങ്കുവെയ്ക്കുന്നുണ്ട്. സന്തോഷ് കുമാർ കമ്മ്യൂണിസ്റ്റ് മൂല്യമുള്ള ആളാണെന്നും അവർ പറഞ്ഞ് വെയ്ക്കുന്നു.
/sathyam/media/media_files/2025/04/08/0QXDjfRJVrBTevxuy1S7.jpg)
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സഹോദരി ബീന ദൈനംദിന പാർട്ടി കാര്യങ്ങളിൽ ഇടപെടുന്നുണ്ടെന്നും ഇത് അദ്ദേഹത്തിന് വിനയാകുമെന്നും സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്നും നാണം കെട്ട് ഇറങ്ങി പോകേണ്ടി വരുമെന്നും ശബ്ദരേഖയിൽ അവർ വ്യക്തമാക്കുന്നുണ്ട്.
എറണാകുളം ജില്ലയിലെ ്രപാദേശിക നേതാവായ കെ.പി വിശ്വനാഥനെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടിയെ കുറിച്ച് ഒരു വാഹനത്തിനുള്ളിൽ വെച്ചുള്ള സംസാരത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. ഇതിലൊന്നും പെടാത്ത ജില്ലയിലെ രണ്ട് പ്രാദേശിക നേതാക്കളും വണ്ടിയിലുണ്ടായിരുന്നു.
ബിനോയ് വിശ്വം പുണ്യവാളൻ ചമയുന്നുവെന്ന അതിലൊരാളുടെ പ്രസ്താവനയും ശബ്ദരേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിശ്വനാഥനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ബിനോയ് വിശ്വത്തോട് ചോദിക്കേണ്ടതില്ലെന്നും കമല വ്യക്തമാക്കുന്നു. ഗുരുവായൂർ ദേവസ്വം ബോർഡംഗമാണ് കെ.പി വിശ്വനാഥൻ.
നിലവിൽ സംസ്ഥാനമൊട്ടാകെ പാർട്ടി മണ്ഡലം സമ്മേളനങ്ങൾ നടക്കുന്ന സമയമാണിത്. പിന്നാലെ വരുന്ന ജില്ലാ സമ്മേളനങ്ങളിൽ ബിനോയ് പക്ഷത്തെ പ്രമുഖരെ അവഗണിച്ച് ഭൂരിഭാഗം ജില്ലകളും പിടിക്കാനാണ് ബിനോയ് വിരുദ്ധ പക്ഷത്തിന്റെ നീക്കം.
/sathyam/media/media_files/2025/02/22/yIMdDz0xBvy3Jz22O4yH.jpg)
സംസ്ഥാനത്തെ പാർട്ടിക്കുള്ളിൽ കുറച്ച് നാളുകളായി ബിനോയിക്കെതിരെ നീക്കമുണ്ട്. എന്നാൽ അത് പരസ്യമായി ആരും പ്രകടിപ്പിച്ചിട്ടില്ല. നിലവിൽ എറണാകുളം, പാലക്കാട്, കൊല്ലം, പത്തനംതിട്ട അടക്കം ജില്ലകളിലും പാർട്ടി വിഭാഗീയത നിലനിൽക്കുകയാണ്.
എറണാകുളത്തെ മുൻ ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ അസ്വസ്ഥതകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
നിലവിൽ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന ബിനോയ്‌ക്കെതിരായ പക്ഷത്തിന് രൂപം നൽകാൻ സംഘടിതമായ നീക്കം നടന്നിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ ബിനോയ് വിശ്വത്തിന് എതിരായ നീക്കത്തിന് ചൂടുപിടിക്കുകയാണ്.