സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശന വേലിയേറ്റം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തം, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല. ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച രീതിയിലല്ല സര്‍ക്കാരിന്റെ മുന്നോട്ട് പോക്ക്. സര്‍ക്കാരിനെതിരായ വികാരമാണ് ലോകസഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയുടെ പ്രധാന കാരണമെന്നും വിമര്‍ശനം

ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി ജി.ആര്‍.അനിലും കൃഷി മന്ത്രി പി.പ്രസാദുമാണ് സി.പി.ഐ മന്ത്രിമാരില്‍ കൂടുതല്‍ വിമര്‍ശനത്തിന് പാത്രമാകുന്നത്.

New Update
Untitledgggg

തിരുവനന്തപുരം: സി.പി.ഐ ജില്ലാ സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശന വേലിയേറ്റം. ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ച രീതിയലല്ല സര്‍ക്കാരിന്റെ മുന്നോട്ട് പോക്കെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നുമാണ് സി.പി.ഐ സമ്മേളനങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല.

Advertisment

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണം തിരഞ്ഞെടുപ്പില്‍ അടക്കം മുന്നണിക്ക് തിരിച്ചടി ഉണ്ടാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണ് ലോകസഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയുടെ പ്രധാന കാരണമെന്നും വിമര്‍ശനമുണ്ട്. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നല്ലൊരു പങ്കും ഏറ്റുവാങ്ങുന്നത് പാര്‍ട്ടി മന്ത്രിമാരാണ്.


pinarayi

പാര്‍ട്ടി മന്ത്രിമാരില്‍ റവന്യു മന്ത്രി കെ. രാജന്‍ ഒഴികെ മറ്റാരും പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെക്കുന്നില്ലെന്നാണ് ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ കുറ്റപ്പെടുത്തല്‍.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തൃശൂര്‍ ജില്ലാ സമ്മേളനത്തിലും പൂര്‍ത്തിയായ ആലപ്പുഴ,വയനാട് ജില്ലാ സമ്മേളനങ്ങളിലും ഒരേ തോതിലുളള വിമര്‍ശനമാണ് അരങ്ങേറിയത്.

ഭക്ഷ്യ സിവില്‍ സപ്‌ളൈസ് മന്ത്രി ജി.ആര്‍.അനിലും കൃഷി മന്ത്രി പി.പ്രസാദുമാണ് സി.പി.ഐ മന്ത്രിമാരില്‍ കൂടുതല്‍ വിമര്‍ശനത്തിന് പാത്രമാകുന്നത്.

പൊതുവിതരണ സ്റ്റോറുകളില്‍ സാധനങ്ങളില്ലാത്തതും പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികളില്ലാത്തതും നെല്ലിന്റെ സംഭരണവില കുടിശികയാകുന്നതും ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിനെ സി.പി.ഐ സമ്മേളനങ്ങളില്‍ നിര്‍ത്തി പൊരിക്കുന്നത്. ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവര്‍ത്തകര്‍ പോലും മറുപടി പറയേണ്ട അവസ്ഥയാണ്. 

സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാത്തത് സാധാരണ ജനങ്ങളെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്നു. സപ്ലൈകോയില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പണം ചോദിച്ചു വാങ്ങുന്നതിന് പാര്‍ട്ടി നേതൃത്വത്തിനും കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്. കാര്‍ഷിക മേഖലയുടെ മുരടിപ്പും കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിലും വിപണനത്തിലുമുളള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കൃഷി വകുപ്പ് വിമര്‍ശിക്കപ്പെടുന്നത്.

p prasad cpi


പി പ്രസാദിന്റെ പ്രവര്‍ത്തനം വിഎസ് സുനില്‍കുമാറിനൊപ്പമെത്തുന്നില്ല എന്ന വിമര്‍ശനവും ജില്ലാ സമ്മേളന വേദികളില്‍ ഉയരുന്നുണ്ട്. ഇങ്ങനെയൊരു മന്ത്രി തന്നെയുണ്ടോ എന്ന ചോദ്യമാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നേരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്നത്.


റവന്യു മന്ത്രി കെ.രാജന്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സമ്മേളനങ്ങളില്‍ പൊതുവേ ഉയരുന്ന അഭിപ്രായം. ഭാരതാംബയുടെ ഫോട്ടെയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ എതിര്‍ത്ത സംഭവത്തില്‍ മന്ത്രി പി.പ്രസാദിന് ജില്ലാ സമ്മേളനങ്ങളില്‍ വലിയ അഭിനന്ദനവും ലഭിക്കുന്നുണ്ട്.

ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് പി.പ്രസാദ് നടത്തിയ ഇടപെടലാണ് പുതിയ ഗവര്‍ണറുടെ സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടിയതെന്നാണ് ജില്ലാ സമ്മേളന പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്.

ആദ്യഘട്ടത്തില്‍ ഇടപെടാന്‍ മടിച്ചുനിന്ന സി.പി.എമ്മിനും അവരുടെ മന്ത്രിമാര്‍ക്കും പിന്നീട് ആ നിലപാടിലേക്ക് വരേണ്ടി വന്നുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകള്‍ക്ക് പണം നല്‍കുന്നില്ല എന്ന് ആരോപിച്ചാണ് വിമര്‍ശനം.


സിപിഐ മന്ത്രിമാരുടെ വകുപ്പുകളോട് പ്രതിസന്ധി പറയുന്ന മന്ത്രി സിപിഎം വകുപ്പുകള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്നാണ് ആക്ഷേപം. സിപിഐ വകുപ്പുകള്‍ക്ക് പണം അനുവദിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് മന്ത്രിസഭയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചോദിക്കുന്നുണ്ട്.


kn balagopal

സി.പി.ഐ  സമ്മേളനങ്ങളിലെ പതിവ് പാലിച്ചുകൊണ്ട് പൂര്‍ത്തിയായ എല്ലാ ജില്ലാ സമ്മേളനങ്ങളിലും സി.പി.എമ്മിനെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്.

തൃശൂര്‍ ജില്ലാ സമ്മേളനത്തിലാണ് സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനം നടന്നത്. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പിയുടെ ജയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, ലോകസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങ് ദിവസം ഇ.പി.ജയരാജന്‍ നടത്തിയ പരാമര്‍ശം തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് സി.പി.ഐയുടെ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ സി.പി.എമ്മിനെതിരെ വിമര്‍ശനം നടന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് തൃശൂര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാര്‍ സുരേഷ് ഗോപിയോട് തോറ്റത് പാര്‍ട്ടിയുടെ പ്രതീക്ഷകളെ തകിടം മറിച്ചു.


ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാടാണ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ പേജുകളും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകക്കെടുത്താണ് 2019ന് ശേഷമുളള 5 വര്‍ഷക്കാലം ബിജെപി തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.


ഇടതുപക്ഷത്തിന് സ്ഥിരമായി  വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകള്‍ പോലും എന്‍ഡിഐക്ക് ലഭിച്ചതാണ് സുരേഷ് ഗോപിയുടെ ജയത്തില്‍ കലാശിച്ചത്. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ പ്രത്യേക പ്രവര്‍ത്തനം നടത്തി.

vs sunil kumar

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് തടസപ്പെട്ടത് എല്‍ഡിഎഫിന് എതിരായി ഉപയോഗിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതായും പ്രവര്‍ത്തന റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.


ലോകസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ്ങ് ദിവസം എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ നടത്തിയ വാര്‍ത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റിയതായും വിമര്‍ശനമുണ്ട്. തൃശൂരില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചയുണ്ടായി.


വോട്ടു ചേര്‍ക്കണമെന്ന് ബൂത്ത് കമ്മിറ്റികളോട് മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ ഗുരതര വീഴ്ചയാണ് സംഭവിച്ചത്. സാമ്പ്രദായികമായുള്ള എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മാറ്റം വേണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Advertisment