തലസ്ഥാന ജില്ലയിലെ സി.പി.ഐ 'നായർ പാർട്ടി'യെന്ന് ആരോപിച്ച് ലഘുലേഖ അടിച്ചിറക്കി ഒരുവിഭാ​ഗം നേതാക്കൾ. 65 അംഗ ജില്ലാ കൗൺസിലിൽ 35 പേരും നായർ സമുദായക്കാർ. പാർട്ടി കെട്ടിപ്പടുക്കാൻ ത്യാഗം ചെയ്ത ഈഴവർക്ക് പുല്ലുവില. സർക്കാർ പദവികളിലുള്ളവരുടെ കണക്കിലും നായർ സമുദായം മുന്നിൽ. നായർ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥി നേതാക്കൾ കൊമ്പത്തെത്തിയെന്നും ആരോപണം. ജാതി പോരിനിടെ നാളെ ജില്ലാ സമ്മേളനം

New Update
CPI

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സി.പി.ഐ നായർ പാർട്ടിയാണെന്ന വിമർശനവുമായി ലഘുലേഖ. ജില്ലാ സമ്മേളനത്തിന് നാളെ പതാക ഉയരാനിരിക്കെ, പാർട്ടി നേതാക്കളുടെ ഒത്താശയിൽ തയാറാക്കി പ്രചരിപ്പിക്കുന്ന ലഘുലേഖയിലാണ് തിരുവനന്തപുരം ജില്ലയിലെ സിപിഐ നായർ മേധാവിത്വമുളള പാർട്ടിയാണെന്ന ആരോപണമുളളത്.

Advertisment

ജില്ലയിൽ പാർട്ടി കെട്ടിപ്പടുക്കാൻ യത്നിച്ച ഈഴവ, പിന്നോക്ക സമുദായങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയാണ് ലഘുലേഖ മുന്നോട്ടുവെക്കുന്നത്. 


സമുദായ പ്രാതിനിധ്യം പാലിച്ച് മുന്നോട്ട് പോകാനായില്ലെങ്കിൽ ജില്ലയിലെ സി.പി.ഐ നായർ കരയോഗം കമ്മിറ്റിയായി മാറുമെന്നാണ് പാർട്ടിക്കാർക്കിടയിൽ പ്രചരിക്കുന്ന ലഘുലേഖയിലെ മുന്നറിയിപ്പ്.


ജില്ലാ സമ്മേളനം നടക്കാനിരിക്കെ പാർട്ടിയിൽ രൂപപ്പെട്ടിരിക്കുന്ന ജാതിപ്പോര് സമ്മേളനത്തിലെ പൊതുചർച്ചയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

1CPI

പാർട്ടിയിലെ അധികാര പദവികളിൽ മാത്രമല്ല സർക്കാർ പദവികളിലേക്ക് ജില്ലയിൽ നിന്ന് നിയമിക്കപ്പെട്ട പാർട്ടി പ്രതിനിധികളിലും ഭൂരിപക്ഷം പേരും നായർ സമുദായത്തിൽ നിന്നുളളവരാണെന്നാണ് ലഘുലേഖയിലെ ആക്ഷേപം.

പാർട്ടിയിലെ ഓരോ കമ്മിറ്റികളിലും അധികാര പദവികളിലും ഇരിക്കുന്ന എല്ലാ നേതാക്കളുടെയും ജാതി തിരിച്ചുളള പട്ടിക അടങ്ങുന്നതാണ് ലഘുലേഖ. തിരുവനന്തപുരം ജില്ലയിലെ സി.പി.ഐയിൽ 65 അംഗ ജില്ലാ കൌൺസിലാണ് നിലവിലുളളത്.


ഇതിൽ 35 പേരും നായർ സമുദായത്തിൽ നിന്നുളളവരാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടാണ് ലഘുലേഖ, ജില്ലയിലെ പാർട്ടി 'നായർ പാർട്ടി' ആണെന്ന് ആരോപിക്കുന്നത്. 


ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും അസിസ്റ്റൻറ് സെക്രട്ടറി പളളിച്ചൽ വിജയനും നായർ സമുദായത്തിൽ പെട്ടവരാണ്. ജില്ലാ കൌൺസിൽ അംഗങ്ങളിൽ ഈഴവ വിഭാഗത്തിൽ നിന്ന് വെറും പത്തിൽ താഴെ അംഗങ്ങൾ മാത്രമാണുളളത്.

ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്തതും ത്യാഗങ്ങൾ അനുഭവിച്ചവരും ഈഴവ സമുദായത്തിൽ നിന്നുളളവരാണ്. ഇക്കാര്യത്തിൽ നായർ സമുദായത്തിന് എന്ത് പങ്കാണുളളതെന്നും ലഘുലേഖ ചോദിക്കുന്നു.

നായർ സമുദായത്തിൽപ്പെട്ടവരിൽ 90 ശതമാനവും ബി.ജെ.പിയോ കോൺഗ്രസോ ആണെന്നും ലഘുലേഖ ആരോപിക്കുന്നു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവിലും നായർ ഭൂരിപക്ഷമാണെന്നും ലഘുലേഖയിൽ ആരോപണമുണ്ട്.

2CPI


18 അംഗ ജില്ലാ എക്സിക്യൂട്ടിവിൽ 11 പേരും നായർ വിഭാഗത്തിൽ നിന്നാണ്. ഈഴവ വിഭാഗത്തിൽ നിന്ന് രണ്ടുപേരും നാടാർ വിഭാഗത്തിൽ നിന്ന് ഒരാളും മാത്രമാണ് എക്സിക്യൂട്ടീവിലുളളത്.


സി.പി.ഐയുടെ ജില്ലാ നേതൃത്വം കരയോഗം കമ്മിറ്റിയായി കഴിഞ്ഞുവെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്നും ലഘു ലേഖ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് നിന്ന് സംസ്ഥാന കൌൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും നായർ സമുദായത്തിൽപ്പെട്ടവരാണെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന കൌൺസിൽ അംഗങ്ങളിൽ 11 പേരാണ് നായർ സമുദായത്തിൽ നിന്നുളളത്. ഈഴവ സമുദായത്തിനും പട്ടികജാതി-വർഗ വിഭാഗത്തിനും രണ്ടുവീതം പ്രാതിനിധ്യം മാത്രമേയുളളു. 

ജില്ലയിൽ നിന്ന് സർക്കാർ പദവികൾ ലഭിച്ചവരുടെ കണക്കും ലഘുലേഖയിൽ അക്കമിട്ടു പറയുന്നുണ്ട്. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, പി.എസ്.സി അംഗം വിജയകുമാരൻ നായർ, കർഷക കടാശ്വാസ കമ്മീഷൻ അംഗം വേണുഗോപാലൻ നായർ,

വനിതാ കമ്മീഷൻ അംഗം ഇന്ദിരാ രവീന്ദ്രൻ, ഭക്ഷ്യ കമ്മീഷൻ അംഗം ദിലീപ്, മിൽമ ബോർഡ് അംഗം നന്ദിയോട് വേണുഗോപാലൻ നായർ, ജില്ലയിൽ നിന്നുളള മന്ത്രി ജി.ആർ അനിൽ എന്നിവരെല്ലാം നായർ  സമുദായത്തിൽ നിന്നുളളവരാണെന്നാണ് ലഘുലേഖയിൽ പറയുന്നത്.


മന്ത്രിയുടെ ഓഫീസിലെ പഴ്സണൽ സ്റ്റാഫുകൾ, ബോർഡ് കോർപ്പറേഷൻ സ്റ്റാഫുകൾ, പബ്ളിക് പ്രോസിക്യൂട്ടർമാർ, അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ടർമാർ തുടങ്ങി സഹകരണ ബാങ്കിലെ നിയമനത്തിൽ വരെ സമ്പൂർണ നായർ ആധിപത്യമാണെന്നാണ് ആക്ഷേപം.


പൊതു വിഭവം പങ്കുവെയ്ക്കലിൽ നായർ-സവർണ  വിഭാഗം മേൽക്കൈ നേടുമ്പോൾ ഈഴവ പിന്നാക്ക വിഭാഗങ്ങൾ ബോധപൂർവം തഴയപ്പെടുകയാണെന്നാണ് ലഘുലേഖയിലെ വിമർശനം. 

ജില്ലയിൽ പാർട്ടി ഉണ്ടാക്കിയ ഈഴവ വിഭാഗത്തിൽ നിന്നുളള സി.ദിവാകരനെ കാനം രാജേന്ദ്രൻെറ കാലത്ത് തന്നെ വെട്ടി ഒതുക്കി വെച്ചിരിക്കുകയാണ്.

cc873e36-7e9c-4914-ae62-0d674d505442 (1)

ആർ.എസ്.പിയിൽ നിന്ന് സി.പി.ഐയിലേക്ക് വന്നപ്പോൾ കോടിക്കണക്കിന് രൂപ മൂല്യം വരുന്ന തമ്പാനൂരിൻെറ ഹൃദയഭാഗത്തുളള ഓഫീസും സ്ഥലവും പാർട്ടിക്ക് സംഭാവന ചെയ്ത കെ.പി. ശങ്കരദാസിനെയും വെട്ടി മൂലക്കിരുത്തിയിരിക്കുകയാണ്.

എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുകയും ക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ജെ.അരുൺബാബു പാർട്ടിയിൽ ഒരിടത്തുമില്ല.


ഈഴവ വിഭാഗമായത് കൊണ്ട് മാത്രമാണ് തഴയപ്പെട്ടത് എന്നതാണ് ലഘുലേഖയിലെ ആരോപണം. നായർ വിഭാഗത്തിൽ നിന്നുളള വിദ്യാർത്ഥി നേതാക്കൾ കൊമ്പത്തെത്തിയെന്നും ആരോപണമുണ്ട്.


നാളെയാണ് സി.പി.ഐയുടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് പതാക ഉയരുന്നത്. ഒരു ടേം മാത്രം പിന്നിട്ട മാങ്കോട് രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയായി തുടരുമെന്ന് ഏതാണ്ട് ഉറപ്പാണ്.

എന്നാൽ ജില്ലാ കൌൺസിൽ തിരഞ്ഞെടുപ്പിൽ സാമുദായിക സംതുലനവും യുവ പ്രാതിനിധ്യവും പരിഗണിച്ചില്ലെങ്കിൽ മത്സരം നടക്കാനാണ് സാധ്യത.

ഇതിനുളള ആസൂത്രണം അണിയറയിൽ സജീവമാണ്. ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായ ശേഷം പാർട്ടിയാകെ കുത്തഴിഞ്ഞു എന്ന പ്രതീതിയുണ്ട്.


കൊല്ലം സമ്മേളനത്തിലെ വിമർശനത്തിൻെറ ചുവടുപിടിച്ച് ബിനോയ് വിശ്വത്തിനെതിരായ ശക്തമായ വിമർശനത്തിനും തിരുവനന്തപുരം സമ്മേളനത്തിൽ സാധ്യതയുണ്ട്.


കാനം രാജേന്ദ്രൻെറ നിര്യാണത്തോടെ ജില്ലയിലെ സിപിഐയിലെ ശാക്തിക ചേരിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. പഴയ ഇസ്മയിൽ പക്ഷക്കാരൻ ആണെങ്കിലും കാനത്തോട് വിധേയപ്പെട്ട് നിന്നിരുന്ന മന്ത്രി ജി.ആർ.അനിലിന് ബിനോയ് വിശ്വത്തോട് ആ മമതയില്ല.

മന്ത്രി അനിലിൻെറ ഈ നിലപാടും ജില്ലാ സമ്മേളനത്തിൽ പ്രതിഫലിക്കും. ജാതിപ്പോരും ഗ്രൂപ്പുപോരും കടുക്കുകയാണെങ്കിലും ജില്ലയിലെ സി.പി.ഐയുടെ സാന്നിധ്യം പിന്നോട്ടാണ്.

പാറശാല, നെയ്യാറ്റിൻകര പോലുളള പ്രദേശങ്ങളിൽ പാർട്ടിയില്ല എന്നതാണ് സ്ഥിതി. നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് സി.പി.ഐക്ക് പോക്കറ്റുകളുളളത്.

Advertisment