/sathyam/media/media_files/wMR7AvYvOITbTMdLLQlH.jpg)
തിരുവനന്തപുരം: വയനാട് തുരങ്ക പാത നിർമ്മാണത്തിൽ എതിർപ്പുമായി സി.പി.ഐ. നൂറുകണക്കിനാളുകളുടെ ജിവനെടുത്ത ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിലാണ് താമരശേരി ചുരത്തിന് സമാന്തരമായി നിർമ്മിക്കുന്ന വയനാട്ടിലേക്കുളള ബദൽ റോഡ് ആയ തുരങ്കപാത നിർമ്മാണത്തെ സി.പി.ഐ എതിർക്കുന്നത്.
തുരങ്ക പാത നിർമ്മാണത്തിൽ ശാസ്ത്രീയ പഠനം വേണമെന്നാണ് പാർട്ടി നിലപാടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. വേണ്ടത്ര ശാസ്ത്രീയ പഠനമില്ലാതെ പാത നിർമ്മാണവുമായി സർക്കാർ മുന്നോട്ട് പോകരുത്. പഠനം ഇല്ലാതെ മുന്നോട്ടു പോയാൽ ജനങ്ങളിൽ ആശങ്ക ഉണ്ടാകുമെന്നും ബിനോയ് വിശ്വം പരസ്യമായി പ്രഖ്യാപിച്ചു.
ഇതോടെ ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വയനാട് ബദൽ തുരങ്ക പാതയുടെ ഭാവി ആശങ്കയിലായി. ദുരന്തത്തിൻെ പശ്ചാത്തലത്തിൽ വയനാട് തുരങ്കപാത പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന അഭിപ്രായം മുഖ്യമന്ത്രി തളളിക്കളഞ്ഞതിന് മറുപടിയായാണ് ബിനോയ് വിശ്വം ഈ പ്രഖ്യാപനം നടത്തിയത്.
തുരങ്കപാതയിൽ പുനരാലോചന വേണമെന്ന ബിനോയ് വിശ്വത്തിൻെറ അഭിപ്രായത്തെ മുഖ്യമന്ത്രി ചിരിച്ചു തളളുകയാണ് ചെയ്തത്. തുരങ്കപാതയുടെ ഭാഗമായ എല്ലാ പഠനങ്ങളും നേരത്തെ നടന്നിട്ടുണ്ടെന്നും എല്ലാ സ്ഥലത്തും തുരങ്ക പാതയുണ്ടല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുരങ്കങ്ങൾ മറ്റേതെങ്കിലും ദുരന്തത്തിന് വഴിവെയ്ക്കുന്നതായിട്ടല്ല ലോകം കണ്ടിട്ടുളളത്. ഇതൊരു പഠന വിഷയമാണെന്നും നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് 2020-ലാണ് വയനാട് ചുരത്തിന് സമാന്തര പാത നിർമ്മിക്കുന്നുവെന്ന് അറിയിച്ച് കൊണ്ട് തുരങ്ക പാത പ്രഖ്യാപിച്ചത്. 2020 ഓക്ടോബറിൽ നൂറ് ദിന കർമ്മപരിപാടികളുടെ ഭാഗമായാണ് നിർമാണോദ്ഘാടനം നടന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിലെ മറിപ്പുഴയിൽ നിന്ന് തുടങ്ങി വനത്തിലൂടെ മലതുരന്ന് മേപ്പാടിയിലെ കളളാടിയിൽ അവസാനിക്കുന്ന തരത്തിലാണ് തുരങ്കപാത വിഭാവനം ചെയ്തിരിക്കുന്നത്.
എന്നാൽ കിഫ്ബിയിൽ നിന്നുളള സഹായത്തോടെ 2134 കോടി രൂപ ചെലവിട്ടാണ് പാത നിർമ്മിക്കുന്നത്. നിർമാണത്തിൻെറഭാഗമായി ഒരുകല്ല് പോലുംവെച്ചിട്ടില്ലെങ്കിലും പാത നിലവിൽവന്നത് പോലെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ് കാലത്തെ സി.പി.എമ്മിൻെറ പ്രചരണം.
തുരങ്ക പാത അവസാനിക്കുന്ന വയനാട്ടിലെ കളളാടിയിൽ നിന്ന് ദുരന്തം നടന്ന ചൂരൽമല മുണ്ടക്കൈ മേഖലയിലേക്ക് ഏതാനം കിലോമീറ്റർ മാത്രമേ ദൂരമുളളു. പാരിസ്ഥിതികമായി ഏറെ ദുർബലമായ പ്രദേശത്തിലൂടെയുളള തുരങ്ക നിർമാണത്തിന് മലതുരക്കേണ്ടി വരും.
ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ഇത് ഏറെ അപകടങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് പ്രദേശ വാസികളും പരിസ്ഥിതി പ്രവർത്തകരും പ്രകടിപ്പിക്കുന്ന ആശങ്ക.
കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിൽ നിന്ന് വയനാട്ടിലെ കളളാടി വരെയുളള പാതയുടെ ദൈർഘ്യം 16 കിലോമീറ്ററാണ്.ഇത്രയും ദൂരത്തിൽ 6.8 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെയാകും പാത കടന്ന് പോകുക.കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.
വയനാട് തുരങ്കപാത നിർമ്മാണത്തിന് എതിരെ ശക്തമായ നിലപാടുമായി സി.പി.ഐ രംഗത്ത് വന്നതോടെ പദ്ധതിയുമായി മുന്നോട്ടുപോകുക സർക്കാരിന് എളുപ്പമല്ല. മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സി.പി.ഐയുടെ അഭിപ്രായം അവഗണിച്ചാൽ അത് രാഷ്ട്രീയമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. നാനൂറോളം പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ ശാസ്ത്രീയ പഠനം ഇല്ലാതെ പാത നിർമ്മാണവുമായി മുന്നോട്ടുപോകരുതെന്ന സി.പി.ഐയുടെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും.
നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് മുന്നിൽ നിന്ന് പാത നിർമ്മാണവുമായി മുന്നോട്ടുപോയാൽ സർക്കാരിനും അത് തിരിച്ചടിയാണ്. പാരിസ്ഥിതിക വിഷയത്തിൽ സി.പി.ഐ പ്രകടിപ്പിച്ച കർശനമായ നിലപാടുകൾ കൊണ്ട് മുൻപും പല പദ്ധതികൾ സി.പി.എമ്മിന് ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. സൈലൻറ് വാലി വനമേഖലയിലെ പാത്രക്കടവ് കേന്ദ്രീകരിച്ച് ജലവൈദ്യുത പദ്ധതി കൊണ്ടുവരാൻ 2006ലെ വി.എസ് സർക്കാരിൻെറ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന എ.കെ. ബാലൻ മുൻകൈയ്യെടുത്തിരുന്നു.
അന്ന് സൈലന്റ് വാലി ബഫർസോൺ പ്രഖ്യാപിച്ച് കൊണ്ടാണ്, ഏറെ പാരിസ്ഥിതിക നാശം സംഭവിക്കുമെന്ന് കരുതപ്പെട്ടിരുന്ന പാത്രക്കടവ് പദ്ധതിക്ക് സി.പി.ഐ ഭരിക്കുന്ന വനംവകുപ്പ് തടയിട്ടത്. ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു അന്നത്തെ വനം മന്ത്രി.
ഒന്നാം പിണറായി സർക്കാരിൻെറ കാലത്ത് അതിരപ്പളളി ജല വൈദ്യുത പദ്ധതിക്ക് വേണ്ടിയും സി.പി.എം അനുമതിയോടെ വൈദ്യുതി ബോർഡ് ശ്രമം നടത്തിയിരുന്നു. എന്നാൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻെറ കർശനമായ നിലപാടിനെ തുടർന്ന് സി.പി.എമ്മിന് പദ്ധതിയിൽ നിന്ന് പിന്മാറേണ്ടി വന്നു. ഈ അനുഭവം തന്നെയാകുമോ വയനാട് തുരങ്ക പാതയേയും കാത്തിരിക്കുന്നതെന്നാണ് അറിയാനുളളത്.