വിവാദങ്ങളില്‍ കണ്ണൂരിലെ സിപിഎം ആടിയുലയുമ്പോൾ വിമര്‍ശനവുമായി സിപിഐ; കണ്ണൂരില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം; സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് പൊറുക്കാവുന്നതല്ലെന്നും വിമര്‍ശനം; മനു തോമസിനെ അനുയിപ്പിക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്

ജില്ലയിലെ പാർട്ടി നേതാക്കളുടെ സ്വർണക്കടത്ത് - മാഫിയാ ബന്ധവും ക്വട്ടേഷൻ ബന്ധവും പുറത്തായ വിവാദത്തിൽ മാധ്യമങ്ങളെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നതിനിടെ സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ

New Update
1 binoy viswam

കണ്ണൂ‍ർ: ജില്ലയിലെ പാർട്ടി നേതാക്കളുടെ സ്വർണക്കടത്ത് - മാഫിയാ ബന്ധവും ക്വട്ടേഷൻ ബന്ധവും പുറത്തായ വിവാദത്തിൽ മാധ്യമങ്ങളെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നതിനിടെ സി.പി.എമ്മിനെ വെട്ടിലാക്കി സി.പി.ഐ. കണ്ണൂരില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ പ്രസ്താവന, എങ്ങനെ എങ്കിലും ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന വിവാദം ആളിക്കത്തിക്കുകയാണ്.

Advertisment

കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു.  

കണ്ണൂരിലെ സി.പി.എമ്മിൻെറ എല്ലാ ദൗ‍ർബല്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ബിനോയ് വിശ്വത്തിൻെറ പ്രസ്താവന അക്ഷരാർത്ഥത്തിൽ ലക്ഷ്യവേധിയായി. ബിനോയ് വിശ്വത്തിൻെറ ഇടപെടലോടെ സി.പി.എം ഒതുക്കി തീ‍ർക്കാൻ ശ്രമിച്ച വിവാദം മുന്നണിയുടെയും വിഷയമായി മാറി. എന്നാൽ വിവാദം ആളിക്കത്തുന്നത് തടയാൻ പാർട്ടിക്കകത്ത് അനുര‍ഞ്ജനത്തിൻെറ വഴി തുറക്കാനാണ് സി.പി.എം കണ്ണൂ‍ർ ജില്ലാ നേതൃത്വത്തിൻെറ പരിശ്രമം. ജില്ലാ സെക്രട്ടേറിയേറ്റിന് ശേഷം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ തുറന്ന് പറച്ചിൽ നടത്തിയ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ്‌ മനു തോമസിനെതിരെ വിമർശനമില്ല.

സംസ്ഥാന കമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പി. ജയരാജനും മകനും എതിരെ തുറന്നു പറച്ചിൽ നടത്തിയിട്ടും മനു തോമസ് സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയണം എന്നു മാത്രമാണ് പറയുന്നത്. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നതിൽ നിന്ന് മനു തോമസിനെ പിന്തിരിപ്പിക്കാനാണ് ഈ കരുതലെന്ന്  വ്യക്തമാണ്.


മനു തോമസിൻെറ  തുറന്ന് പറച്ചിലിന് പ്രേരണയായ പി. ജയരാജൻെറ ഫേസ് ബുക്ക് പോസ്റ്റിൽ മനുവിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും ഏറ്റെടുക്കാൻ ജില്ലാ സെക്രട്ടേറിയേറ്റ് തയാറിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


മുതിർന്ന നേതാവായ പി.ജയരാജൻ ഉന്നയിച്ച കാര്യങ്ങളെക്കാൾ ജില്ലാ നേതൃത്വം ശ്രദ്ധിക്കുന്നത് മനുവിനെ അനുനയിപ്പിക്കാനാണ് എന്നും  ഇത് വ്യക്തമാക്കി തരുന്നുണ്ട്. പി. ജയരാജനും മകനും എതിരെ മനുതോമസ് ഉന്നയിച്ച സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധത്തെ കുറിച്ചുളള ആരോപണം നിഷേധിക്കാനും ജില്ലാ സെക്രട്ടേറിയേറ്റ് തയാറായിട്ടില്ല എന്ന് കാണുമ്പോഴാണ് മനു തോമസിൻെറ തുറന്നുപറച്ചിലിനെ കണ്ണൂർ ജില്ലാ നേതൃത്വം എത്ര ഭയപ്പെടുന്നുവെന്ന് തിരിച്ചറിയാനാകുക.

മനു തോമസിനോട് പുലർത്തുന്ന മൃദു സമീപനം എന്നാൽ പി. ജയരാജനോട് കാണിച്ചിട്ടില്ല. പി. ജയരാജൻെറ മകൻെറ നേതൃത്വത്തിൽ നടക്കുന്ന അദ്ദേഹത്തിൻെറ ആരാധക കൂട്ടങ്ങളുടെ സൈബർ പേജുകളെയെല്ലാം ജില്ലാ സെക്രട്ടേറിയേറ്റ് തളളി പറഞ്ഞു.

സോഷ്യമീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും, ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല എന്നിങ്ങനെ താക്കീതിൻെറ സ്വരത്തിലാണ് സൈബർ സംഘങ്ങളോട് ജില്ലാ സെക്രട്ടേറിയേറ്റിൻെറ പ്രസ്താവന പ്രതികരിക്കുന്നത്.

ഫേസ്ബുക്ക് പേജിലൂടെ വധ ഭീഷണി മുഴക്കുകയും മറ്റും ചെയ്ത സൈബർ സംഘങ്ങളെ ആര് അതിന് ചുമതലപ്പെടുത്തി എന്ന് മനു തോമസ് മാധ്യമങ്ങളിലൂടെ ചോദിച്ചിരുന്നു. സൈബർ സംഘങ്ങൾക്ക് പിന്തുണയില്ലെങ്കിൽ എന്തുകൊണ്ട് അവരെ തളളിപ്പറയുന്നില്ലെന്നും മനു തോമസ് ചോദിച്ചിരുന്നു. അത് കണക്കിലെടുത്താണ് പി. ജയരാജൻെറ ആരാധക വൃന്ദത്തിൻെറ മുൻകൈയ്യിൽ നടക്കുന്ന സൈബർ പേജുകളെ ജില്ലാ സെക്രട്ടേറിയേറ്റ് തളളിപ്പറഞ്ഞതെന്നാണ് സൂചന.

 മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ വിഷയം എങ്ങനെയെങ്കിലും ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതിനിടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിറക്കിയത് സി.പി.എമ്മിന് കനത്ത അടിയായി.

" കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെ നിന്ന് സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകള്‍ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണ്. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കള്‍ക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്നുവോയെന്ന് ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.

അവരില്‍ നിന്ന് ബോധപൂര്‍വം അകല്‍ച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാന്‍ ആകൂ. പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതി കാണിക്കാന്‍  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി  അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കും''' ഇതാണ് ബിനോയ് വിശ്വത്തിൻെറ പ്രസ്താവനയുടെ പൂർണ രൂപം.

Advertisment