/sathyam/media/media_files/2025/03/17/R0nnak0VbRwtg490dkq3.jpg)
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിലെ വിമത നീക്കത്തിന് തടയിടാൻ എല്ലാ ശ്രമങ്ങളുമായി സിപിഐ സംസ്ഥാന നേതൃത്വം.
കാനം രാജേന്ദ്രൻെറ പകരക്കാരനായി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിയ ബിനോയ് വിശ്വത്തിൻെറ ശൈലിയോട് പാർട്ടിക്കകത്ത് നില നിൽക്കുന്ന അതൃപ്തി ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ വിമത നീക്കമായി മാറുമോയെന്ന ആശങ്കയിലാണ് ബദൽ നീക്കങ്ങൾ.
സംസ്ഥാന കൗൺസിൽ യോഗത്തിലെ മറുപടി പ്രസംഗത്തിൽ വിമത നീക്കത്തിന് പിന്തുണ കൊടുക്കാൻ സാധ്യതയുളള നേതാക്കളെ ലക്ഷ്യം വെച്ച് ബിനോയ് വിശ്വം അന്ത്യശാസനം നൽകിയെന്ന് പ്രചരിപ്പിക്കുന്നതാണ് ഒരു നീക്കം.
വിഭാഗീയത നിലനിന്നിരുന്ന ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിഭാഗീയത ജില്ലാ സമ്മേളനങ്ങളോടെ അവസാനിച്ചെന്നും വിമത നീക്കം നടത്തമെന്ന മോഹവുമായി ആരെങ്കിലും ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലേക്ക് വന്നാൽ കളിമാറുമെന്നാണ് ബിനോയ് വിശ്വം നൽകിയിരിക്കുന്ന അന്ത്യ ശാസനം എന്നാണ് പ്രചരണം.
സംസ്ഥാന കൗൺസിലിൽ പ്രവർത്തന റിപോർട്ടിൻെറ കരട് അംഗീകരിക്കുന്നത് സംബന്ധിച്ച ചർച്ചക്ക് മറുപടി പറയുമ്പോഴാണ് വിമതർക്ക് മുന്നറിയിപ്പ് നൽകിയതെന്നാണ് പറയുന്നതെങ്കിലും യോഗത്തിൽ അങ്ങനെയൊന്ന് സംഭവിച്ചില്ലെന്നാണ് നേതാക്കൾ ഉറപ്പിച്ച് പറയുന്നത്.
സംസ്ഥാന നേതൃത്വം തന്നെ പ്രധാന ചാനലുകളിൽ പ്ലാൻറ് ചെയ്ത വാർത്ത സംസ്ഥാന കൗൺസിലിൽ സംഭവിച്ചതല്ലെന്ന ചർച്ച ചെവിയിലെത്തിയതോടെ സംസ്ഥാന സെക്രട്ടറി തന്നെ അതിന് പരോക്ഷ സ്ഥിരീകരണം നൽകുന്ന പ്രതികരണവുമായി പരസ്യമായി രംഗത്തെത്തി.
സി.പി.ഐയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ നവയുഗത്തിൻെറ സംസ്ഥാന സമ്മേളന പതിപ്പിൻെറ പ്രകാശന വേദിയിൽ വെച്ചായിരുന്നു ബിനോയ് വിശ്വത്തിൻെറ പ്രതികരണം.
സി.പി.ഐയിൽ നിന്ന് അപസ്വരങ്ങളും അനൈക്യവും കാത്തിരിക്കുന്നവർ നിരാശരാകുമെന്ന് പറഞ്ഞു കൊണ്ടാണ് ബിനോയ് സംസ്ഥാനനേതൃത്വം തന്നെ ഇറക്കിവിട്ട വാർത്താ പ്രചരണത്തെ പരോക്ഷമായി സ്ഥിരീകരിച്ചത്.
ജില്ലാ സമ്മേളനങ്ങളിൽ നടന്നത് പോലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലും ചർച്ച നടക്കും. എന്നാൽ ചർച്ചകൾ പൂർത്തിയാകുമ്പോൾ ഐക്യത്തോടും യോജിപ്പോടും മുന്നോട്ടുപോകുന്നതാണ് സി.പി.ഐയുടെ രീതിയെന്നും ബിനോയ് വിശ്വം അവകാശപ്പെട്ടു.
സമ്മേളനകാലത്ത് പാർട്ടിക്ക് മറ്റൊരു ചിത്രം നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്നും എന്നാൽ ജില്ലാ സമ്മേളനങ്ങളെല്ലാം മികച്ച നിലയിലാണ് പൂർത്തിയായത്.
പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതിയിരുന്ന ജില്ലകളിൽ പോലും ജില്ലാ കൗൺസിൽ ചേർന്ന് സെക്കൻഡുകൾ കൊണ്ട് പുതിയ കൗൺസിലിനെയും ജില്ലാ സെക്രട്ടറിമാരെയും തിരഞ്ഞെടുത്തത്.ഇതുതന്നെയാകും ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലും സംഭവിക്കാൻ പോകുന്നതെന്ന് ബിനോയ് വിശ്വം നവയുഗം പതിപ്പിൻെറ പ്രകാശന ചടങ്ങിൽ പറഞ്ഞു.
കാനത്തിൻെറ നിര്യാണത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാൽപ്പാദം മുറിച്ച് മാറ്റിയതിനെ തുടർന്ന് കൃതൃമപാദം വെച്ചുപിടിപ്പിക്കുന്നതിന് വേണ്ടി അവധിക്ക് അപേക്ഷിച്ച കാനം, താൽക്കാലിക സെക്രട്ടറിയായി ബിനോയ് വിശ്വത്തിന് ചുമതല നൽകണമെന്ന് ദേശിയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.
ഈ കത്ത് ആയുധമാക്കിയാണ് കാനത്തിൻെറ സംസ്കാരചടങ്ങുകൾ നടന്ന ദിവസം തന്നെ ബിനോയ് വിശ്വത്തെ സെക്രട്ടറിയായി വാഴിച്ചത്. കാനത്തിൻെറ മരണം സൃഷ്ടിച്ച വൈകാരിക അന്തരീക്ഷം മുതലെടുക്കുന്നതിനാണ് ചിത കത്തി തീരുന്നതിന് മുൻപ് തന്നെ സെക്രട്ടറിയെ നിശ്ചയിച്ചത്.
ഇതോടെ സീനിയറായ കെ.പ്രകാശ് ബാബു തഴയപ്പെട്ടു.പാർട്ടിയുടെ ഒരു ഘടകത്തിലും അതുവരെ സെക്രട്ടറിയായി ഇരുന്നിട്ടില്ലാത്ത ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പരാജയമാണെന്നാണ് സി.പി.ഐക്കുളളിൽ ഉയരുന്ന വിമർശനം.
സി.പി.എമ്മിന് മുന്നിൽ മുണ്ടഴിച്ചിട്ട് ഓച്ഛാനിച്ച് നിൽക്കുന്ന നേതൃത്വവും മന്ത്രിമാരുമാണ് പാർട്ടിക്കുളളതെന്ന വിമർശനമാണ് സി.പി.ഐയുടെ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നത്.
ദൃഢവും കർശനവുമായി പ്രതികരിക്കേണ്ട സന്ദർഭങ്ങളിൽ പോലും ഗദ്യകാവ്യം പോലെയാണ് സംസ്ഥാന സെക്രട്ടറിയെന്നും സമ്മേളനങ്ങളിൽ വിമർശനം ഉയർന്നിരുന്നു.
സംഘടന - രാഷ്ട്രീയ വിഷയങ്ങളിൽ ഒരുപോലെ പ്രാവീണ്യം പ്രകടിപ്പിക്കുന്ന ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു സംസ്ഥാന നേതൃത്വത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവർ പക്ഷഭേദമന്യേ സി.പി.ഐയിൽ അഭിപ്രായമുണ്ട്.
ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയാക്കാൻ കൈപൊക്കിയ പഴയ കാനം പക്ഷക്കാരും ഇപ്പോൾ ഒളിഞ്ഞും തെളിഞ്ഞും ഈ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.
മന്ത്രിമാരിൽ പി.പ്രസാദ് ഒഴികെയുളളവരെല്ലാം രഹസ്യമായെങ്കിലും പ്രകാശ് ബാബു സെക്രട്ടറിയാകുന്നതാണ് പാർട്ടിക്ക് നല്ലതെന്ന് സമ്മതിക്കുന്നുണ്ടെന്നാണ് നേതാക്കൾ പറയുന്നത്.
സംഘടനാ കാര്യങ്ങളിൽ കാർക്കശ്യമുളള പ്രകാശ് ബാബു സംസ്ഥാന നേതൃത്വത്തിലേക്ക് വന്നാൽ തങ്ങളുടെ കളികൾ അവസാനിക്കുമല്ലോ എന്ന് ഭയപ്പെടുന്ന മന്ത്രി പ്രസാദിനെയും അസിസ്റ്റന്റ ്സെക്രട്ടറി പി.പി.സുനീറിനേയും പോലുളള നേതാക്കൾ മാത്രമാണ് ബിനോയ് വിശ്വം സെക്രട്ടറിയായി തുടരട്ടെയെന്ന് പറയുന്നത്.
ഭരണത്തിൻെറ ആനുകൂല്യം പറ്റുന്ന ചിലരും ബിനോയ് വിശ്വത്തെ പിന്തുണക്കുന്നുണ്ട്. കെ.പ്രകാശ് ബാബു സംസ്ഥാന സെക്രട്ടറിയായി വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുളള ശ്രമങ്ങളൊന്നും നടക്കുന്നില്ല.
പാർട്ടിക്ക് ക്ഷീണം വരുത്തുന്ന നടപടികൾക്കില്ലെന്ന നിലപാടുളള കെ.പ്രകാശ് ബാബുവും സെക്രട്ടറിയാകാൻ ചരട് വലികളോ ആളെക്കൂട്ടലോ നടത്തുന്നില്ല.
സംഘടനാ അച്ചടക്കത്തിന് പ്രാമുഖ്യം കൽപ്പിക്കുന്ന നേതാവായത് കൊണ്ടുതന്നെ മത്സരത്തിലേക്ക് പോകാനും പ്രകാശ് ബാബു തയാറായേക്കില്ല.അതുകൊണ്ടുതന്നെ ബിനോയ് വിശ്വം സെക്രട്ടറിയായി തുടരാനാണ് സാധ്യത