/sathyam/media/media_files/ZNTBZRDFOKEFWT4o33ke.jpg)
തിരുവനന്തപുരം: കാലം ഇത്രകഴിഞ്ഞിട്ടും സി. അച്യുതമേനോൻ സർക്കാരിൻെറ ഭരണനേട്ടവും മികവും അംഗീകരിക്കാൻ കൂട്ടാക്കാത്ത സി.പി.എം നേതൃത്വത്തിന് മറുപടി നൽകി സി.പി.ഐ. മുൻമുഖ്യമന്ത്രി പൂർണകായ പ്രതിമ അനാഛാദനം ചെയ്ത ചടങ്ങിൽവെച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി, സി.പി.എമ്മിന് മറുപടി നൽകിയത്.
അച്യുതമേനോൻ സമം അടിയന്തിരാവസ്ഥ എന്ന് പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും അച്യുതമേനോൻെറ ഭരണകാലം ഏറ്റവും മികച്ച കാലമെന്ന് പറയുക തന്നെ ചെയ്യുമെന്നുമാണ് ബിനോയ് വിശ്വം നൽകിയ മറുപടി.
അച്യുതമേനോൻ സർക്കാരിനെ ഇടത് സർക്കാരെന്ന് വിളിക്കാൻ തയാറാകാത്ത ചരിത്രകാരന്മാരുടെ നിലപാടിനെയും ബിനോയ് വിശ്വം ശക്തമായ ഭാഷയിൽ വിമർശിച്ചു. ചരിത്രം സത്യമാകണമെന്നും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചാകരുത് ചരിത്രരചനയെന്നും ബിനോയ് വിശ്വം ഓർമ്മിപ്പിച്ചു.
ഇ.എം.എസ് സർക്കാരിനെ പോലെ, നായനാർ സർക്കാരിനെ പോലെ, വി.എസ് സർക്കാരിനെ പോലെ, പിണറായി സർക്കാരിനെപോലെ അച്യുത മേനോൻ സർക്കാരും ഇടത് സർക്കാരാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ജനങ്ങൾക്കും ബോധ്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.
നവകേരള ശിൽപി എന്ന് പലരെയും പറയാമെങ്കിലും ആദ്യം പറയേണ്ട പേരെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. അച്യുതമേനോൻ സർക്കാരിനെ ഇടത് സർക്കാരായി കണക്കാൻ കഴിയില്ലെന്ന സമീപനം വെച്ചുപുലർത്തുന്നതും അച്യുതമേനോൻ സർക്കാരിൻെറ ഭരണനേട്ടങ്ങളെ അടിയന്തിരാവസ്ഥ കാലത്തെ പൊലീസ് പീഡനങ്ങൾ ഉയർത്തി ഇകഴ്ത്തി കാട്ടുന്നതും സി.പി.എമ്മാണ്.
സി.പി.എമ്മിൻെറ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ വിമർശനങ്ങളുടെ കുന്തമുന നീളുന്നത് സി.പി.എമ്മിലേക്കാണെന്ന് വ്യക്തമാണ്. അടിയന്തിരാവസ്ഥ തെറ്റാണെന്ന് സി.പി.ഐ തുറന്ന് പറഞ്ഞിട്ട് കാലങ്ങളായിട്ടും അച്യുത മേനോൻ സർക്കാരിനോടുളള സമീപനം മാറ്റാൻ സി.പി.എം തയാറായിട്ടില്ല. ഇതിലുളള ഈർഷ്യയാണ് ബിനോയ് വിശ്വത്തിൻെറ വാക്കുകളിൽ നിറയുന്നത്.
അച്യുതമേനോൻെറ പ്രതിമ സ്ഥാപിക്കാനുളള തീരുമാനത്തിലൂടെ അദ്ദേഹം കേരളത്തിന് നൽകിയ സംഭാവനകൾ ജനമനസുകളിൽ അരക്കിട്ട് ഉറപ്പിക്കലാണ് സി.പി.ഐ ലക്ഷ്യമിട്ടത്. ഇന്ന് ലോകമെങ്ങും കീർത്തികേട്ട കേരള മാതൃകയ്ക്ക് അസ്ഥിവാരമിട്ടത് അച്യുതമേനോനാണ് എന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്.
കേരളത്തിൻെറ അഭിമാന സ്ഥാപനങ്ങളായി ഉയർന്ന് നിൽക്കുന്ന ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, സി.ഡി.എസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അച്യുതമേനോൻെറ കാലത്ത് തുടക്കമിട്ടതാണ്. എങ്കിലും ആധുനിക കേരളത്തിൻെറ ശിൽപ്പികളെ കുറിച്ച് പറയുമ്പോൾ സി.പി.എം അച്യുതമേനോൻെറ പേര് ബോധപൂർവം ഒഴിവാക്കും. അതുകൂടി കണക്കിലെടുത്താണ് അച്യുതമേനോൻെറ പ്രതിമ സ്ഥാപിക്കുന്നതിലൂടെ ചിലത് വിളിച്ചുപറയാൻ സി.പി.ഐ തീരുമാനിച്ചത്.
'' ആരോ പറയുന്നു അച്യുതമേനോൻെറ പേരിൻെറ കൂടെ എഴുതിചേർക്കുമ്പോൾ സമം അടിയന്തിരാവസ്ഥ എവന്ന് എഴുതണമെന്ന്. എത്ര തെറ്റായ വാദമാണത്. ആയിരം വട്ടം നമുക്ക് പറയാം അതല്ല ശരിയെന്ന്. അച്യുതമേനോൻ സമം ജന്മിത്വത്തിൻെറ അന്ത്യം , അച്യുതമേനോൻ സമം ലക്ഷം വീട്, അച്യുതമേനോൻ സമം ശ്രീചിത്ര അതുപോലെയുളള സ്ഥാപനങ്ങൾ എന്ന്. ആ പേരിനെ ചെറിയ ഒന്നാക്കി ചുരുക്കുന്നത് എത്രയോ തെറ്റാണ്. അടിയന്തിരാവസ്ഥയെ പറ്റിയുളള രാഷ്ട്രീയ നിലപാട് തെറ്റാണെന്ന് ആദ്യം പറഞ്ഞ രാഷ്ട്രീയ പാർട്ടി സി.പി.ഐയാണ്.
സി.പി.ഐ അത് സമ്മതിച്ചതാണ്. രാഷ്ട്രീയമായി തെറ്റ് പറ്റിയാൽ അതിനെ തർക്കത്തിന് വെച്ച് ശരിയാക്കി മാറ്റുന്ന പാർട്ടിയല്ല സി.പി.ഐ. തെറ്റ് പറ്റിയത് ജനങ്ങളുടെ മുൻപിൽ ഏറ്റുപറഞ്ഞതാണ്. അടിയന്തിരാവസ്ഥ കഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞു. എത്രയോ വെളളം ഒഴുകി പോയി, പമ്പയിലൂടെയും ഗംഗയിലൂടെയും യമുനയിലൂടെയും പെരിയാറിലൂടെയും എത്രയോ വെളളം ഒഴുകിപോയി. ഇതിനിടെ എത്രയോപേർക്ക് നാം മാപ്പുകൊടുത്തു.
നാം പലരുടെയും കൈകോർത്തുപിടിച്ചു, ആരെയൊക്കെ ബന്ധുക്കളാക്കി നമുക്ക് ചങ്ങാത്തം കൂടാൻ ഒരു മടിയും ഉണ്ടായിട്ടില്ല. എന്നിട്ടും ചില പ്രത്യേക കാരണത്താൽ ചിലർ പറയുന്നു ഈ സമവാക്യത്തിന് മാറ്റം വരുത്താൻ പാടില്ലെന്ന്. അത് മാറിയേ തീരു'' ബിനോയ് വിശ്വം തുറന്നടിച്ചു.