ന്യൂനപക്ഷങ്ങളെ മറക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഇല്ല; വിവാദ പ്രസ്താവനകൾ മുന്നണിയെ ദുർബലപ്പെടുത്തുമെന്ന് മുന്നറിയിപ്പുമായി ബിനോയ് വിശ്വം. സജി ചെറിയാനും എ.കെ. ബാലനും നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത നിലപാടിൽ സിപിഐ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടെങ്കിലും സിപിഎം നേതാക്കളുടെ ‘നാവ് നിയന്ത്രിക്കണം’ എന്നും താക്കീത്

New Update
BINOY

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പാരമ്പര്യ മതേതര നിലപാടുകളിൽ നിന്ന് ചില നേതാക്കൾ വ്യതിചലിക്കുന്നുവെന്ന സൂചനകൾക്കിടെ, കടുത്ത മുന്നറിയിപ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

Advertisment

ന്യൂനപക്ഷങ്ങളെ മറക്കുന്ന ഒരു നിലപാട് ഇടതുപക്ഷത്തിന് ഇല്ലെന്നും, അവരുടെ ആശങ്കകളെ കേവലം നിസ്സാരമായി കാണരുതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.


സജി ചെറിയാനും എ.കെ. ബാലനും നടത്തിയ വിവാദ പരാമർശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ  മുറിവ് സൃഷ്ടിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ ഈ ഇടപെടൽ.


മന്ത്രി സജിചെറിയാനും മുതിർന്ന നേതാവ് എ.കെ.ബാലനും നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ ഇന്നലെ നടന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനമുയർന്നിരുന്നു.

mv govindan pinarai vijayan binoy viswam

മുസ്ളിം വിരോധം വമിപ്പിക്കുന്ന പ്രസ്താവനകൾ ന്യൂനപക്ഷത്തെ ഇടത് മുന്നണിയിൽ നിന്ന് അകറ്റുമെന്നായിരുന്നു സെക്രട്ടേറിയേറ്റ് യോഗത്തിലെ വിമർശനം.

ലോകസഭാ തിരഞ്ഞെടുപ്പിൽ മുസ്ളീം സമുദായത്തെ അമിതമായി പ്രീണിപ്പിക്കാൻ പോയതാണ് തിരിച്ചടിയായതെങ്കിലും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം വിരുദ്ധ നിലപാടാകും വിനയാകുകയെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.


നേതാക്കളുടെ നാവ് നിയന്ത്രിക്കാൻ സിപിഎം തയാറായില്ലെങ്കിൽ വൻവില കൊടുക്കേണ്ടിവരും എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.


തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടി നിലപാട് പറയുന്നത് ദോഷമാകുമെന്ന ആശങ്കയും യോഗത്തിൽ ഉയർന്നുവെങ്കിലും പരിമിതമായ തോതിൽ നിലപാട് വ്യക്തമാക്കാനായിരുന്നു ധാരണ.

ഇതേതുടർന്നാണ് സിപിഐ നിലപാട് വ്യക്തമാക്കാൻ ബിനോയ് വിശ്വം മുന്നോട്ട് വന്നത്.ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കേവലമൊരു മറുപടിയല്ല, മറിച്ച് സി.പി.എമ്മിലെ ചില നേതാക്കൾ പുലർത്തുന്ന 'അമിത ആത്മവിശ്വാസത്തിന്' തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെടുന്നു.

ak balan

സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ ബിജെപി അടക്കമുള്ള വലതുപക്ഷ ശക്തികൾക്ക് ആയുധം നൽകുകയായിരുന്നുവെന്ന് സിപിഐ കരുതുന്നു.


ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നതിലൂടെ അവർ ഇടതുപക്ഷത്ത് നിന്ന് അകലുകയും അത് യുഡിഎഫിനോ അല്ലെങ്കിൽ വർഗീയ ശക്തികൾക്കോ ഗുണകരം ആകുകയും ചെയ്യും. ഇത് തടയാൻ സിപിഐ നേരിട്ട് രംഗത്തിറങ്ങുകയാണെന്ന് ബിനോയ് വിശ്വത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.


ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയിൽ ന്യൂനപക്ഷ വോട്ടുകളുടെ ചോർച്ച ഒരു പ്രധാന ഘടകമായിരുന്നു. ഈ വോട്ടുകൾ തിരിച്ചു പിടിക്കണമെങ്കിൽ ന്യൂനപക്ഷങ്ങളെ വിശ്വസനീയമായി ചേർത്തുനിർത്തണം.

 "ജനങ്ങൾ ഞങ്ങളോട് പറഞ്ഞത് ഇതാണ്" എന്ന് ബിനോയ് വിശ്വം ഊന്നിപ്പറയുമ്പോൾ, താഴെത്തട്ടിൽ ഇടതുപക്ഷത്തിനെതിരെ രൂപപ്പെട്ട വികാരം അദ്ദേഹം സി.പി.എമ്മിനെ ഓർമ്മിപ്പിക്കുകയാണ്.

saji cheriyan

ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ, മുന്നണിയുടെ പൊതുവായ മതേതര സ്വഭാവം നഷ്ടപ്പെടുന്നതിൽ ആശങ്കാകുലരാണ്.


സജി ചെറിയാന്റെ 'കേക്കും വീഞ്ഞും' പരാമർശവും എ.കെ. ബാലന്റെ മലപ്പുറം വിരുദ്ധമെന്ന് തോന്നിപ്പിക്കുന്ന പരാമർശങ്ങളും മുന്നണിയുടെ അടിത്തറ ഇളക്കുമെന്ന് സിപിഐ ഭയക്കുന്നു.


സഖ്യകക്ഷികളെ വിശ്വാസത്തിൽ എടുക്കാതെയുള്ള ഇത്തരം 'ഏകപക്ഷീയ' പ്രസ്താവനകൾ ഇനി അനുവദിക്കില്ലെന്ന രാഷ്ട്രീയ സന്ദേശമാണിത്.

ദേശീയതലത്തിൽ ആർഎസ്എസ് - ബിജെപി അജണ്ടകൾക്കെതിരെ പൊരുതാൻ ഇടതുപക്ഷം മാത്രമേയുള്ളൂ എന്ന വിശ്വാസമായിരുന്നു ന്യൂനപക്ഷങ്ങളുടെ ബലം.

binoy viswam-2

എന്നാൽ കേരളത്തിലെ നേതാക്കളിൽ നിന്ന് തന്നെ അവരെ മുറിപ്പെടുത്തുന്ന വാക്കുകൾ ഉണ്ടാകുന്നത് ഈ വിശ്വാസത്തെ തകർക്കും. ദേശീയ വിഷയങ്ങളിൽ അവർക്കുള്ള ആശങ്ക പരിഹരിക്കാൻ കേരളത്തിലെ ഇടതുപക്ഷം ബാധ്യസ്ഥരാണെന്ന് ബിനോയ് വിശ്വം ഓർമ്മിപ്പിക്കുന്നു.

"ഇടതുപക്ഷ - ന്യൂനപക്ഷ ബന്ധം ഉലയാൻ പാടില്ല" എന്ന് ബിനോയ് വിശ്വം ആവർത്തിക്കുമ്പോൾ, അത് സജി ചെറിയാനും എ.കെ. ബാലനും മാത്രമല്ല, മറിച്ച് അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ വിഭാഗത്തിനുമുള്ള താക്കീതാണ്.

ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ കേരളത്തിൽ ഇടതുപക്ഷത്തിന് നിലനിൽപ്പില്ലെന്ന കർക്കശമായ രാഷ്ട്രീയ യാഥാർത്ഥ്യമാണ് സി.പി.ഐ ഇതിലൂടെ മുന്നോട്ടുവെക്കുന്നത്.

Advertisment