/sathyam/media/media_files/2024/12/19/new-project-s.webp)
തിരുവനന്തപുരം: സി.പി.ഐയുടെ സംസ്ഥാന കൗൺസിലിൻെറ ആസ്ഥാനമായ എം.എൻ.സ്മാരകത്തിൻെറ നവീകരിച്ച കെട്ടിടത്തിൻെറ ഉൽഘാടനത്തിൽ നിന്ന് ദേശിയ ജനറൽ സെക്രട്ടറി ഡി.രാജയെ ഒഴിവാക്കി.
10 കോടി രൂപ ചെലവിൽ നവീകരിച്ചിരിക്കുന്ന എം.എൻ.സ്മാരകത്തിൻെറ ഉൽഘാടനം ഡിസംബർ 26ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെ നിർവ്വഹിക്കും.
സംസ്ഥാനത്തെ പാർട്ടി ആസ്ഥാനത്തെ സുപ്രധാന ചടങ്ങിന് ദേശിയ ജനറൽ സെക്രട്ടറിയെ ക്ഷണിക്കുന്നതാണ് സി.പി.ഐയിലെ പതിവ്.
എന്നാൽ ജനറൽ സെക്രട്ടറി ഡി.രാജയെ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി തന്നെ ഉൽഘാടനം ചെയ്യെട്ടെയെന്നാണ് ഉൽഘാടന കാര്യങ്ങൾ ചർച്ച ചെയ്ത സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
ജനറൽ സെക്രട്ടറിയെ കൊണ്ട് ഉൽഘാടനം ചെയ്യിക്കുന്നതല്ലേ ഉചിതമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ച് മുതിർന്ന നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ആ നിർദ്ദേശത്തോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
നേതാക്കൾ വിഷയം ആവർത്തിച്ചപ്പോൾ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ എം.പിയാണ് മറുപടി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി തന്നെ ഉൽഘാടനം ചെയ്യെട്ടെയെന്നായിരുന്നു സുനീറിൻെറ മറുപടി.
പാർട്ടിയിലെ കീഴ് വഴക്കം പാലിച്ച് ദേശിയ ജനറൽ സെക്രട്ടറിയെ ഉൽഘാടനത്തിന് ക്ഷണിക്കാത്തതിൽ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
ഇപ്പോൾ നവീകരിച്ച സംസ്ഥാന കൗൺസിലിൻെറ ആസ്ഥാനമായ എം.എൻ സ്മാരകം ഉൽഘാടനം ചെയ്തത് അന്നത്തെ പാർട്ടി ജനറൽ സെക്രട്ടറി രാജേശ്വര റാവു ആയിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
പാർട്ടിയുടെ ചരിത്രം മറന്നുളള പ്രവർത്തനങ്ങളാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്നതെന്നാണ് സി.പി.ഐക്ക് ഉളളിൽ ഉയരുന്ന വിമർശനം.
നവീകരിച്ച കെട്ടിടത്തിൻെറ ശിലാഫലകത്തിൽ സ്വന്തം പേര് വരുത്താനുളള തരംതാണ പണിയാണ് ബിനോയ് വിശ്വം നടത്തുന്നതെന്നും നേതാക്കൾ പരിഹസിക്കുന്നുണ്ട്.
ഇതിനെല്ലാം പിന്തുണ നൽകാൻ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീറിൻെറ നേതൃത്വത്തിലുളള നാൽവർ സംഘമുണ്ടെന്നും അവരാണ് പാർട്ടിസെക്രട്ടറിയെ നിയന്ത്രിക്കുന്നതെന്നും നേതാക്കൾ ആരോപിക്കുന്നു.
പത്ത് കോടി ചെലവാക്കിയുളള നവീകരണത്തിൽ ആദ്യം തയാറാക്കിയ രൂപരേഖ അനുസരിച്ചുളള എല്ലാ പ്രവർത്തികളും നടന്നില്ലെന്ന പരാതിയും ഇതിനൊപ്പം ഉയരുന്നുണ്ട്.
രണ്ട് നിലകൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ മുകളിലേക്ക് രണ്ട് നിലകൾ കൂടി നിർമ്മിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഉപേക്ഷിച്ചെന്നാണ് പരാതി.
പഴയ കെട്ടിടത്തിൻെറ ബലക്ഷയം കണക്കിലെടുത്താണ് അധിക നിർമ്മാണം ഉപേക്ഷിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തുളള നേതാക്കൾ പറയുന്നത്.
സർക്കാർ എഞ്ചിനീയറന്മാരെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മുകളിലേക്ക് അധികം നിർമാണം നടത്തുന്നതെന്ന് അഭികാമ്യമല്ലെന്ന ഉപദേശം ലഭിച്ചതെന്നും ഔദ്യോഗിക പക്ഷത്തെ നേതാക്കൾ വിശദീകരിച്ചു.
കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് സി.പി.ഐ സംസ്ഥാന കൗൺസിലിൻെറ ആസ്ഥാനമായ എം.എൻ.സ്മാരകം നവീകരിക്കാൻ തീരുമാനിച്ചത്.
പത്ത് കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് തയാറാക്കി കൊണ്ടാണ് നവീകരണത്തിന് തീരുമാനം എടുത്തത്. ചെലവാകുന്ന തുക സമാഹരിച്ച് നൽകാൻ ജില്ലാ കൗൺസിലുകൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകൾക്ക് ഒരു കോടി രൂപയായിരുന്നു ക്വാട്ട. നിർമ്മാണം തുടങ്ങുന്നതിന് മുൻപ് തന്നെ ജില്ലാ കൗൺസിലുകൾ പണം പിരിച്ച് സംസ്ഥാന കൗൺസിലിനെ ഏൽപ്പിച്ചു.
എന്നാൽ ഇതിനിടെ കാനം രോഗബാധിതനാകുകയും ആകസ്മിക നിര്യാണം സംഭവിക്കുകയും ചെയ്തു. എം.എൻ.സ്മാരകം നവീകരണം എന്ന സ്വപ്നം പൂർത്തീകരിക്കാതെയാണ് കാനം വിടവാങ്ങിയത്.
കാനത്തിൻെറ സ്മരണ നിലനിർത്തുന്നതിന് എം.എൻ.സ്മാരകത്തിലെ പുതിയ കോൺഫറൻസ് ഹാളിന് അദ്ദേഹത്തിൻെറ പേര് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.