കൊല്ലം: കേരളത്തിൽ ജനാധിപത്യ ഭരണമല്ല പിണറായി വിജയൻെറ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് സി.പി.ഐയിൽ വിമർശനം. മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ട് വിറക്കുന്നവരാണ് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരെന്നും വിമർശനമുണ്ട്.
കൊല്ലം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിലാണ് പ്രതിനിധികൾ മുഖ്യമന്ത്രിക്കും സി.പി.ഐ മന്ത്രിമാർക്കുമെതിരെ രൂക്ഷ വിമർശനം ഉയർന്നത്. നവകേരള സദസിൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയുടെ വാഴ്ത്തുപാട്ടുകാരായി മാറി.
അര മണിക്കൂറിൽ ഏറെ സ്തുതി പാടിയ മന്ത്രിക്കാണ് നവകേരള സദസിൽ ഏറ്റവും വലിയ കൈയ്യടി ലഭിച്ചത്. പിണറായി വിജയൻ പ്രസംഗിക്കാൻ വന്നപ്പോൾ നവകേരള ശിൽപ്പി കടന്നുവരുന്നു എന്ന് പറഞ്ഞ കുന്നത്തൂരിലെ സി.പി.ഐ നേതാവിനെയും പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.
നവകേരള ശിൽപ്പിയായി സി.പി.ഐ കാണുന്നത് അച്യുതമേനോനെയാണ് എന്ന് ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു വിമർശനം. രണ്ടാം പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്നാണ് കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയിൽ നിന്നുളള നൗഷാദ് എന്ന പ്രതിനിധി വിമർശിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/04/images809gr-anil-2025-07-04-00-22-08.jpg)
സി.പി.ഐ ഭരിക്കുന്ന വകുപ്പുകളിൽ മന്ത്രി ജി.ആർ.അനിലിൻെറ ഭക്ഷ്യവകുപ്പിനെതിരെയാണ് രൂക്ഷ വിമർശനം ഏറ്റുവാങ്ങിയത്. സപ്ളൈകോ സൂപ്പർ മാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പാറ്റകളും എലികളും പോലും പട്ടിണി കിടക്കുകയാണ്.
കരണ്ട് തിന്നാൻ പോലും അവിടെ ഒന്നുമില്ല എന്നതാണ് ഭക്ഷ്യ വകുപ്പിന് എതിരെ ഉയർന്ന ഒരു വിമർശനം. മാവേലി സ്റ്റോർ പൂച്ചകളുടെ പ്രസവാശുപത്രി ആണെന്നാണ് കൂന്നത്തൂർ മണ്ഡലത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി പരിഹസിച്ചത്.
പി.പ്രസാദ് ഭരിക്കുന്ന കൃഷി വകുപ്പിന് എതിരെയും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു. ജനങ്ങൾക്ക് വിലകുറച്ച് പച്ചക്കറി നൽകേണ്ട ഹോർട്ടികോർപ് തകർന്ന് തരിപ്പണമായി കിടുക്കുകയാണെന്നാണ് കൃഷിവകുപ്പിനെതിരെ ഉയർന്ന വിമർശനം.
/filters:format(webp)/sathyam/media/media_files/SL7jyy92JLaNAd9MYlez.jpg)
ഹോർട്ടി കോർപിലെ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും കറങ്ങി നടക്കാനും നാട് ചുറ്റാനും എ.സി കാറുകൾ ഉണ്ട്. എന്നാൽ ഹോർട്ടികോർപ്പിൻെറ സ്റ്റാളുകളിൽ പോയി പച്ചക്കറി കണ്ടുപിടിക്കലാണ് പ്രയാസമെന്നും പ്രതിനിധികൾ വിമർശിച്ചു.
മുഖ്യമന്ത്രിക്കും പാർട്ടി മന്ത്രിമാർക്കും എതിരെ വിമർശനത്തിൻെറ വേലിയേറ്റമാണ് ജില്ലാ സമ്മേളനത്തിൻെറ ആദ്യദിനം നടന്നത്. മുഖ്യമന്ത്രിയെ പുകഴ്ത്തി എന്നത് ഒഴിച്ച് നിർത്തിയാൽ റവന്യു മന്ത്രി കെ.രാജനാണ് ഏറ്റവും കുറവ് വിമർശനം ഏറ്റത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പൊതുചർച്ചയിൽ ശക്തമായ വിമർശനം ഉയർന്നു. ബിനോയ് വിശ്വത്തിൻെറ നിലപാടുകളിലും പ്രതികരണങ്ങളിലും വ്യക്തയില്ല എന്നതാണ് പ്രതിനിധികൾ ഉന്നയിച്ച പ്രധാന വിമർശനം.
പ്രസ്താവനകളിലും പ്രതികരണങ്ങളിലും വ്യക്തത വരുത്താൻ സംസ്ഥാന സെക്രട്ടറിക്ക് കഴിയുന്നില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചവരെ സംരക്ഷിച്ച് കൂടെനിർത്തുമെന്ന ബിനോയ് വിശ്വത്തിൻെറ ഉൽഘാടന പ്രസംഗത്തിലെ പരാമർശം കൂടി തെളിവായി ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു വിമർശനം.
/filters:format(webp)/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
പാർട്ടിയുടെ സ്ഥാനങ്ങൾ രാജിവെച്ചവരെ എങ്ങനെ കൂടെനിർത്തുമെന്നാണ് സെക്രട്ടറി പറയുന്നതെന്നും പ്രതിനിധികൾ ചോദിച്ചു. ബിനോയ് വിശ്വത്തിൻെറ ഈ പരാമർശത്തോട് റിപോർട്ട് അവതരണവേളയിൽ ജില്ലാ സെക്രട്ടറി പി.എസ്.സുപാലും വിയോജിപ്പ് അറിയിച്ചു.
ജില്ലാ സമ്മേളനത്തിൻെറ പൊതുസമ്മേളനത്തിൻെറ ഭാഗമായുളള റെഡ് വാളന്റിയർ പരേഡ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് രാജിവെച്ച വിവരം മാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുണ്ടറിയിലെ നേതാക്കളും പ്രവർത്തകരും കുലംകുത്തികളാണെന്ന് പറഞ്ഞുകൊണ്ടാണ് ജില്ലാ സെക്രട്ടറി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത്.
ജില്ലാ സമ്മേളനം നടക്കുമ്പോൾ രാജിവെച്ചവരെ ഇനി പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പി.എസ്.സുപാൽ പ്രതിനിധി സഖാക്കളെ അറിയിച്ചു.