ഒളിയമ്പുകള്‍ തൊടുക്കുമ്പോള്‍ : മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തി സി. പി .എമ്മിനെതിരെ ഒളിയമ്പുമായി സി. പി. ഐ. ലീഗ് വര്‍ഗീയപ്പാര്‍ട്ടിയല്ല. അങ്ങനെ മുദ്രകുത്താനുള്ള ശ്രമം സി. പി. ഐ നടത്തിയിട്ടില്ല. അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് ലീഗ് ഇടതുപക്ഷത്തിന് ശക്തി പകര്‍ന്നുവെന്നും ബിനോയ് വിശ്വം

മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷികളുടെ കൂട്ടാളിയെന്ന് പരോക്ഷമായി വിമര്‍ശിക്കുന്ന സി.പി.എമ്മിന്റെ നിലപാടുകളെ തള്ളി സി.പി.ഐ രംഗത്ത്.

New Update
binoy viswam1

തിരുവനന്തപുരം : മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷികളുടെ കൂട്ടാളിയെന്ന് പരോക്ഷമായി വിമര്‍ശിക്കുന്ന സി.പി.എമ്മിന്റെ നിലപാടുകളെ തള്ളി സി.പി.ഐ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന മുസ്ലീം ലീഗ് സ്ഥാപക ദിനാചരണ ചടങ്ങില്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. 

Advertisment

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവ പോലെ ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് മുദ്രകുത്താനുള്ള ശ്രമം സി.പി.ഐ ഒരിക്കലും നടത്തിയിട്ടില്ലെന്ന് അസന്നിഗ്ധമായാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. അച്യുതമേനോന്‍ സര്‍ക്കാരന്റെ ഭാഗമായിരുന്ന ലീഗ് ഇടതുപക്ഷത്തിന് ശക്തി പകര്‍ന്നിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


സമീപകാലത്ത് സി.പി.എം മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷിയെന്ന ലേബലില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുമ്പു വരെ ലീഗിനെ ഒപ്പം കൂട്ടാനായിരുന്നു സി.പി.എമ്മിന്റെ ശ്രമം. സി.എ.എ, പൗരത്വഭേദഗതി, പാലസ്തീന്‍ ഐക്യദാര്‍ഡ്യം തുടങ്ങി സി.പി.എമ്മിന്റെ ചില നിലപാടുകള്‍ക്ക് ലീഗിലെ ചില ചേരികളില്‍ നിന്നും അനുകൂല പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. 

CPM

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ലീഗ് കൃത്യമായ രാഷ്ട്രീയ നിലപാടെടുത്ത് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്ന് വ്യക്തത വരുത്തിയതോടെ ലീഗും ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി സഖ്യമുണ്ടാക്കിയെന്ന തരത്തിലായിരുന്നു സി.പി.എമ്മിന്റെ പ്രചാരണം.


ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പിന്നീട് നടന്ന പാലക്കാട് അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളിലും സി.പി.എം ഇതാവര്‍ത്തിക്കുകയായിരുന്നു. ഇത് ബി.ജെ.പി - സംഘപരിവാര്‍ രാഷ്ട്രീയ ലൈനാണെന്ന് കോണ്‍്രഗസും യു.ഡി.എഫും നടത്തിയ പ്രചാരണങ്ങള്‍ സി.പി.എമ്മിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 


ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് കനത്ത തിരിച്ചടിയേറ്റു. എന്നാല്‍ ലീഗിനെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങളെ സി.പി.ഐ പരസ്യമായി തള്ളി രംഗത്ത് വന്നത് സി.പി.എമ്മിനുള്ള പരോക്ഷ വിമര്‍ശനമാണെന്നും കരുതപ്പെടുന്നു. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സി.പി.എമ്മിന്റെ വിവിധ നിലപാടുകളോട് സി.പി.ഐ വിയോജിക്കുകയാണ്.