/sathyam/media/media_files/2026/02/21/binoy-suneer-santhos-2026-02-21-22-30-10.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ സഹായം തേടുന്നതിനെച്ചൊല്ലി സിപിഐയിൽ വിവാദം.
പാർട്ടി അസിസ്റ്റൻറ് സെക്രട്ടറി പി.പി സുനീർ എം.പിയുടെയും ദേശിയ സെക്രട്ടേറിയേറ്റ് അംഗം പി.സന്തോഷ് കുമാർ എം.പിയുടെയും മുൻകൈയ്യിൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിക്കാൻ കൊണ്ടു വന്ന പി.ആർ.ഏജൻസിയെച്ചൊല്ലിയാണ് സിപിഐ സംസ്ഥാന ഘടകത്തിൽ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
യു.ഡി.എഫിൻെറ രാഷ്ട്രീയ പ്രചരണത്തെ കനഗോലു തന്ത്രങ്ങളെന്ന് പറഞ്ഞ് പാർട്ടി നിരന്തരം ആക്ഷേപിച്ചുകൊണ്ടിരിക്കുന്നതിനിടെയിലാണ് സിപിഐ പി.ആർ.ഏജൻസിയുടെ സേവനം തേടിയിരിക്കുന്നത്.
പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ച് സമാഹരിക്കാവുന്ന വിവരങ്ങളും തന്ത്രങ്ങളും ഉപദേശിക്കുന്നതിന് എന്തിന് കോടികൾ ചെലവിട്ട് പി.ആർ ഏജൻസിയെ കൊണ്ടു വരുന്നതെന്ന ചോദ്യമാണ് നേതാക്കൾ ഉന്നയിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2025/03/22/bwNxckKNWVubKEVkwOED.jpg)
ഹൈദരാബാദിൽ നിന്നുളള ടൈംസ് 7 ഗ്രൂപ്പാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഉപദേശിക്കാൻ സിപിഐ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ പുതുതായി ആരംഭിക്കുന്ന വാർത്താ ചാനലായ ബിഗ് ടിവിയുടെ മാതൃകമ്പനിയാണ് ടൈംസ് 7 ഗ്രൂപ്പ്. ബിഗ് ടിവി മലയാളത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഫൌണ്ടർ ഡയറക്ടറുമായ ജിഗ്നേഷ് റാണയാണ് സിപിഐ സംസ്ഥാന ആസ്ഥാനത്ത് എത്തി പ്രസൻേറഷൻ നടത്തിയത്.
സിപിഐയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന എസ്.സുധാകർ റെഡ്ഢിയുടെ മകൻ കാർത്തിക് റെഡ്ഢിയുടെ കൂടി ശുപാർശയിലാണ് ബിഗ് ടിവിയുടെ മാതൃസ്ഥാപനമായ ടൈംസ് 7 ഗ്രൂപ്പ് സിപിഐയെ തന്ത്രങ്ങൾ ഉപദേശിക്കാൻ എത്തിയത്.
സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ സാധ്യത, അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ, സാമുദായിക സമവാക്യങ്ങൾ എന്നിവ അടങ്ങിയ പ്രസൻേറഷനാണ് ടൈംസ് 7 ഗ്രൂപ്പ് സിപിഐ നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
വെളളിയാഴ്ചത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു പ്രസൻേറഷൻ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളള നേതാക്കൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രസൻേറഷനിൽ സിപിഐ അപകട മേഖലയിലാണെന്നാണ് പി.ആർ.ഏജൻസി നടത്തിയ പ്രവചനം.
/filters:format(webp)/sathyam/media/media_files/2026/02/21/sd-2026-02-21-22-21-17.jpg)
പാർട്ടി മത്സരിക്കുന്ന 25 സീറ്റുകളിൽ പരാമവധി 9 മണ്ഡലങ്ങളിൽ മാത്രമേ വിജയ സാധ്യതയുളളു എന്നാണ് ടൈംസ് 7 ഗ്രൂപ്പ് പ്രവചിച്ചിരിക്കുന്നത്.
ബാക്കിയുളള മണ്ഡലങ്ങൾ യെല്ലോ, റെഡ് സോണുകളിലാണെന്നും ടൈംസ് 7 -ൻെറ പ്രസൻേഷനിൽ പറയുന്നുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ഉപദേശിക്കുന്നതിനായി 5 കോടി രൂപയാണ് പി.ആർ.കമ്പനി ആവശ്യപ്പെടുന്നത്. ഇത്രയും തുക ചെലവിട്ട് എന്തിനാണ് ഏജൻസിയെ കൊണ്ടു വരുന്നത് എന്നാണ് നേതാക്കളുടെ ചോദ്യം.
/filters:format(webp)/sathyam/media/media_files/2025/12/31/binoy-viswam-2-2025-12-31-14-50-00.jpg)
പി.ആർ കമ്പനി ആവതരിപ്പിച്ച പ്രവചനങ്ങളും വിവരങ്ങളും പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നേരത്തെ അറിയാവുന്ന കാര്യങ്ങളാണെന്നും ഈ വിവരങ്ങൾ സമാഹരിക്കാൻ ഒരു പണച്ചെലവുമില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എ.ഐ ആപ്പുകളിലെ വൈബ് സൈറ്റുകളിലോ തിരഞ്ഞാൽ ലഭ്യമാകുന്ന വിവരങ്ങൾ അവതരിപ്പിക്കാൻ എന്തിന് കോടികൾ പാഴാക്കുന്നതെന്നും നേതാക്കൾ ചോദിക്കുന്നുണ്ട്. ചില നേതാക്കൾ ഇക്കാര്യം പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തന്നെ അറിയിച്ചുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് തന്ത്രം ഉപദേശിക്കുന്നതിനായി പി.ആർ ഏജൻസിയെ ഏർപ്പെടുത്തുന്നത് അറിഞ്ഞതോടെ പാർട്ടിയുടെ ജില്ലാ തലത്തിലുളള നേതാക്കളും വിമർശനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.
സംഭവം വിവാദമായതോടെ പി.ആർ.ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിൻെറ പ്രതികരണം.
പലരും പാർട്ടി ഓഫീസിൽ വരാറുണ്ടെന്നും അങ്ങനെ വന്ന ഒരു കൂട്ടർ പ്രസൻേറഷൻ അവതരിപ്പിച്ചുവെന്ന് മാത്രമേയുളളുവെന്നും തീരുമാനം എടുത്തിട്ടില്ലെന്നാണ് ബിനോയ് വിശ്വം ആവർത്തിച്ച് പറയുന്നത്.
/filters:format(webp)/sathyam/media/media_files/yXpMPJJ62nRphb5ewH3C.jpg)
നിയമസഭാ തിരഞ്ഞെടുപ്പിൻെറ ചെലവുകൾക്കായി ഫണ്ട് സ്വരൂപിക്കാൻ വ്യാഴാഴ്ചത്തെ നേതൃയോഗത്തിൽ സിപിഐ തീരുമാനിച്ചിരുന്നു. ജില്ലകളിൽ നിന്ന് കുറഞ്ഞത് 25 ലക്ഷം രൂപവീതം പിരിക്കണമെന്നാണ് നിർദ്ദേശം.
കാസർകോട്, കണ്ണൂർ, വയനാട് പോലെ സിപിഐക്ക് സ്വാധീനം കുറഞ്ഞ ജില്ലകളിൽ പിരിവ് ലക്ഷ്യം കണ്ടില്ലെങ്കിൽ എറണാകുളം, തിരുവനന്തപുരം, കൊല്ലം പോലുളള ജില്ലകൾ കൂടുതൽ തുക പിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് കോടികൾ ചെലവിട്ട് പി.ആർ ഏജൻസിയെ കൊണ്ടുവരുന്നതിന് വേണ്ടിയാണെന്നാണ് നേതാക്കളുടെ സംശയം. അതുകൊണ്ടുതന്നെ പണം പിരിച്ച് എടുക്കാനാവില്ലെന്ന് ചില നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2025/04/26/wug3CXSex2AIXaZKk8vX.jpg)
സംസ്ഥാനത്ത് നിന്നുളള ധനസമാഹരണത്തിന് പുറമേ നേതാക്കൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് പണം പിരിക്കാനും വെളളിയാഴ്ചത്തെ നേതൃയോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. രാജ്യസഭാംഗങ്ങളായ പി.സന്തോഷ് കുമാർ എം.പി, പി.പി.സുനീർ എം.പി എന്നിവരാണ് ഗൾഫിൽ പണപ്പിരിവിന് പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us