കൊല്ലം: എസ്.എഫ്.ഐയിലെ ക്രിമിനലുകളെ നിലയ്ക്ക് നിർത്തണമെന്ന് സി.പി.ഐ. യാതൊരു രാഷ്ട്രീയ ധാരണയോ പക്വതയോ ഇല്ലാതെ വിദ്യാർത്ഥികളുടെ സംഘടനാ പ്രവർത്തനത്തിന് തന്നെ അവമതിപ്പ് ഉണ്ടാക്കുന്ന ക്രിമിനൽ സ്വഭാവമുള്ളവരെ നിലയ്ക്ക് നിർത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും സി.പി.ഐ ആവശ്യപ്പെടുന്നുണ്ട്.
ആവശ്യം ഉന്നയിക്കുന്നത് സി.പി.എമ്മിനോടാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. സി.പി.ഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിൻെറ പ്രവർത്തകർക്ക് നേരെ നടന്ന എസ്.എഫ്.ഐയുടെ ആക്രമണങ്ങളെ പാർട്ടിയും ചേർന്നാണ് പ്രതിരോധിച്ചതെന്നും തുറന്നുപറയുന്നുണ്ട്.
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപോർട്ടിലാണ് എസ്.എഫ്.ഐക്ക് എതിരായ ഈ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമുളളത്.
അഞ്ചൽ കോളജിൽ എസ്.എഫ്.ഐയുമായുണ്ടായ സംഘർഷത്തിൽ രണ്ട് സി.പി.ഐ സഖാക്കൾക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നു.
/filters:format(webp)/sathyam/media/media_files/2025/08/02/5a8c5def-4d25-4bfc-b141-5e43fcd02a25-2025-08-02-00-28-00.jpg)
മുഖത്തലയിലും കടയ്ക്കലിലും ഉണ്ടായ സംഘർഷത്തെ തുടർന്ന് സി.പി.ഐ ഓഫീസുകൾക്ക് നേരെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമണം നടത്തിയെന്നും ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ അവതരിപ്പിച്ച പ്രവർത്തന റിപോർട്ടിൽ പറയുന്നുണ്ട്.
ജില്ലയിലെ കാമ്പസുകളിൽ എ.ഐ.എസ്.എഫിൻെറ സംഘടനാ പ്രവർത്തനത്തെ ഇല്ലാതാക്കാൻ എസ്.എഫ്.ഐ ബോധപൂർവം അക്രമം അഴിച്ചുവിടുകയാണ്.
കൊല്ലം എസ്.എൻ കോളജിലും പുനലൂർ എസ്.എൻ.കോളജിലും ടി.കെ.എം എഞ്ചിനീയറിങ്ങ് കോളജിലും കെട്ടിയം എൻ.എസ്.എസ് കോളജിലും കൊട്ടാരക്കര സെന്റ് ഗ്രീഗ്രോറിയസ് കോളജിലും ചാത്തന്നൂർ ഐ.ടി.ഐയിലും എല്ലാം എ.ഐ.എസ്.എഫ് പ്രവർത്തകരെ കായികമായി ആക്രമിക്കാനും സംഘടനാ പ്രവർത്തനം തടസപ്പെടുത്താനും എസ്.എഫ്.ഐ പലതവണ ശ്രമിച്ചു.
ഒരുമാസം മുൻപ് ടി.കെ.എം എഞ്ചിനീയറിങ്ങ് കോളജിന് മുന്നിൽ വെച്ച് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻറിനെയും ജില്ലാ സെക്രട്ടറിയേയും ക്രൂരമായി മർദ്ദിച്ചു. ഇതിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തുകയും ചെയ്യേണ്ടിവന്നുവെന്നും ജില്ലാ സമ്മേളന റിപോർട്ടിലുണ്ട്.
ഇതര ജില്ലകളിൽ നിന്ന് വ്യത്യസ്തമായി സി.പി.ഐക്കും വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫിനും നല്ല സ്വാധീനമുണ്ടായിട്ടും കൊല്ലം ജില്ലയിലുടനീളം എസ്.എഫ്.ഐയിൽ നിന്ന് നേരിടേണ്ടി വരുന്ന ആക്രമണമാണ് ജില്ലാ സമ്മേളന റിപോർട്ടിലെ വിമർശനത്തിന് വഴിവെച്ചത്.
തീരപ്രദേശത്ത് പാർട്ടി സ്വാധീനം വർധിപ്പിക്കണമെന്നും സി.പി.ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ ചേർക്കുന്നത് സമയബന്ധിതമായി പൂർത്തിയാക്കാനായില്ലെന്നും റിപോർട്ടിൽ വിമർശനമുണ്ട്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന കാര്യത്തിൽ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കുറ്റകരമായ അനാസ്ഥ സ്വീകരിക്കാവുന്നതല്ലെന്നും റിപോർട്ടിൽ പറയുന്നുണ്ട്.
കുണ്ടറ നിയമസഭാ മണ‍്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിൽ സി.പി.എമ്മിനും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന പരാമർശങ്ങളും പ്രവർത്തന റിപോർട്ടിൽ കാണാം.
കുണ്ടറയിലെ പ്രചാരണത്തിൽ സി.പി.എമ്മിൻെറ ജനപ്രതിനിധികൾ വേണ്ടത്ര ഇടപെട്ടില്ലെന്നാണ് റിപോർട്ടിലെ കുറ്റപ്പെടുത്തൽ. കുണ്ടറയിലെ പല ബൂത്തുകളിലും സി.പി.എം പ്രവർത്തകരുടെ പ്രവർത്തനം സജീവമായിരുന്നില്ലെന്നും റിപോർട്ട് വിമർശിക്കുന്നു.
സർക്കാരിലെ പ്രധാന വകുപ്പുകളെയെല്ലാം പ്രശംസിക്കുന്ന റിപോർട്ടിൽ സി.പി.ഐ മന്ത്രിയായ ജെ.ചിഞ്ചുറാണി ഭരിക്കുന്ന മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പിനെ കുറിച്ച് ഒരു പരാമർശവുമില്ല. ഇത് ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ഇടയിൽ ചർച്ചയായിട്ടുണ്ട്.