തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് അരങ്ങൊരുങ്ങിയതോടെ തെക്കൻ കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ആരൊക്കെ എത്തുമെന്ന ചർച്ച സജീവമാകുന്നു.
തെക്കൻ കേരളത്തിൽ നിന്ന് തലയെടുപ്പുളള നേതാക്കൾ സി.പി.എമ്മിൽ ഇല്ലെന്നും നേതാക്കളെല്ലാം കണ്ണൂരിൽ നിന്നാണെന്ന വിമർശനത്തിനിടയിൽ കൂടിയാണ് ഈ ചർച്ചയും ഉയർന്നുവരുന്നത്.
ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നിവയടങ്ങുന്ന തെക്കൻ ജില്ലകളിൽ നിന്ന് ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയേറ്റിലുളളത് ഡോ.ടി.എം.തോമസ് ഐസക്,കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ആനാവൂർ നാഗപ്പൻ എന്നിവരാണ്.
കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിൽ സി.എസ്.സുജാതയും സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ ഭാഗമായി പ്രവർത്തിക്കുന്നു. വി.എസ്.അച്യുതാനന്ദനെ പോലെ സി.പി.എം രാഷ്ട്രീയത്തിലെ അതികായർ ഉണ്ടായിരുന്ന തെക്കൻ ജില്ലയുടെ പ്രാതിനിധ്യമാണ് ഇത്തരത്തിൽ ചുരുങ്ങി പോയത്.
ഇപ്പോഴുളള സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ ബാലഗോപാലും സജി ചെറിയാനും ആനാവൂരും മാത്രമാണ് ജില്ലാ പ്രാതിനിധ്യത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയത്.
ഐസക് ആലപ്പുഴ ബന്ധമുളളയാളാണെങ്കിലും ജില്ലാ പ്രാതിനിധ്യത്തിൽ നേതൃ സമിതിയിലേക്ക് വന്ന നേതാവല്ല. കൊല്ലം സമ്മേളനത്തോടെ തിരുവനന്തപുരത്ത് നിന്നുളള ആനാവൂർ നാഗപ്പൻ 75 വയസ് പ്രായപരിധിയിൽ സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാകും.
ആനത്തലവട്ടം പ്രായപരിധിയിൽ ഒഴിഞ്ഞപ്പോഴാണ് എറണാകുളം സമ്മേളനത്തിൽ ആനാവൂർ സംസ്ഥാന സെക്രട്ടേറിയേറ്റിൽ എത്തിയത്. എന്നാൽ ഒരു ടേം മാത്രമേ സെക്രട്ടേറിയേറ്റംഗമായി പ്രവർത്തിക്കാൻ ആനാവൂരിന് കഴിഞ്ഞുളളു.
കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയേറ്റ് ആഴിച്ച് പണിയുമ്പോൾ തിരുവനന്തപുരത്ത് നിന്ന് ആനാവൂരിന് പകരക്കാരനായി ആരെത്തുമെന്നതാണ് ചോദ്യം.
ജില്ലയിൽ നിന്നുളള സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും സീനിയർ നിയമസഭാ സ്പീക്കറും മന്ത്രിയും ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും എല്ലാമായി പ്രവർത്തിച്ച എം.വിജയകുമാറാണ്.
74 വയസ് പിന്നിട്ട എം.വിജയകുമാറിനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ സാധ്യത കുറവാണ്.മുഖ്യമന്ത്രിക്ക് താൽപര്യമുളള നേതാവല്ല എന്നതാണ് വിജയകുമാറിൻെറ പ്രതികൂല ഘടകം.
സംസ്ഥാന കമ്മിറ്റി അംഗമെന്ന നിലയിൽ ആനാവൂരിനേക്കൾ സീനിയർ ആയിട്ടും കഴിഞ്ഞ സമ്മേളനത്തിൽ വിജയകുമാറിനെ സംസ്ഥാന സെക്രട്ടേറിയേറ്റ് ആംഗം ആക്കാതിരുന്നതും ഇതുകൊണ്ടാണ്.
ജില്ലക്കപ്പുറം നേതാവായി അറിയപ്പെടാതിരുന്ന ആനാവൂരിനെ സെക്രട്ടേറിയേറ്റംഗമാക്കിയത് കൊണ്ട് കാര്യമായ നേട്ടമൊന്നും സി.പി.എമ്മിന് ഉണ്ടായില്ല എന്നത് വാസ്തവമാണെന്ന് നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഇത് മനസിൽ വെച്ച് കൊണ്ടുവേണം ഇത്തവണ ആനാവൂരിന് പകരക്കാരനെ നിശ്ചയിക്കേണ്ടതെന്നാണ് നേതാക്കളുടെ അഭിപ്രായം.
എം.വിജയകുമാർ കഴിഞ്ഞാൽ മുൻ മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപളളി സുരേന്ദ്രനാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാൻ സാധ്യതയുളളത്.
ഈഴവ വിഭാഗത്തിൽ നിന്നുളള നേതാവ് എന്നതും മികച്ച സംഘാടകൻ എന്നതും കടകംപളളി സുരേന്ദ്രൻെറ അനുകൂല ഘടകം. മുഖ്യമന്ത്രി പിണറായി വിജയനും താൽപര്യമുളള നേതാവുമാണ് കടകംപളളി.
മന്ത്രി റിയാസുമായി അടുത്തകാലത്തുണ്ടായ ചില ഭിന്നതകളാണ് കടകംപളളിയുടെ പ്രതികൂല ഘടകം. കടകംപളളി ഒഴിവാക്കപ്പെടുകയാണെങ്കിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി സെക്രട്ടേറിയേറ്റിലേക്ക് എത്തിയേക്കും.
വനിതാ നേതാവ് എന്ന നിലയിൽ ടി.എൻ.സീമയുടെ പേരും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെട്ടേക്കും .പി.കെ.ശ്രീമതി സ്ഥാനം ഒഴിയുമ്പോൾ വനിതാ പ്രാതിനിധ്യം എന്ന നിലയിൽ സീമയെ പരിഗണിക്കാനുളള സാധ്യത കൂടുതലാണ്.