തളിപ്പറമ്പ് സീറ്റ് ഗോവിന്ദന്റെ വീട്ടിലേക്കോ ? നവമാധ്യമ സേന നയിച്ചിട്ടും എം.വി. നികേഷ് കുമാറിന് നിയമസഭാ ടിക്കറ്റ് ഇല്ല; പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ നിരാശയും ഉള്ളിളക്കവും സിപിഎമ്മിൽ ചർച്ച

New Update
G

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സിപിഎമ്മിൻെറ സ്ഥാനാർത്ഥിപട്ടികയ്ക്ക് അന്തിമരൂപമായതോടെ സീറ്റ് പ്രതീക്ഷിച്ചിരുന്ന പാർട്ടിയുടെ നവമാധ്യമ വിഭാഗം തലവൻ എം.വി.നികേഷ് കുമാർ കടുത്ത നിരാശയിൽ.

Advertisment

ആഗ്രഹിച്ചിരുന്ന തളിപ്പറമ്പ് സീറ്റ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ ഭാര്യ പി.കെ.ശ്യാമളയ്ക്കായി നീക്കീവെച്ചതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുപ്പായം തയിപ്പിച്ച് കാത്തിരുന്ന നികേഷ് കുമാർ നിരാശയുടെ പടുകുഴിയിലേക്ക് വീണത്.

സീറ്റ് നിഷേധിച്ചതിനേക്കാൾ ഏറെ സീറ്റില്ലെന്ന വിവരം ആരും പറഞ്ഞില്ല എന്നതാണ് നികേഷ് കുമാറിനെ വേദനിപ്പിക്കുന്നത്.സീറ്റ് ലഭിക്കുമോയെന്നോ സീറ്റില്ലേ എന്നോ  ആരോടും ചോദിക്കാൻ കഴിയാത്ത നിസ്സഹായതയും നികേഷ് കുമാറിനെ അലട്ടുന്നുണ്ട്.


രണ്ടാം തവണയും മാധ്യമ പ്രവർത്തനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് അബദ്ധമായിപ്പോയെന്ന വികാരവും നികേഷ് കുമാറിനെ അലട്ടുന്നുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുളളവരും ഒപ്പം പ്രവർത്തിക്കുന്നവരും നൽകുന്ന വിവരം.


നവമാധ്യമ വിഭാഗത്തിലെ ജീവനക്കാരോട് ഒന്നും പറയുന്നില്ലെങ്കിലും നിരാശനാണെന്ന് പെരുമാറ്റത്തിൽ നിന്ന് വ്യക്തമാണെന്നാണ് അവർ പറയുന്നത്.മാധ്യമ  പ്രവർത്തനം അവസാനിപ്പിച്ച് സിപിഎമ്മിൽ സജീവാകുമ്പോൾ തന്നെ നികേഷ് കുമാറിൻെറ ലക്ഷ്യം നിയമസഭാ സീറ്റായിരുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് സീറ്റിൽ കെ.എം.ഷാജിയോട് ഏറ്റ തോൽവിയുടെ നാണക്കേട് കഴുകിക്കളയണമെന്ന ആഗ്രഹവും ഇതിന് പിന്നിലുണ്ടായിരുന്നു.സീറ്റ് ലഭിക്കുന്നതിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സഹായിക്കുമെന്ന വിശ്വാസത്തിലായിരുന്നു നികേഷ് കുമാർ മുന്നോട്ടുപോയത്.

നവമാധ്യമ വിഭാഗത്തിൻെറ നേതൃത്വം ഏറ്റെടുത്ത് വലിയ അധ്വാനം നടത്തിയതും ഗോവിന്ദനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു.നവമാധ്യമ പ്രവർത്തനങ്ങളിൽ സഹകരിക്കാറുളള സിനിമ സഹസംവിധായകൻ കൂടിയായ ഗോവിന്ദൻെറ മകൻ ശ്യാംജിത്തുമായുളള അടുത്ത ബന്ധവും സീറ്റ് ലഭിക്കാൻ സഹായകമാകുമെന്നാണ് നികേഷ് കുമാർ പ്രതീക്ഷിച്ചിരുന്നത്.എന്നാൽ തളിപ്പറമ്പിലെ പിന്തുടർച്ചക്കാരിയായി എം വി ഗോവിന്ദൻ കണ്ടത് സ്വന്തം ഭാര്യയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമളയെ തന്നെയാണ്.

നികേഷ് കൂടി അംഗമായ കണ്ണൂർ  ജില്ലാ കമ്മിറ്റി അപ്രതീക്ഷിതമായ പി.കെ.ശ്യാമളയുടെ പേര് നിർദ്ദേശിച്ചപ്പോഴും നികേഷിന് നേരിയ പ്രതീക്ഷയുണ്ടായിരുന്നു.സംസ്ഥാന നേതൃത്വം ഇടപെട്ട് മാറ്റം വരുത്തും എന്നതായിരുന്നു പ്രതീക്ഷയുടെ അടിസ്ഥാനം.എന്നാൽ സംസ്ഥാന സെക്രട്ടേറിയേറ്റും ഒടുവിൽ സംസ്ഥാന സമിതിയും പി.കെ.ശ്യാമളയുടെ പേരിന് തുല്യം ചാർത്തിയതോടെ നികേഷിൻെറ പ്രതീക്ഷകൾ അസ്തമിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻെറ നിലപാടാണ് നിയമസഭാ സീറ്റ് എന്ന നികേഷിൻെറ സ്വപ്നം തകർത്തു കളഞ്ഞത്.2016ലെ അഴിക്കോട് തോൽവി വിശദമായി വിലയിരുത്തിയിട്ടുളള പിണറായി വിജയന് അതിൻെറ മുഖ്യകാരണം പാർട്ടി കേന്ദ്രങ്ങളിൽ നിന്നുളള വോട്ടു 

ചോർച്ചയാണെന്ന് നല്ല ബോധ്യമുണ്ടായിരുന്നു.കൂത്തുപറമ്പ് വെടിവെയ്പിൻെറ കാരണക്കാരൻെറ മകനായി മാത്രം നികേഷ് കുമാറിനെ കാണുന്ന പാർട്ടി അണികൾ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ ഇടയില്ലെന്ന റിപോർട്ടുകൾ കൂടി നികേഷിന് സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പിണറായിയെ നയിച്ചു എന്നാണ് സൂചന.

നവമാധ്യമ വിഭാഗത്തിൻെറ തലവൻ എന്ന നിലിയിലുളള നികേഷിൻെറ പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിക്ക് തൃപ്തിയില്ലായിരുന്നു.

സർക്കാരിനും പാർട്ടിക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ നികേഷിൻെറ നേതൃത്വത്തിലുളള സംവിധാനം പരാജയമാണെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.പാർട്ടിയിലേക്കുളള നികേഷ് കുമാറിൻെറ വരവിന് തലതൊട്ടപ്പനായി നിന്ന ജോൺ ബ്രിട്ടാസും സീറ്റുകൾ വീതം വെയ്ക്കുന്ന സമയത്ത് സഹായിച്ചില്ലെന്നാണ് നികേഷിൻെറ പരിഭവം.

നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചരണത്തിൽ സിപിഎമ്മിൻെറ തന്ത്രജ്ഞനായി നിന്നുകൊണ്ട് കരുക്കൾ നീക്കുന്നത് നികേഷ് കുമാർ ആണെന്നാണ് അവകാശവാദം.കോൺഗ്രസിൻെറ പ്രചരണത്തെ കനദഗോലു തന്ത്രമെന്ന് പരിഹസിക്കുന്നത് കൊണ്ട് യുഡിഎഫ് അണികളും അനുകൂലികളും നികേഷ് കുമാറിനെ 'കിണർഗോലു' എന്നാണ് കളിയാക്കുന്നത്.

കോൺഗ്രസിന് വിപുലമായ പി.ആർ.ടീമിനെ നികേഷ് കുമാർ ഒറ്റയ്ക്ക് നേരിടുന്നു എന്ന പ്രതീതി ജനിപ്പിക്കുന്നതിനുളള ഇടപെടലും നികേഷ് കുമാർ നടത്തുന്നുണ്ട്.ഫേസ് ബുക്കിലെ ചില പേജുകൾ വഴിയാണ് ഒറ്റയാൻ പോരാട്ടത്തെപ്പറ്റി ഭാഷ്യങ്ങൾ ചമയ്ക്കുന്നത്.'' എന്താണോ കോടാനുകോടികൾ ചിലവിട്ട് കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് കനഗോലു കെട്ടിപ്പൊക്കിയത് അതൊക്കെ വെറും ഒന്നര മാസം കൊണ്ട് ലോ കോസ്റ്റ് ബഡ്ജറ്റിൽ ദൃശ്യ മാധ്യമ എക്സ്പേർട്ട് ആയ നികേഷ് കുമാർ പുഷ്പം പോലെ തകർത്തെറിഞ് സമ്പൂർണ ആധിപത്യം നേടുന്നു.

സുനിൽ കുമാർ കനഗോലു കോടികൾ ചിലവിട്ട് മാധ്യമങ്ങളെ തേടി പോയപ്പോൾ.. മാധ്യമങ്ങൾ നികേഷ് കുമാറിനെ തേടി ഇങ്ങോട്ട് വന്ന് അയാളെന്താണോ ഉദ്ദേശിച്ചത് അത് നേടിക്കൊടുക്കുന്നു. ഫുൾ പോസിറ്റീവ് വാർത്തകൾ, മാറ്റങ്ങൾ ചർച്ചയാക്കപ്പെടുന്നു'' ഒരു ഫേസ് ബുക്ക് പേജിൽ വന്ന നികേഷിൻെറ അപദാനമാണിത്.

ഇത്രയൊക്കെ പോരാടിയിട്ടും സീറ്റ് ലഭിക്കാതെ അവഗണിച്ചുവെന്ന സൂചനയാണ് വരികൾക്കിടയിലൂടെ നൽകാൻ ശ്രമിക്കുന്നത്.മൂന്നാം തുടർഭരണം എന്ന ലക്ഷ്യം വിജയത്തിലെത്തിയില്ലെങ്കിൽ നികേഷ് കുമാർ രാഷ്ട്രീയത്തിൽ തുടരുമോ എന്നാണ് പാർട്ടി നേതൃത്വത്തിലെ ചിലരുടെ ചോദ്യം.

latest news
Advertisment