സർ‍ക്കാരിൻെറ മുൻഗണനാ ക്രമം പുതുക്കിനിശ്ചയിക്കും, ക്ഷേമപെൻഷനും സർക്കാർ ജീവനക്കാരുടെ ഡി.എയും കുടിശിക തീർത്ത് നൽകും, അടിസ്ഥാന വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തും; ഭാവി സുരക്ഷിതമാക്കാൻ മാര്‍ഗരേഖയുമായി സി.പി.എം; ലക്ഷ്യം മൂന്നാമതും തുടര്‍ഭരണം, അവശേഷിക്കുന്നത് രണ്ട് വര്‍ഷം ! പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുണ്ട് 'ടാസ്‌ക്'

രണ്ടാം പിണറായി സർക്കാരിൻെറ അവശേഷിക്കുന്ന ഒന്നേമുക്കാൽ വർഷക്കാലം ജനവിശ്വാസം തിരിച്ചുപിടിക്കാൻ ഉതകുന്ന നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കും

New Update
1421334-cpm.webp

തിരുവനന്തപുരം: മൂന്നാമതും തുടർഭരണം ലക്ഷ്യമിട്ട് നീങ്ങാൻ സി.പി.എം സംസ്ഥാന ഘടകം. 2025 ഡിസംബറിൽ നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പും വിജയിക്കുന്നതിനാവശ്യമായ രാഷ്ട്രീയ- സംഘടനാ പദ്ധതികൾ തയാറാക്കി മുന്നോട്ടു പോകാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

Advertisment

രണ്ടാം പിണറായി സർക്കാരിൻെറ അവശേഷിക്കുന്ന ഒന്നേമുക്കാൽ വർഷക്കാലം ജനവിശ്വാസം തിരിച്ചുപിടിക്കാൻ ഉതകുന്ന നടപടികൾ ആവിഷ്കരിച്ച് നടപ്പാക്കും. സർക്കാരിൻെറ പ്രവർത്തനങ്ങൾക്ക് വഴികാട്ടിയാകുന്ന മാർഗരേഖയിലാണ് പാർട്ടിയുടെ ഭാവി ലക്ഷ്യമിട്ടുളള  കർമ്മ പദ്ധതി ഉൾക്കൊളളിച്ചിരിക്കുന്നത്.

മാർഗരേഖയുടെ കരടിന് ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് രൂപം നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ മാർഗരേഖ അവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകളിൽ ഉയർന്ന് വരുന്ന നി‍ർദ്ദേശങ്ങൾകൂടി ഉൾക്കൊളളിച്ചായിരിക്കും മാർഗരേഖയ്ക്ക് അന്തിമരൂപം നൽകുക.


പാർട്ടിയുടെയും സർക്കാരിൻെറയും ഭാവി സുരക്ഷിതം ആക്കാനുളള നിർദ്ദേശങ്ങളാണ് മാർഗരേഖയിലുളളത്. ഭാവിയിൽ ഏറ്റെടുക്കേണ്ട കർമ്മ പദ്ധതികൾ എന്ന നിലയ്ക്കാണ് സി.പി.എം ഈ മാർഗരേഖയെ കാണുന്നത്.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലേത് പോലെ പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി നീങ്ങിയാൽ മൂന്നാമതും തുടർഭരണം അപ്രാപ്യം അല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ വിലയിരുത്തൽ.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഒരു സീറ്റ് മാത്രമാണ് ഇടത് മുന്നണി നേടിയത്. എന്നാൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനായി.

2016ൽ 91 സീറ്റ് നേടിയാണ് ഭരണത്തിൽ തിരിച്ചെത്തിയതെങ്കിൽ 2021 ൽ 99 സീറ്റിൽ വിജയിച്ചാണ് തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിച്ചത്. ഇതാണ് മൂന്നാമതും തുടർഭരണം നേടാമെന്ന സി.പി.എമ്മിൻെറ ആത്മവിശ്വാസത്തിന് കാരണം.

2019ലെ ലോകസഭാ ഫലം വന്നപ്പോൾ 130ഓളം നിയമസഭാ സീറ്റുകളിൽ യു.ഡി.എഫിനായിരുന്നു രാഷ്ട്രീയ മുൻതൂക്കം. എന്നാൽ അതെല്ലാം മറികടന്നാണ് 99 സീറ്റ് എന്ന അതുല്യ നേട്ടത്തിലേക്ക് എത്തിയത്. ഇനിയും അത് സാധിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ കണക്കുകൂട്ടൽ.

വീണ്ടുമൊരു തുടർഭരണം നേടണമെങ്കിൽ പാർട്ടി സംഘടനയും ഭരണവും അതിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റേണ്ടതുണ്ട് എന്നാണ് നേതൃത്വം കാണുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനം അടിസ്ഥാന ജനവിഭാഗങ്ങളാണ്. അത് ഇടതുപക്ഷത്തിന് എക്കാലവും ആശ്രയിക്കാവുന്ന ജനവിഭാഗങ്ങളാണ്. അവരെ ഒപ്പം നിർത്തുന്നതിന് വേണ്ടിയുളള  പദ്ധതികളും പ്രവർത്തനങ്ങളുമാണ് സർക്കാർ നടത്തേണ്ടത്.

62ലക്ഷം പേർക്കുളള ക്ഷേമപെൻഷൻ വിതരണം മുടക്കമില്ലാതെ നൽകുക, സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശിക സമയബന്ധിതമായി കൊടുത്തുതീർ‍ക്കുക,അംഗൻവാടി ജീവനക്കാർ, ആശാവർക്കർമാർ, ഭിന്നശേഷിക്കാർ  സർ‍ക്കാരിൻെറ സംരക്ഷണം വേണ്ട മറ്റ് വിഭാഗങ്ങൾ എന്നിവർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്യുക എന്നിവയാണ് സർക്കാർ ചെയ്യേണ്ടതെന്നാണ് മാർഗരേഖ മുന്നോട്ട് വെയ്ക്കുന്ന നിർദ്ദേശം.


ഈ കാഴ്ചപ്പാട് മുൻനിർത്തി സർക്കാരിൻെറ മുൻഗണനാ ക്രമം മാറണമെന്നും നിർദേശിക്കും. ക്ഷേമ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനുളള നടപടികൾ സർക്കാർ കണ്ടെത്തണം. വകുപ്പുകളുടെ പദ്ധതി വിഹിതം പുന: ക്രമീകരിച്ചും സർക്കാർ സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസുകൾ കൂട്ടിയും പണം കണ്ടെത്താൻ സർക്കാർ ഇപ്പോൾ തന്നെ നടപടികൾ തുടങ്ങിയിട്ടുണ്ട്.


സർക്കാരിൻെറ മുൻഗണന മാറുന്നതിനൊപ്പം പാർട്ടിയും അതിനെ വിവിധ തലങ്ങളിൽ നയിക്കുന്നവരും ജനാഭിമുഖ്യമുളള പ്രവർത്തനങ്ങളിലേക്ക് മാറേണ്ടതുണ്ടെന്നും മാർഗരേഖ ആവശ്യപ്പെടുന്നു. സമൂഹത്തിലെ സഹായവും പരിരക്ഷയും വേണ്ട ജനവിഭാഗങ്ങൾക്ക് കൈ താങ്ങായി നിൽക്കുക എന്നതാണ് പാർട്ടി പ്രവർത്തകരുടെ കർത്തവ്യം.

ഓരോ പ്രദേശത്തും താമസിക്കുന്ന ജനങ്ങളുമായും സജീവമായ ബന്ധം നില നിർത്തിപോരുകയും അവരുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്നവരായും പാർ‍ട്ടി പ്രവർത്തകർ മാറണം.

അഹന്തയും ധാർഷ്ട്യവും ഉപേക്ഷിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറുന്നവരായി നേതാക്കളും പ്രവർത്തകരും മാറണമെന്നും നിർദ്ദേശമുണ്ട്. ഈ കാഴ്ചപ്പാട് ഉയർ‍ത്തിപ്പിടിച്ച് ആത്മാർഥമായി പരിശ്രമം നടത്തിയിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനാകുമെന്നാണ് സി.പി.എമ്മിൻെറ പ്രതീക്ഷ.

Advertisment