തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം, 'ലൈഫ്' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം; ക്ഷേമപെന്‍ഷന്‍ കുടിശിക വേഗത്തില്‍ കൊടുത്ത് തീര്‍ക്കണം; സർക്കാരിൻെറ പ്രവർത്തനം മെച്ചപ്പെടണമെന്ന് സി.പി.എം മാർഗരേഖ. സാമ്പത്തിക അച്ചടക്കം പുലർത്തണമെന്നും നിര്‍ദ്ദേശം ! ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരാനാകണമെന്നും മാര്‍ഗരേഖയില്‍

വീടുകളുമായി പാർട്ടി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നതായുളള വിമ‍ർശനവും രേഖ അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുന്നോട്ടുവെച്ചു

New Update
cpm bjp

തിരുവനന്തപുരം: പാർട്ടിയുടെയും സർക്കാരിൻെറയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ജനകീയമാകാനുളള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് സി.പി.എം മാർഗരേഖ. സംസ്ഥാന സർക്കാരിൻെറ പ്രവ‍ർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടണമെന്ന് നിർദ്ദേശിക്കുന്ന മാർഗരേഖ, സർക്കാർ പരാതികൾക്കും ആക്ഷേപങ്ങൾക്കും അതീതമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Advertisment

പദ്ധതികൾ വലുതോ ചെറുതോ ആയാലും സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതാകണം. യുവാക്കളെ സ‍ർക്കാരിനോട് അടുപ്പിക്കാനും അവരുടെ പിന്തുണയാർജിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മാർഗരേഖ ചൂണ്ടിക്കാട്ടുന്നു.

5 കൊല്ലം കൊണ്ട് 5 ലക്ഷം വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് നിലവിൽവന്ന ലൈഫ് മിഷൻ 8 കൊല്ലം പിന്നിട്ടിട്ടും നാലരലക്ഷം വീടുകൾ പോലും നൽകിയിട്ടില്ല. ലൈഫ് പദ്ധതി പ്രകാരമുളള ഭവന നിർമ്മാണ പദ്ധതിയുടെ വേഗം വർദ്ധിപ്പിക്കാനാകണം.


പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനുളള ഇടപെടൽ എല്ലാ വകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. സമൂഹത്തിലെ അടിസ്ഥാന - ദുർബല വിഭാഗങ്ങൾക്കായുളള വികസന പദ്ധതികൾ ഒരു കാരണവശാലും മുടങ്ങാൻ പാടില്ല.


ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ കൊടുത്ത് തീർ‍ക്കാൻ സർക്കാരിന് കഴിയണം. ധൂർത്തും പാഴ്ചെലവുകളും ഒഴിവാക്കി സർക്കാർ സാമ്പത്തിക അച്ചടക്കം പുലർത്തണെമന്നും സംസ്ഥാന കമ്മിറ്റിയിൽ അവതരിച്ച മാർഗരേഖ ആവശ്യപ്പെടുന്നു. ലൈഫ് മിഷൻ അടക്കമുളള പദ്ധതികൾക്ക് ലഭിക്കേണ്ട കേന്ദ്ര സർക്കാരിൻെറ സഹായം യഥാസമയം ലഭിക്കാത്തത് കൃത്യമായി ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനാകണം.

എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിന് മാത്രമായി പരിഹരിക്കാനാവുന്നതല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഓരോ മേഖലയിലുമുളള പദ്ധതികൾക്ക്  ഇത്തരത്തിൽ സഹായം ലഭ്യമാക്കുന്നതിൽ കേന്ദ്രത്തിൻെറ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവത്തിനെതിരെ അതാത് മേഖലയിലെ സംഘടനകൾ സമരപരിപാടികൾ സംഘടിപ്പിക്കണമെന്നാണ് മാർഗരേഖ ആവശ്യപ്പെടുന്നത്.


സർക്കാരിൽ എന്ന പോലെ പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തിലും കാതലായ മാറ്റങ്ങൾ വേണമെന്നാണ് മാർ‍ഗരേഖയിലെ നിർ‍ദ്ദേശം.


കേരളത്തിലെ പൊതുസമൂഹത്തിൽ ഹൈന്ദവ ചിന്താഗതിയുടെയും ഹൈന്ദവാശയങ്ങളുടെയും സ്വാധീനം ശക്തിപ്പെട്ട് വരുന്നുണ്ട്.ഇതിനെ ഗൗരവമായി തന്നെ കാണണം. പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കായ ഹിന്ദു വോട്ടുകളെ വർഗീയവൽക്കരിക്കുന്നു. ഹിന്ദു വികാരം ഉദ്ദീപിപ്പിച്ച് ഹൈന്ദവ വോട്ടുകൾ വരുതിയിൽ കൊണ്ടുവരാനാണ് ബി.ജെ.പിയുടെ ശ്രമം.

ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടുവരാനാകണം. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. പ്രവർത്തനത്തിലെ ചെറുതും വലതുമായ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും തിരുത്തിയും  മുന്നോട്ട് പോയാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാകും.

ആക്ഷേപങ്ങൾക്ക് അതീതവും മാതൃകാപരവുമായ പെരുമാറ്റ ശൈലിയാണ് പാർട്ടിയുടെ എല്ലാതലത്തിലുമുളള പ്രവർത്തകർ സ്വീകരിക്കേണ്ടത്. പാർട്ടി പ്രവർത്തനത്തിന് നല്ല  കേഡർമാരില്ലെന്ന പരാതിയും മാർഗരേഖയിലുണ്ട്.

ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആളെ  കിട്ടാത്ത അവസ്ഥയുണ്ട്. വീടുകളുമായി പാർട്ടി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാകുന്നതായുളള വിമ‍ർശനവും രേഖ അവതരിപ്പിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മുന്നോട്ടുവെച്ചു.

Advertisment