/sathyam/media/media_files/2025/01/26/ITLtXfeQNf4LdTGNRKyi.jpg)
കൊച്ചി: സി.എന്‍. മോഹനന്‍ സി.പി.എം ജില്ലാ സെക്രട്ടറിയായി തുടരും. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് ശേഷം സി.എന്‍.മോഹനനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കുമെന്ന് ഉറപ്പായി.
വ്യവസായ നഗരം ഉള്‍പ്പെടുന്ന ജില്ലയുടെ ജില്ലാ സെക്രട്ടറിയായി രണ്ട് ടേം പിന്നിട്ട സി.എന്‍. മോഹനന് വീണ്ടും ജില്ലാ സെക്രട്ടറിയാകാന്‍ തുണയാകുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ലോഭമായ പിന്തുണ
എറണാകുളം ജില്ലയിലെ നേതാക്കളെല്ലാം വി.എസ് പക്ഷത്തായിരുന്ന കാലത്തും പിണറായിക്കൊപ്പം ഔദ്യോഗിക പക്ഷത്ത് ഉറച്ച് നിന്ന നേതാവാണ് സി.എന്‍.മോഹനന്‍. അതാണ് സി.എന്‍.മോഹനന്റെ മൂന്നാം ടേമും ജില്ലാ സെക്രട്ടറിയായി തുടരാനുളള മൂലധനം.
പി.രാജീവ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷമാണ് സി.എന്‍.മോഹനന്‍ എറണാകുളം ജില്ലയിലെ സി.പി.എമ്മിന്റെ അമരക്കാരനായി മാറുന്നത്.
എന്നാല്‍ പിന്നീട് പി.രാജീവുമായി അകന്ന സി.എന്‍. മോഹനന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ വിരുദ്ധ ധ്രുവത്തിലാണ്. ജില്ലാ സമ്മേളനത്തില്‍ സി.എന്‍.മോഹനനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണമെങ്കില്‍ പി.രാജീവ് മുന്‍കൈ എടുത്താല്‍ മാത്രമേ സാധ്യതയുളളു.
നാളെ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തന്നെ ജില്ലാ സമ്മേളനത്തിലേക്ക് എത്തുന്നുണ്ട്. പിണറായിയുടെ സാന്നിധ്യത്തില്‍ മോഹനനെതിരെ അട്ടിമറി നടത്താന്‍ പി.രാജീവും അനുകൂലികളും സന്നദ്ധരാകാന്‍ സാധ്യതയില്ല.
ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ തന്നെ പി.രാജീവും സി.എന്‍.മോഹനനും തമ്മില്‍ അകന്നിരുന്നു. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തോടെയാണ് രാജീവും മോഹനനും തമ്മിലുളള ഭിന്നത മറനീക്കി പുറത്തായത്.
ജില്ലാ കമ്മിറ്റി ചേര്‍ന്ന് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് ചുവരെഴുത്തും തുടങ്ങിയെങ്കിലും അത് അംഗീകരിക്കാന്‍ തയാറായില്ല. പി.രാജീവ് മുന്നോട്ടുവെച്ച ഡോ.ജോ ജേക്കബാണ് പിന്നീട് സ്ഥാനാര്‍ത്ഥിയായി വന്നത്
തിരഞ്ഞെടുപ്പില്‍ ജോ ജേക്കബ് വന്‍ മാര്‍ജിനില്‍ തോറ്റതോടെ ഭിന്നത മൂര്‍ച്ഛിക്കുകയാണ് ഉണ്ടായത്. എന്നാല്‍ പിണറായിയുടെ വിശ്വസ്തനെന്ന കരുത്തിലാണ് സി.എന്‍.മോഹനന്‍ പിടിച്ചുനിന്നത്.
ഇക്കുറിയും പിണറായി കാക്കുമെന്ന പ്രതീക്ഷയിലാണ് സി.എന്‍.മോഹനനെ അനുകൂലിക്കുന്നവര്‍. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആകാനും ആഗ്രഹിക്കുന്ന സി.എന്‍.മോഹനന്‍ അതിനുളള ശ്രമത്തിലാണ്.
എറണാകുളം ആതിഥേയത്വം വഹിച്ച സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായാല്‍ ജില്ലാ സെക്രട്ടറി പദവി ഒഴിയേണ്ടി വരും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് സി.എന്‍ മോഹനന്‍ തുടര്‍ന്നാലും പുതിയ ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ പി.രാജീവിന്റെ താല്‍പര്യങ്ങളാകും നിര്‍ണായകമാകുക.
എറണാകുളം ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തൊഴിലാളികളെ ദ്രോഹിക്കുന്നതാണ് സര്‍ക്കാരിന്റെ സമീപനമെന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്ന വിമര്‍ശനം.
സര്‍ക്കാര്‍ തൊഴിലാളി ക്ഷേമനിധികളെ തകര്‍ത്തുവെന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആനുകൂല്യം പോലും ലഭിക്കാതെ ഇരിക്കുമ്പോള്‍ പുതിയ ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് പ്രഹസനമാണ് എന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു
സംസ്ഥാനത്ത് ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തിലാണ് എന്നും,പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കാതെ ഇരിക്കുന്നത് തൊഴിലാളികളെ പാര്‍ട്ടിക്ക് എതിരാക്കുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് രണ്ടുവര്‍ഷമായി തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല എന്നത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നതെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ലയിലെ പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം സ്വത്ത് സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് പാര്‍ട്ടി പ്രവര്‍ത്തനത്തെ കാണുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ വിമര്‍ശച്ചിരുന്നു.
മറ്റു ജില്ലകളില്‍ ഒന്നും കാണാത്ത ജീര്‍ണ്ണതകളാണ് എറണാകുളത്ത് നിലനില്‍ക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് എം.വി ഗോവിന്ദന്‍ഈ ആക്ഷേപം ഉന്നയിച്ചത്. വന്യജീവി ആക്രമണങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്
എന്തിനാണ് ഇങ്ങനെയൊരു വനമന്ത്രി എന്നാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. വന്യമൃഗങ്ങള്‍ ആളുകളെ കൊല്ലുമ്പോള്‍ നഷ്ടപരിഹാരം നല്‍കാന്‍ മാത്രമായി മന്ത്രി വേണമോയെന്നായിരുന്നു പ്രതിനിധികള്‍ ചോദിച്ചത്.
കൃഷിയും ,വീടുകളും സമ്പാദ്യങ്ങളുമെല്ലാം വന്യമൃഗങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആ വഴിക്ക് കാണാറില്ലെന്നും എന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
മലയോര മേഖലയിലെ വന്യജീവി ആക്രമണം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്നത് ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കുമെന്നും പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി.