കൊല്ലം: പ്രകടമായ വിഭാഗീയത അവസാനിപ്പിച്ചിട്ടും ചിലരില്‍ ഇപ്പോഴും വിഭാഗീയ സംസ്‌ക്കാരമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്.
പാര്‍ട്ടിയിലെ വീണ്ടും ചിലരില്‍ വിഭാഗീയത ഉണ്ടെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. വിഭാഗീയത പ്രവണത പൊതുവേ അവസാനിച്ചെങ്കിലും അത്തരം സംസ്‌ക്കാരത്തിന് അടിമപ്പെട്ടവര്‍ ഇന്നും പാര്‍ട്ടിയില്‍ ഉണ്ട്.
പ്രാദേശിക തലത്തിലും വിഭാഗീയത ഉയരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള പരാതികള്‍ ശരിയായി പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. ജില്ലകളിലെ സംഘടനാ പരമായ പരാതികള്‍ തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെടും.
ജില്ലകളില്‍ നിന്നുള്ള പരാതികളിലെല്ലാം സംസ്ഥാന സെന്ററില്‍ നിന്നുള്ള നേതാക്കള്‍ ഇടപെട്ട് പരിശോധിക്കണമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നത്. കീഴ്ഘടകങ്ങളില്‍ സംസ്ഥാന സെന്ററിലെ നേതാക്കള്‍ എത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും.
വ്യക്തിയ്ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കു പിന്നിലും പാര്‍ട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ല. ഇത്തരം ശ്രമങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.