കൊല്ലം: സമൂഹ മാധ്യമങ്ങളില്‍ കയ്യടി കിട്ടാന്‍ റീല്‍സും പ്രസംഗങ്ങളും പോസ്റ്റ് ചെയ്യുന്ന നേതാക്കള്‍ക്ക് ഉപദേശവുമായി സിപിഎം. സോഷ്യല്‍ മീഡിയ ഉപയോഗം ഫാന്‍സിനെ കൂട്ടാന്‍ മാത്രമാകരുതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.
സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന സംസ്ഥാന നേതാക്കള്‍ അതുകൊണ്ട് പാര്‍ട്ടിക്ക് എന്തു ഗുണം എന്ന് കൂടി ചിന്തിക്കണമെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
ആരാധകരെയും ഫോളോവേഴ്‌സിനെയും കൂട്ടാന്‍ വേണ്ടി മാത്രമാകരുത് നവമാധ്യമ ഇടപെടല്‍. പാര്‍ട്ടിയുടെ ആശയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാധ്യമമായി കൂടി സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് രേഖ നിര്‍ദ്ദേശിച്ചു.
സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും മാത്രം സജീവമാകുന്ന യുവ നേതാക്കള്‍ക്കും രേഖയില്‍ പരോക്ഷ വിമര്‍ശനമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ യുവനിര കൂടുതല്‍ സജീവമാകണം എന്നാണ് ആവശ്യം.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുന്‍കാല നേതാക്കളെ മാതൃകയാക്കണമെന്നും സംഘടനാ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനം അനിവാര്യമാണ്. പാര്‍ട്ടി സ്വയം അധികാര കേന്ദ്രമായി മാറരുത്.
ഭരണത്തുടര്‍ച്ച ഉണ്ടാക്കിയ കടമകള്‍ മറന്നു പോകരുത്. ബംഗാള്‍ മുന്നിലുള്ള അനുഭവമാണെന്നും സംഘടന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. നേതാക്കള്‍ ജനങ്ങളുമായി സജീവമായി ഇടപെടണം.
ഓരോ പാര്‍ട്ടിയംഗവും ബ്രാഞ്ചിലെ 10 വീടുകളുമായി ബന്ധമുണ്ടാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം താഴെ തട്ടില്‍ എത്തുന്നില്ല. പ്രവര്‍ത്തനങ്ങളും പ്രചരണവും കാര്യക്ഷമമാക്കണം.
ആള്‍ക്കൂട്ടമല്ല സംഘടന പ്രവര്‍ത്തനം. പാര്‍ട്ടിയെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കരുത്. അത്തരം പ്രവണത ആപല്‍ക്കരമാണെന്നും സംഘടനാ റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.