കൊല്ലം: സിപി എമ്മിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ മന്ത്രി ബാലഗോപാലിനും പി എ മുഹമ്മദ് റിയാസിനും കെ കെ ശൈലജയ്ക്കും പ്രശംസ. മന്ത്രിമാര്‍ എന്ന നിലയിലും സംഘടനാ പ്രവര്‍ത്തനത്തിലും മികവു പുലര്‍ത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നേതാക്കളെ മുക്തകണ്ഠം പ്രശംസിക്കുന്നത്.
എന്നാല്‍ ഇ പി ജയരാജന്‍, ഡോ. ടി എം തോമസ് ഐസക്, സജി ചെറിയാന്‍ എന്നിവര്‍ക്ക് എതിരെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഭാഗത്താണ് ഈ പരാമര്‍ശങ്ങള്‍.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അതിനിടയിലും നല്ല പ്രവര്‍ത്തനം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പ്രശംസ.
സാമ്പത്തിക ഞെരുക്കത്തിനിടയിലും സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നു .പ്രതിസന്ധി ഘട്ടത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ബാലഗോപാലിന് കഴിഞ്ഞതായി റിപ്പോര്‍ട്ടര്‍ പ്രശംസിക്കുന്നുണ്ട്.
സംസ്ഥാനത്തെ മാധ്യമ കടന്നാക്രമണത്തിന്റെ ഇരയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
രാഷ്ട്രീയമായ വിഷയങ്ങളില്‍ അപ്പപ്പോള്‍ പ്രതികരിക്കുന്നതാണ് മാധ്യമ വേട്ടക്ക് കാരണമെന്നാണ് പ്രശംസ. കെ.കെ.ശൈലജ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുത്ത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നും റിപ്പോര്‍ട്ട് പുകഴ്ത്തുന്നു.
അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ തോമസ് ഐസക് കൂടുതല്‍ ശ്രദ്ധിക്കണം എന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാവായ ഇ.പി. ജയരാജന്‍ നേതൃതലത്തില്‍ കൂടുതല്‍ സജീവമാകണെമെന്നും നിര്‍ദ്ദേശമുണ്ട്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു എന്നു മറക്കരുതെന്ന് റിപ്പോര്‍ട്ട് സജി ചെറിയാനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.