/sathyam/media/media_files/2025/03/10/YP5M5hsoGPOU3bqGp5ea.jpg)
തിരുവനന്തപുരം: സമ്പൂര്‍ണ ഐക്യത്തിന്റെ പ്രഘോഷണത്തിന്റെ വേദിയാണെന്ന് സി.പി.എം നേതാക്കള്‍ വിശേഷിപ്പിച്ച കൊല്ലം സംസ്ഥാന സമ്മേളനത്തിന് ശേഷം പാര്‍ട്ടിയില്‍ അതൃപ്തി രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയേറ്റ് തിരഞ്ഞെടുപ്പുകളെ ചുറ്റിപ്പറ്റിയാണ് പ്രതിഷേധം നുരഞ്ഞു പൊന്തുന്നത്.
സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പുതിയ പാനലില്‍ എതിര്‍പ്പറിയിച്ച് മുതിര്‍ന്ന നേതാക്കളായ പി.ജയരാജനും ജെ. മേഴ്‌സിക്കുട്ടിയമ്മയും ആദ്യ സംസ്ഥാന സമിതി യോഗത്തില്‍ തന്നെ വിയോജിപ്പ് അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തി പത്തനംതിട്ടയില്‍ നിന്നുളള എ.പത്മകുമാറും കണ്ണൂരില്‍ നിന്നുള്ള എന്‍ സുകന്യയും രംഗത്ത് വന്നു.
സംസ്ഥാന സെക്രട്ടേറിയറ്റില്‍ എത്താന്‍ ഇനി ഒരു അവസരം ഇല്ലെന്ന തിരിച്ചറിവാണ് പി.ജയരാജന്റെ എതിര്‍പ്പിന് കാരണം. സംസ്ഥാന സമിതിയില്‍ പുതിയ സെക്രട്ടേറിയറ്റിന്റെ പാനല്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം എതിര്‍പ്പ് അറിയിക്കുകയായിരുന്നു. വിയോജിപ്പ് തുറന്നു പറഞ്ഞ പി.ജയരാജന്‍ സെക്രട്ടേറിയേറ്റ് പാനല്‍ പുന:പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
വിയോജിപ്പ് ഉണ്ടെങ്കിലും എതിര്‍ത്ത് വോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞത് നേതൃത്വത്തിന് ആശ്വാസമായി. സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച കൊല്ലം ജില്ലയില്‍ നിന്നുളള ജെ.മേഴ്‌സിക്കുട്ടിയമ്മയും സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാത്തതിലുളള എതിര്‍പ്പ് അറിയിച്ചു.
പാര്‍ട്ടിയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യം ഉണ്ടായിട്ടും പരിഗണിക്കാത്തത് അനീതിയാണെന്ന വികാരത്തിലായിരുന്നു മേഴ്‌സിക്കുട്ടിയമ്മ.
സംസ്ഥാനത്ത് നിന്നുളള വനിതാ നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. 1998ലെ പാലക്കാട് സമ്മേളനത്തില്‍ വെച്ചാണ് മേഴ്‌സി കുട്ടി അമ്മയും പി.ജയരാജനും സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നത്.
വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ സി.ഐ.ടി.യു വിഭാഗത്തെ വെട്ടിനിരത്തിയ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിലൂടെയാണ് ഇരുവരും സംസ്ഥാന കമ്മിറ്റിയില്‍ വന്നത്.
ഇത്രയും സീനിയറായിട്ടും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ഇരുവരെയും പരിഗണിക്കാത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടമാണെന്ന് വ്യക്തമാണ്. ഇ.പി.ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പി.ജയരാജന്‍, എം.വി.ഗോവിന്ദന്റെ പിന്തുണയോടെയാണ് ആ നീക്കത്തിന് മുതിര്‍ന്നത്.
എന്നാല്‍ ഇ.പിക്കെതിരെ ഉപയോഗിക്കാന്‍ പി. ജയരാജനെ കരുവാക്കാന്‍ ശ്രമിച്ച എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ജയരാജനെ തഴഞ്ഞപ്പോള്‍ മിണ്ടിയില്ല.
മുഖ്യമന്ത്രിയ്ക്ക് മുന്നില്‍ സമ്പൂര്‍ണ വിധേയനായി ഓച്ഛാനിച്ച് നില്‍ക്കുന്ന സംസ്ഥാന സെക്രട്ടറിയാണ് എം.വി.ഗോവിന്ദന്‍ എന്നാണ് പാര്‍ട്ടിയ്ക്കുളളിലെ പരിഹാസം. നിലപാട് തുറന്നു പറയാന്‍ ഒരു മടിയും കാട്ടിയിട്ടാത്ത ശൈലിയാണ് മേഴ്‌സികുട്ടിയമ്മയെ തഴയാന്‍ കാരണമെന്നാണ് സൂചന.
2016ല്‍ മാത്രം പാര്‍ട്ടി കൂടാരത്തിലെത്തിയ വീണാ ജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടും തന്നെ തഴഞ്ഞതാണ് പത്തനംതിട്ടയിലെ മുന്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എ.പത്മകുമാറിനെ ചൊടിപ്പിച്ചത്. ചതി വഞ്ചന അനീതി എന്നൊക്കെ പറഞ്ഞ് ഫേസ് ബുക്കില്‍ പോസ്റ്റിട്ട പത്മകുമാര്‍ കടുത്ത നിലപാടിലാണെന്നാണ് സൂചന.
ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ ഒരു സഖാവാണ് എന്ന ചെഗുവേരയുടെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് കണ്ണൂരില്‍ നിന്നുളള മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്‍.സുകന്യയുടെ പ്രതിഷേധം.
സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ച നേതാവാണ് എന്‍.സുകന്യ. സുകന്യയുടെ ഭര്‍ത്താവ് ജെയിംസ് മാത്യു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സംസ്ഥാന കമ്മിറ്റി അംഗത്വത്തില്‍ നിന്ന് സ്വയം ഒഴിവായിരുന്നു.
സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെടാത്തതില്‍ തിരുവനനന്തപുരത്ത് നിന്നുളള എം.വിജയകുമാറിനും കടകംപളളി സുരേന്ദ്രനും അമര്‍ഷത്തിലാണ്.
പിണറായി വിജയന്‍ കഴിഞ്ഞാല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവും സീനിയറായ നേതാവ് എം.വിജയകുമാര്‍ ആണ്.
1978ലാണ് പിണറായി സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നത്. വിജയകുമാര്‍ 1984 ലും സംസ്ഥാന കമ്മിറ്റിയിലെത്തി. 75 വയസിനോട് അടുക്കുന്ന വിജയ കുമാറിനും പി.ജയരാജനെ പോലെ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് അവസരമില്ല.
മുഖ്യമന്ത്രിയുടെ ഇഷ്ടം എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംസ്ഥാന കമ്മിറ്റിയിലേക്കും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും പുതിയ ആളുകളെ ഉള്‍പ്പെടുത്തിയത്.