കൊല്ലം: സിപിഎമ്മിന് നാണക്കേട് ഉണ്ടാക്കിയ സമ്മേളനത്തിലെ കൂട്ടതല്ലിന് പിന്നാലെ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം. നടപടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് പകരം ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
സംസ്ഥാന സമ്മേളനം കഴിഞ്ഞ ശേഷമായിരിക്കും ഏരിയ സമ്മേളനം നടക്കുക. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം.
ലോക്കൽ കമ്മിറ്റികളിൽ പ്രശ്നങ്ങളുണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഭാഗീയത ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിളിച്ചു ചേർത്ത സി.പി.എം കൊല്ലം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലും ഭിന്നാഭിപ്രായങ്ങളുണ്ടായി. അച്ചടക്ക നടപടി ഉടൻ വേണമെന്ന് ഒരുപക്ഷം നിലപാടെടുത്തപ്പോൾ വിമതർക്ക് പറയാനുള്ളത് കേൾക്കണം എന്നും ആവശ്യം ഉയർന്നു.
വിഭാഗീയതയെ തുടർന്ന് 'സേവ് സി.പി.എം' എന്ന പ്ലക്കാർഡുകളുമേന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പ്രവർത്തകർ പ്രകടനം നടത്തിയതിനു പിന്നാലെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടൽ.