/sathyam/media/media_files/2025/11/17/1001411675-2025-11-17-12-14-32.webp)
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുതിർന്ന സി.പി.എം നേതാവുമായ എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന.
രണ്ട് തവണയായി ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഹാജരാവാതിരുന്ന പത്മകുമാറിനെതിരെ ഗുരുതരമായ കാര്യങ്ങളാണ് മറ്റ് ജീവനക്കാരും ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മൊഴിയായി നൽകിയിട്ടുള്ളത്.
സ്വർണക്കൊള്ള നടന്ന സമയത്തെ ഗാർഡ് മുതൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുള്ളത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സർവ സ്വാതന്ത്ര്യവുവും പ്രസിഡന്റ് എന്ന നിലയിൽ പത്മകുമാർ നൽകിയിരുന്നു എന്നാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.
കൂടാതെ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയിൽ എത്തുമ്പോൾ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്.
ഇവർക്ക് ദർശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാർഡുമാരാണ്.
പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന നൽകിയിരുന്നതായി മൊഴികൾ ലഭിച്ചിട്ടുണ്ട്. ബോർഡിന്റെ അനുമതിയോടെയാണ് സ്വർണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയ ശേഷം കടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇതിൽ പത്മകുമാറിന് പങ്കുണ്ടെന്ന വാദവും ഉയരുന്നുണ്ട്.
സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമായിരുന്ന മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ.വാസുവിന്റെ അറസ്റ്റ് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
മറ്റൊരു മുതിർന്ന നേതാവായ പത്മകുമാർ കൂടി അറസ്റ്റിലായാൽ പാർട്ടിക്ക് ഇത് ഇരട്ട പ്രഹരമാവും.
തദ്ദേശത്തിരഞ്ഞെടുപ്പിൽ വിഷയം പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കുന്നതിനാൽ തന്നെ സി.പി.എമ്മിനും എൽ.ഡി.എഫിനും രാഷ്ട്രീയ തിരിച്ചടി ഉണ്ടായേക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇതിനിടെ ശബരിമലയിലെ ഒരു ഉന്നതൻ കൂടി സംശയനിഴലിലായിട്ടുണ്ട്. ഇദ്ദേഹമറിയാതെ ഇക്കാര്യങ്ങൾ സംഭവിക്കില്ലെന്നും പൂജയുടെ മുഴുവൻ ഉത്തരവാദിത്വമുള്ളയാൾ ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടുണ്ടാകുമെന്നും വിലയിരുഒത്തപ്പെടുന്നു.
ദൈവതുല്യരായി കണ്ട് ചിലർ പറഞ്ഞ കാര്യങ്ങളാണ് താൻ നടപ്പാക്കിയതെന്ന തരത്തിൽ പത്മകുമാർ മാധ്യമങ്ങളോട് ്രപതികരിച്ചിരുന്നു.
എന്നാൽ ഇതുവരെ അന്വേഷണ സംഘം ഇദ്ദേഹത്തിലേക്ക് തിരിയാത്തതിലും സംശയങ്ങൾ ഉയരുന്നുണ്ട്. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണ വിവരങ്ങൾ ഇ.ഡി. കൈമാറണമെന്ന ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us