പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്

പയ്യന്നൂർ എസ്ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

New Update
nishad

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. 

Advertisment

പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർത്ഥി പയ്യന്നൂർ കാറമേൽ വി കെ നിഷാദ്, വെള്ളൂർ ടി സി വി നന്ദകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 

പട്ടാപ്പകൽ പൊലീസുകാരെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി.


കേസിൽ എ മിഥുൻ, കെ വി കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. 

ബോംബ് കൈവശം വെച്ചതിന് അഞ്ചു വർഷം കഠിന തടവ്, പൊലീസുകാർക്കെതിരെ ബോംബെറിഞ്ഞതിന് 10 വർഷം കഠിന തടവ്, വധശ്രമക്കേസിൽ 5 വർഷം കഠിന തടവ് എന്നിങ്ങനെ 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. 

പ്രതികൾ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും. ശിക്ഷാവിധി വരുന്നതു കണക്കിലെടുത്ത് നിഷാദിന്റെ ഡമ്മി സ്ഥാനാർത്ഥിയെ പിൻവലിച്ചിരുന്നില്ല.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗമാണ് പ്രതിയായ വി കെ നിഷാദ്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. 

പയ്യന്നൂർ എസ്ഐ ആയിരുന്ന കെ പി രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

Advertisment