കീഴ് ഘടകത്തിലെ വിഭാഗീയത ഓടിനടന്ന് പരിഹരിക്കേണ്ട ഗതികേടിൽ സിപിഎം സംസ്ഥാന നേതൃത്വം. തിരുവല്ലയിലെ പ്രശ്നം പരിഹരിച്ചത് ലോക്കൽ സെക്രട്ടറിയെ മാറ്റിക്കൊണ്ട്. സമ്മേളനകാലത്തെ തമ്മിലടി വെച്ചു പൊറുപ്പിക്കില്ലെന്നും കടുത്ത നടപടിയുണ്ടാകുമെന്നും ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി എം വി ഗോവിന്ദൻ. ആളെ മാറ്റിയാൽ തീരുമോ ഈ വിഭാഗീയത ?

തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ അടങ്ങിയ റിപോർട്ട് ലോക്കൽ സമ്മേളനത്തിൽ അവതരിപ്പിച്ച റിപോർട്ടല്ലെന്നും കെ.പി.ഉദയഭാനു അവകാശപ്പെട്ടു

New Update
G

പത്തനംതിട്ട: ലോക്കൽ സെക്രട്ടറിയെ മാറ്റിക്കൊണ്ട് തിരുവല്ല സി.പി.എമ്മിലെ വിഭാഗീയ പ്രശ്നങ്ങൾക്ക് പരിഹാരം. അലോങ്കോലപ്പെട്ട തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ ചുമതലക്കാരനായിരുന്ന സെക്രട്ടറി കെ കെ കൊച്ചുമോനെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം ഏരിയാ കമ്മിറ്റി അംഗം ജനോ മാത്യുവിന് താൽക്കാലിക ചുമതല നൽകി.

Advertisment

വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് അലങ്കോലപ്പെട്ട ടൗൺ നോർത്ത് ലോക്കൽ സമ്മേളനം ഈ മാസം 9ന് വീണ്ടും നടത്താനും തീരുമാനമായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.സനൽ കുമാറിന്റെ വിശ്വസ്തനാണ് ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട കെ.കെ കൊച്ചുമോൻ.


ഈ മാസം 9ന് ചേരുന്ന സമ്മേളനത്തിൽ നിലവിലുള്ള പാനൽ തന്നെ അവതരിപ്പിച്ച് ജനോ മാത്യുവിനെ ലോക്കൽ സെക്രട്ടറിയാക്കാനാണ് ജില്ലാ നേതൃത്വത്തിൻെറ ആലോചന. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിരുവല്ലയിലെ മുൻ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ താക്കീത് ചെയ്യാനും തീരുമാനമുണ്ട്.


നേരത്തെ അച്ചടക്ക നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നതാണ് ഫ്രാൻസിസ് ആന്റണിക്ക് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പ്രശ്നപരിഹാരത്തിനുളള സൂത്രവാക്യം രൂപപ്പെട്ടത്.

യോഗാനന്തരം തിരുവല്ലയിലെ സംഘടനാ പ്രശ്നത്തിന് പരിഹാരമായി എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ മാധ്യമങ്ങളോട് പ്രഖ്യാപിക്കുകയും ചെയ്തു. തിരുവല്ലയിലെ ലോക്കൽ സമ്മേളനത്തിൽ നടന്നത് വിഭാഗീയതയല്ല ചില അഭിപ്രായവ്യത്യാസങ്ങൾ മാത്രമാണെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും മാധ്യമങ്ങളോട് പറഞ്ഞു.


തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ അടങ്ങിയ റിപോർട്ട് ലോക്കൽ സമ്മേളനത്തിൽ അവതരിപ്പിച്ച റിപോർട്ടല്ലെന്നും കെ.പി.ഉദയഭാനു അവകാശപ്പെട്ടു. കരുനാഗപ്പളളിയിലെ ലോക്കൽ സമ്മേളനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്നലെ കൊല്ലത്തായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ ഇന്നത്തെ ദൗത്യം തിരുവല്ലയിലെ പാർട്ടിയിലെ പ്രശ്നപരിഹാരം ആയിരുന്നു.


ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവല്ലയിലെ പ്രശ്നപരിഹാരത്തിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആദ്യം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു.

സമ്മേളന നടത്തിപ്പ് ഈ വിധത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരുമെന്ന് എം.വി.ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. സമ്മേളനകാലത്ത് സംഘടനാ പ്രവർത്തനം വെച്ചു പൊറുപ്പിക്കല്ലെന്നും അദ്ദേഹം ജില്ലാസെക്രട്ടേറിയേറ്റിനെ അറിയിച്ചു.


തിരുവല്ലയിലെ സംഘടനാ പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വത്തിലെ ചില നേതാക്കൾക്ക് പങ്കുണ്ടെന്ന വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു എം.വി.ഗോവിന്ദൻെറ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയേറ്റിന് പിന്നാലെ തിരുവല്ല ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയും ചേർന്നു.


ജില്ലാ നേതൃയോഗം കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,പാർട്ടി തീരുമാനത്തിന് ഒപ്പം നിൽക്കണമെന്നും അഭ്യർത്ഥിച്ചു. ഏരിയാ - ലോക്കൽ കമ്മിറ്റി അംഗങ്ങൾ നിർദ്ദേശങ്ങൾ അംഗീകരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

ജില്ലയിലെ കൊടുമൺ ഏരിയ സമ്മേളനത്തിൽ ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ മത്സരം നടന്നു.ജില്ലാ സെക്രട്ടറിയുടെ സ്വന്തം ഏരിയയാണ് കൊടുമൺ.

Advertisment