കൊല്ലം: ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയതയെ തുടർന്ന പരസ്യ പ്രതിഷേധത്തിന് പിന്നാലെ സി.പി.എം കരുനാഗപ്പളളി ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
ഏരിയാ കമ്മിറ്റി അംഗങ്ങളെ ഒന്നടങ്കം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു യോഗം. ബദൽ സംവിധാനം എന്ന നിലയിൽ ഏരിയാ കമ്മിറ്റിക്ക് പകരം 7 അംഗ അഡ് ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.മനോഹരനാണ് അഡ് ഹോക് കമ്മിറ്റിയുടെ കൺവീനർ.
ജില്ലാ കമ്മിറ്റി അംഗം എസ് എൽ സജികുമാർ, പി.വി.സത്യദേവൻ, എസ്.ആർ അരുൺ ബാബു, സന്തോഷ്, ജി മുരളീധരൻ, ബി. ഇക്ബാൽ എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലെ അംഗങ്ങൾ. ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്ന പ്രശ്നങ്ങൾ അഡ്ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശോധിക്കും.
കരുനാഗപ്പള്ളിയിലെ ലോക്കൽ സമ്മേളനങ്ങളിൽ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു. സമ്മേളന നടത്തിപ്പ് സംബന്ധിച്ച പാർട്ടി നിർദ്ദേശം ചില സമ്മേളനങ്ങളിൽ പാലിച്ചില്ല. അത് പരിഹരിക്കാൻ ശ്രമിച്ചപ്പോൾ തെറ്റായ നിലപാട് ലോക്കൽ സമ്മേളനങ്ങളിൽ ഉണ്ടായി.
പാർട്ടിയ്ക്കകത്ത് ഉണ്ടായ പ്രശ്നത്തിന് ഉചിതമായ പരിഹാരം കാണുമെന്നും എം.വി.ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചു. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിന്മേലുളള സംഘടനാ നടപടികൾ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിക്കാൻ തയാറായതും ശ്രദ്ധേയമായി.
സാധാരണ സി.പി.എം ഇത്തരം പരസ്യ പ്രഖ്യാപനങ്ങൾക്ക് തയാറാവുന്നതല്ല. എന്നാൽ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് നടന്ന പ്രതിഷേധ പ്രകടനവും അതിൽ നേതൃത്വത്തിന് എതിരെ ഉയർന്ന മുദ്രാവാക്യങ്ങളും വാർത്താ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും എത്തിയ സാഹചര്യത്തിലാണ് പരസ്യ പ്രഖ്യാപനത്തിന് നേതൃത്വം നിർബന്ധിതമായത്.
പ്രശ്നങ്ങൾ പരിഹരിക്കും എന്ന് സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരുനാഗപ്പളളി ഏരിയാ കമ്മിറ്റി അടക്കി ഭരിക്കുന്ന മുൻ ജില്ലാ സെക്രട്ടേറിയേറ്റംഗത്തിനെതിരെ ഒരു നടപടിക്കും നീക്കമില്ല. ഈ നേതാവിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുളള പോരാട്ടമാണ് കരുനാഗപ്പളളി ഏരിയി കമ്മിറ്റിക്ക് കീഴിലുളള ഏഴ് ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഷേധം അരങ്ങേറാൻ കാരണം.
പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ മാത്രമാണ് നടപടി ഉണ്ടാകുന്നതെങ്കിൽ പ്രശ്നം വീണ്ടും രൂക്ഷമാകുമെന്നാണ് പാർട്ടി പ്രവർത്തകർ നൽകുന്ന സൂചന.ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ സെക്രട്ടറി എസ്.സുദേവനെതിരെ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
ലോക്കൽ സമ്മേളനങ്ങൾ തടസപ്പെട്ടതോടെയാണ് ഏരിയ കമ്മിറ്റി തന്നെ പിരിച്ചു വിട്ടുകൊണ്ട് ശുദ്ധീകരണം നടത്താൻ സംസ്ഥാന നേതൃത്വം നിർബന്ധിതമായത്.ലോക്കൽ സമ്മേളനങ്ങളിലെ വിഭാഗീയത അവസാനിപ്പിക്കാൻ നേരത്തെ സംസ്ഥാന സെക്രട്ടറി തന്നെ പല തവണ ഇടപെട്ടിരുന്നതാണ്. എന്നിട്ടും പ്രശ്നങ്ങൾ രൂക്ഷമായതല്ലാതെ ഒരുമാറ്റവും സംഭവിച്ചില്ല.
കുലശേഖരപുരം സൗത്ത് ലോക്കൽ സമ്മേളനത്തിൽ നിരീക്ഷകരായെത്തിയ സംസ്ഥാന നേതാക്കളായ കെ.സോമപ്രസാദ്, കെ.രാജഗോപാൽ എന്നിവരെ പൂട്ടിയിടുന്നത് വരെ സംഭവിച്ചു. ആലപ്പാട് ലോക്കൽ സമ്മേളനത്തിലും സമാനമായ രംഗങ്ങൾ അരങ്ങേറി.
പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ കരുനാഗപ്പള്ളിയിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുകയും കൂടി ചെയ്തതോടെയാണ് സമ്മേളന കാലത്ത് ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന അസാധാരണ നടപടിയിലേക്ക് സി.പി .എം എത്തിയത്.
ജില്ലയുടെ സംഘടനാ ചുമതലയുളള കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ.എൻ.ബാലഗോപാലിൻെറ പിടിപ്പുകേടാണ് സുശക്തമായ സംഘടനാ സംവിധാനം നിലനിന്നിരുന്ന കൊല്ലത്തെ പാർട്ടി കുത്തഴിഞ്ഞതായി മാറാൻ കാരണമെന്നാണ് പാർട്ടിയുടെ താഴെത്തട്ടിൽ നിന്ന് ഉയരുന്ന വിമർശനം. കെ.എൻ. ബാലഗോപാലിൻെറ അനുവാദത്തോടെ സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ നടത്തുന്ന ഇടപെടലുകളാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്.