ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലേറ്

New Update
Screenshot 2026-02-25 224111

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിന് കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂർ നഗരത്തിൽ സി.പി.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വൻ സംഘർഷം. 

Advertisment

മന്ത്രിക്ക് പരിക്കേറ്റതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ച് അക്രമാസക്തമാവുകയും ഡി.സി.സി ഓഫീസിലേക്ക് പ്രവർത്തകർ ഇരച്ചുകയറാൻ ശ്രമിക്കുകയും ചെയ്തു. ഓഫീസിന് നേരെ കല്ലേറുണ്ടായതോടെ യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. 

ഇതിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞത് ഉന്തും തള്ളും രൂക്ഷമാക്കി.

അതേസമയം, മന്ത്രിക്ക് പരിക്കേറ്റത് സർക്കാരിന്റെ വീഴ്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള 'തിരക്കഥ'യാണെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ആരോപിച്ചു. പോലീസ് വലയത്തിലായിരുന്ന മന്ത്രിക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്നും, മറിച്ച് മന്ത്രി പ്രവർത്തകർക്ക് നേരെ പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ദൃശ്യങ്ങൾ ഉദ്ധരിച്ച് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 

പെരിങ്ങോത്ത് വെച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായും പരാതിയുയർന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത് നഗരത്തിലും പാർട്ടി ഓഫീസുകൾക്ക് മുന്നിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Advertisment