/sathyam/media/media_files/tNpkzfQ5tvGoSlZIUPNA.jpg)
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി അന്വേഷിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണ. സംസ്ഥാനമാകെ വീശിയടിച്ച പൊതുതരംഗമാണ് പരാജയകാരണമെങ്കിലും പ്രധാന നേതാക്കൾ മത്സരിച്ച ചില മണ്ഡലങ്ങളിലെ തോൽവിയിൽ പാർട്ടി വോട്ടുകൾ ചോർന്ന സാഹചര്യം അന്വേഷിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷിക്കാൻ ധാരണയായത്. പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ മത്സരിച്ച പാലക്കാട്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ മത്സരിച്ച വടകര, ഡോ.ടി.എം.തോമസ് ഐസക്ക് മത്സരിച്ച പത്തനംതിട്ട, എളമരം കരീം മത്സരിച്ച കോഴിക്കോട്, ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെച്ചിട്ടും തോറ്റുപോയ ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലെ തോൽവിയാണ് സി.പി.എം അന്വേഷിക്കുക.
സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. സിറ്റിങ്ങ് സീറ്റായ ആലപ്പുഴ മണ്ഡലത്തിലെ തോൽവിയും പരിശോധിക്കണമെന്ന് ആവശ്യം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടില്ല. സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയും നിർദ്ദേശങ്ങളും നോക്കിയശേഷമായിരിക്കും ഇക്കാര്യത്തിലും അന്തിമ തീരുമാനത്തിലെത്തുക.
പൊതു തരംഗത്തിൻെറ ഭാഗമായാണ് തോൽവി പിണഞ്ഞതെന്ന് വിലയിരുത്തുമ്പോഴും അതിൻെറ കാരണമെന്താണെന്ന കാര്യത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് പഴിചാരുന്നത് ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായതും ദേശിയ തിരഞ്ഞെടുപ്പിൽ വോട്ടർമാർ കോൺഗ്രസിൽ കൂടുതൽ വിശ്വാസം അർപ്പിച്ചതുമാണ്.
പ്രധാന നേതാക്കൾ മത്സരിച്ച മണ്ഡലങ്ങളിലെ തോൽവി പരിശോധിക്കുന്നത് അവ പാർട്ടിയുടെ പ്രധാന ശക്തികേന്ദ്രങ്ങൾ എന്ന നിലയിലാണ്. എം. സ്വരാജിനെ പോലുളള യുവനേതാക്കളെ ഒഴിവാക്കിയാണ് സുരക്ഷിത മണ്ഡലം എന്ന നിലയിൽ പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെ പാലക്കാട് സീറ്റിൽ മത്സരിപ്പിച്ചത്. സി.പി.എമ്മിനും ഇടതുപക്ഷത്തിനും വ്യക്തമായ രാഷ്ട്രീയ മേധാവിത്വമുളള മണ്ഡലമാണ് പാലക്കാട്.
2019ൽ എം.ബി.രാജേഷ് , വി.കെ.ശ്രീകണ്ഠനോട് തോറ്റെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അതിൻെറ കേട് തീർക്കുന്ന വിജയമാണ് ഉണ്ടായത്. എന്നാൽ എ. വിജയരാഘവൻ മത്സരിക്കാൻ എത്തിയപ്പോൾ ഇതൊന്നും ഫലം കണ്ടില്ല. മുക്കാൽ ലക്ഷത്തിൽപരം വോട്ടിനാണ് വിജയരാഘവൻ ശ്രീകണ്ഠനോട് തോറ്റുപോയത്.
പാർട്ടിയിലെ ഏറ്റവും വലിയ ജനകീയ മുഖം എന്ന ധാരണയിലാണ് കെ.കെ.ശൈലജയെ വടകരയിൽ പരീക്ഷിച്ചത്. 2009 മുതൽ ഇങ്ങോട്ട് ലോകസഭയിൽ പരാജയപ്പെടുന്ന മണ്ഡലമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല രാഷ്ട്രീയ മേധാവിത്വം പുലർത്താനായിരുന്നു. എന്നാൽ വർഗീയ വിഭജന കാർഡ് അടക്കം ചതുരുപായങ്ങളും പയറ്റിയിട്ടും ലക്ഷം കടന്ന ഭൂരിപക്ഷത്തിനാണ് ശൈലജ തോറ്റമ്പിയത്.
തിരഞ്ഞെടുപ്പിനൊപ്പം ശൈലജയും ജനപ്രിയതയും പരീക്ഷക്കപ്പട്ടതായിരുന്നു വടകരയിലെ മത്സരം. വർഗീയ കാർഡ് ഇറക്കി എന്ന ആക്ഷേപമുളള കോഴിക്കോട് മണ്ഡലത്തിലും ലക്ഷം കടന്ന വോട്ടിനാണ് തോറ്റുപോയത്. പ്രചരണതന്ത്രവും തിരഞ്ഞെടുത്ത വിഷയങ്ങളും എല്ലാം തെറ്റി എന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ തോൽവിയും അന്വേഷിക്കുന്നത്.
യു.ഡി.എഫ് ശക്തികേന്ദ്രം ആണെങ്കിലും തോമസ് ഐസക്കിൻെറ സാന്നിധ്യത്തോടെ ജയസാധ്യത കണക്കാക്കിയിരുന്ന മണ്ഡലമായിരുന്നു പത്തനംതിട്ട. ഫലം പുറത്തു വന്നപ്പോൾ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കുന്ന വോട്ടിനാണ് തോറ്റത്. പാർട്ടിക്ക് ലഭിക്കേണ്ടിയിരുന്ന 80000ൽ പരം വോട്ടുകൾ കിട്ടിയില്ലെന്ന് ഐസക് പരാതിപ്പെട്ടിട്ടുണ്ട്. ഇതുകൂടി കണക്കിൽ എടുത്താണ് പത്തനംതിട്ടയിലെ തോൽവി പരിശോധിക്കുന്നത്. ഉറച്ച ജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലം എന്ന പരിഗണനയിലാണ് അവിടെത്തെ തോൽവിയും പരിശോധിക്കുന്നത്.