/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം സി.പി.എം പത്തംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നതോടെ വിഷയം ഇന്നത്തെ ജില്ലാ കമ്മിറ്റി പരിഗണിക്കും.
സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണെന്നും നടപടി വെച്ചുതാമസിപ്പിക്കുന്തോറും പൊതുജനങ്ങളോട് മറുപടി പറഞ്ഞ് മടുക്കുമെന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലർ ഉയർത്തിയ വിമർശനം.
മുമ്പെങ്ങും ഉണ്ടാകാത്ത വിധമുള്ള തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണംശബരിമലയിലെ സ്വർണക്കൊള്ളയാണെന്നും വിലയിരുത്തപ്പെട്ടു.
എന്നാൽ പദ്മകുമാറിനെതിരേ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ വീണ്ടും അഭിപ്രായം തേടും. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. ഇതനുസരിച്ച് അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി കൈക്കൊള്ളും.
നിലവിൽ ജില്ലാ സെക്രട്ടേറിയറ്റിൽ പത്മകുമാറിനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും ജില്ലാ കമ്മിറ്റിയിൽ പത്മകുമാർ അനുകൂലികൾ ഏറെയുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് സാധ്യതയുണ്ട്.
ശബരിമല പാരഡിഗാന വിവാദത്തിൽ കളക്ടർക്കും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി കൊടുക്കാൻ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചെങ്കിലും അത് നൽകുക പാർട്ടി ജില്ലാ നേതൃത്വമാകില്ല.
പന്തളം ഏരിയാ കമ്മിറ്റി അംഗം പ്രദീപ് വർമയെ ആണ് ഇതിനായി ചുമതലപ്പെടുത്തിയത്. പന്തളം രാജകുടുംബാംഗമാണ് പ്രദീപ് എന്നതുകൊണ്ടാണിത്.
പാർട്ടി ഔദ്യോഗികമായി പരാതിപ്പെടുന്നതിലും മൈലേജ് പന്തളം രാജകുടുംബാംഗമായ പാർട്ടി അംഗം നൽകുമ്പോൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
കോഴഞ്ചേരി ഏരിയാ സെക്രട്ടറിക്കെതിരേയും പാർട്ടി നേതൃത്വത്തിനെതിരേയും പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ.സി. രാജഗോപാലനോട് ജില്ലാ കമ്മിറ്റി വിശദീകരണം തേടും. അദ്ദേഹം മത്സരിച്ചതുതന്നെ ശരിയായില്ലെന്നും സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയർന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us