ആലപ്പുഴ: ചേര്‍ത്തലയിലെ ഹോട്ടലില്‍ ജീവനക്കാരും ഡിവൈഎഫ്‌ഐ - സിപിഎം നേതാക്കളും തമ്മില്‍ സംഘര്‍ഷം ഹോട്ടല്‍ ജീവനക്കാര്‍ ഹോട്ടലിലെ മേശ തുടയ്ക്കുമ്പോള്‍ ദേഹത്ത് വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തര്‍ക്കം.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡിവൈഎഫ്‌ഐ കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് വിനീഷ് വിജയന്‍, മുന്‍ ലോക്കല്‍ സെക്രട്ടറിയും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായ അഡ്വ. സുരരാജ്, സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രസാദിന്റെ മകന്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
ഇവര്‍ മൂന്നു പേരും അഭിഭാഷകരാണ്. ചേര്‍ത്തല എക്‌സറെ ജംഗ്ഷനിലെ മധുവിന്റെ കടയിലാണ് കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്നത്. എന്നാല്‍, ഇരുകൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടില്ല.
സംഭവം നടക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനസമയത്തായതിനാല്‍ നിയമ നടപടിയിലേക്ക് നീങ്ങാതിരിക്കാനും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനും പാര്‍ട്ടി സമ്മര്‍ദം ചെലുത്തിയെന്നാണ് വിവരം. സമ്മേളനം കഴിഞ്ഞ ശേഷമാണിപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത്.