/sathyam/media/media_files/2025/08/30/g-sukumaran-nair-statement-agola-ayyappa-sangamam-2025-08-30-17-47-10.jpg)
തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ മുങ്ങി നിൽക്കുന്നതിനിടെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സർക്കാരിന് പ്രഖ്യപിച്ച പിന്തുണയിൽ ചാരി സോഷ്യൽ എൻജിറിയറിംഗ് ശക്തിപ്പെടുത്താൻ സി.പി.എം നീക്കം. സുകുമാരൻ നായർക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും മന്ത്രിമാരും രംഗത്തിറങ്ങിക്കഴിഞ്ഞു. സമദൂരത്തിൽ നിന്നും എൽ.ഡി.എഫിന് അനുകൂലമായ ശരിദൂരത്തിലേക്ക് സുകുമാരൻ നായരുടെ നീക്കം പരാമാവധി പ്രോത്സാഹിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
നിലവിൽ സർക്കാരിനെ ചൂഴ്ന്ന് നിൽക്കുന്ന ഭരണവിരുദ്ധ വികാരം ശബരിമല പോലെ വൈകാരികമായ വിഷയത്തിൽ അലിയിച്ച് കളയാനാണ് സി.പി.എമ്മിന്റെ ശ്രമം . ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ ആഗോള അയ്യപ്പ സംഗമത്തെപ്പറ്റി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ എൻ.എസ്.എസിന്റെ അകമഴിഞ്ഞ പിന്തുണയും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുമാണ് സർക്കാരിനെയും ഇടതുമുന്നണിയെയും ഹരം കൊള്ളിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലടക്കം സി.പി.എമ്മിന്റെ ഈഴവ വോട്ട് ബാങ്കിലുണ്ടായ ചോർച്ച പാർട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗത്തിന്റെ പിൻബലം കൂടി കിട്ടുന്ന വിധത്തിൽ വെള്ളാപ്പള്ളിയെ തങ്ങളോട് അടുപ്പിച്ച് നിർത്താൻ സി.പി.എം മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് മുഖ്യമരന്തിയും പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഒരേ കാറിൽ അയ്യപ്പസംഗമത്തിന് എത്തിയതെന്നും സൂചനകളുണ്ട്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കച്ചമുറുക്കുന്ന സി.പി.എമ്മിന് ഇക്കുറി ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണയില്ല. അതുകൊണ്ട് തന്നെ ഭൂരിപക്ഷ- പിന്നാക്ക ഹിന്ദു സമുദായങ്ങളുടെ വോട്ട് പരമാവധി തങ്ങളിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ വലിയ പരാജയമുണ്ടാകുമെന്ന സി.പി.എമ്മിന്റെ തിരിച്ചറിവാണ് എൻ.എസ്.എസ്, എസ്എൻ.ഡി.പി എന്നീ സംഘടനകളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കം.
എന്നാൽ ഈ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായക ശക്തിയാകാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഈ രണ്ട് സാമുദായിക സംഘടനകളും എടുത്ത നിലപാട് ദോഷം ചെയ്യും. ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന് പറഞ്ഞ ബി.ജെ.പി അത് ചെയ്തില്ലെന്ന സുകുമാരൻ നായരുടെ വിമർശനം അവർക്ക് കിട്ടുന്ന നിക്ഷ്പക്ഷ വോട്ടുകളുടെ ഗതി നിർണ്ണയിക്കുന്നതാണ്. അതു കൊണ്ട് തന്നെ നിലവിലെ പിന്തുണ അവർക്ക് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക.
എൻ.എസ്.എസ് നിലപാട് കോൺ്രഗസിനും യു.ഡി.എഫിനും ദോഷം ചെയ്യുമെന്ന് ചിലർ പറയുമ്പോൾ അത് കാര്യമായി പ്രതിഫലിക്കില്ലെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്. നിലവിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്നും യു.ഡി.എഫിന് കിട്ടുന്ന വോട്ടുകൾ ഗണ്യമായി കുറഞ്ഞുവെന്നും ഇപ്പോൾ ബാക്കിയുള്ളത് കോൺഗ്രസിന്റെ ഉറച്ച വോട്ടാണെന്നും അത് ഒരു സാമുദായിക നേതാക്കളും വിചാരിച്ചാൽ മാറ്റാനാവില്ലെന്നുമുള്ള വാദമാണ് ഉയരുന്നത്. എന്നാൽ ശല്യക്കാരനായ വ്യവഹാരിയുടെ റോളിൽ നിൽക്കുന്ന ജി.സുകുമാരൻ നായരിൽ നിന്നുമുണ്ടാകുന്ന കോൺഗ്രസ്- യു.ഡി.എഫ് വിരുദ്ധ പ്രസ്താവനകൾ തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുന്നുവെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ പങ്കുവെയ്ക്കുന്നത്.