സിപിഎമ്മിനെ വെട്ടിലാക്കി ‘രക്തസാക്ഷി ഫണ്ട്’ വെട്ടിപ്പ് വെളിപ്പെടുത്തൽ. ധനരാജ് ഫണ്ടിലും വീട് നിർമാണത്തിലും തിരഞ്ഞെടുപ്പ് ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി. എംഎൽഎ ടി.ഐ. മധുസൂദനനെതിരെ സ്വന്തം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ഗുരുതര ആരോപണങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി കോട്ടയായ കണ്ണൂരിൽ കേഡർ രാഷ്ട്രീയത്തിന് വിള്ളൽ. സിപിഎം കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ

New Update
cpm kannur

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് തുറന്നുപറഞ്ഞ് പാർട്ടി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ.

Advertisment

ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ട് രക്തസാക്ഷിയായ ധനരാജിൻെറ പേരിലുളള ഫണ്ട് പിരവിലും കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നതിലും വൻവെട്ടിപ്പ് നടത്തിയെന്നാണ് പയ്യന്നൂരിലെ മുൻ ഏരിയാ സെക്രട്ടറി കൂടിയായ വി.കുഞ്ഞികൃഷ്ണൻെറ വെളിപ്പെടുത്തൽ.


ഫണ്ട് വെട്ടിപ്പിന് പിന്നിൽ പയ്യന്നൂരിലെ പ്രമുഖ സി.പി.എം നേതാവും എം.എൽ.എയുമായ ടി.ഐ. മധുസൂദനൻ ആണെന്നും കുഞ്ഞികൃഷ്ണൻ തുറന്നടിച്ചിട്ടുണ്ട്.


മധുസൂദനൻ തിരഞ്ഞെടുപ്പ് ഫണ്ടിലും വലിയ തട്ടിപ്പ് നടത്തിയതായും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. ഫണ്ട് പിരവിലെ തട്ടിപ്പ് മറയ്ക്കാൻ മധുസൂദനൻ വ്യാജരസീത് അടിച്ച് ഹാജരാക്കിയതായും അദ്ദേഹം ചാനൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

സിപിഎമ്മിലെ ഫണ്ട് തട്ടിപ്പ്: ടി ഐ മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് തരംതാഴ്ത്തിയേക്കും

പാർട്ടി ഫണ്ടുകളിലും വൻതോതിൽ ക്രമക്കേട് നടത്തിയെന്നും, ഇതിന് തെളിവ് നൽകിയിട്ടും നേതൃത്വം കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി വിവിധ ആവശ്യങ്ങൾക്കായി സമാഹരിച്ച ഫണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നതായാണ് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്.


ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ വ്യാപകമായ ക്രമക്കേട് നടന്നു.


കെട്ടിട നിർമ്മാണ ഫണ്ടിനായും ടി.ഐ. മധുസൂദനൻ എം.എൽ.എ വ്യാജ രശീതികൾ നിർമ്മിച്ചു. കെട്ടിട നിർമ്മാണത്തിനായി സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ചെടുത്ത 70 ലക്ഷം രൂപ പാർട്ടി കണക്കുകളിൽ ഇല്ല.

വരവ് ചെലവ് കണക്കുകളിൽ വലിയ തോതിൽ വെട്ടിപ്പ് നടത്തിയിട്ടുണ്ട്.പാർട്ടിക്കുള്ളിൽ നീതി ലഭിക്കാത്തതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

തെളിവുകൾ സഹിതം പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. അന്നത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് നേരിട്ട് കാര്യങ്ങൾ ധരിപ്പിച്ചതാണ്. എന്നാൽ അന്വേഷണ കമ്മീഷൻ പരാതിക്കാരനായ എന്നെ ക്രൂശിക്കാനാണ് ശ്രമിച്ചത്.

cpm kannur

ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. തന്റെ നിലപാടുകളും പാർട്ടിയിലെ അനുഭവങ്ങളും ഉൾപ്പെടുത്തി വി. കുഞ്ഞികൃഷ്ണൻ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.

പാർട്ടിയുടെ അനുമതിയില്ലാതെയാണ് പുസ്തകം പുറത്തിറക്കുന്നത്. അനുമതി ചോദിച്ചാൽ ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

പുസ്തകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. പാർട്ടി നടപടിയെ ഭയപ്പെടുന്നില്ലെന്നും സത്യം പുറത്തുകൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


തന്നെ ശാരീരികമായി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ചിലർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും, എന്നാൽ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ലെന്നും വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.


കണ്ണൂരിലെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന ഈ വെളിപ്പെടുത്തലിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഈ വിഷയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വി. കുഞ്ഞികൃഷ്ണനെപ്പോലൊരു മുതിർന്ന നേതാവ് നടത്തുന്ന വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്നതിലേക്കായിരിക്കും പുതിയ സംഭവവികാസങ്ങൾ നയിക്കുക. അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന പാർട്ടി എന്ന പ്രതിച്ഛായയ്ക്ക് സ്വന്തം നേതാവിൽ നിന്ന് തന്നെയുള്ള ഈ ആരോപണങ്ങൾ വലിയ തിരിച്ചടിയാണ്.


പ്രത്യേകിച്ച് 'രക്തസാക്ഷി ഫണ്ട്' പോലുള്ള വികാരപരമായ വിഷയങ്ങളിൽ തട്ടിപ്പ് നടന്നെന്ന ആരോപണം സാധാരണ പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പാർട്ടിയെ പ്രതിരോധത്തിലാക്കും.


രക്തസാക്ഷി ഫണ്ടിലെ വെട്ടിപ്പും വീട് വെച്ച് നൽകിയതിലെ ക്രമക്കേടും പ്രതിപക്ഷം ആയുധമാക്കും.രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യുഡിഎഫും ബിജെപിയും ഈ വിഷയം പ്രധാന ആയുധമാക്കും.

Cpm Payyanur Fund Controversy,പയ്യന്നൂരില്‍ ഇനി കണക്കുകളുടെ പയറ്റ്: ഫണ്ടിലെ  ക്രമക്കേട് പുറത്തുവിടാന്‍ വെള്ളൂര്‍ സഖാക്കള്‍ - vellur comrades to  publicise cpm payyanur fund ...

"സ്വന്തം രക്തസാക്ഷികളുടെ പേരിൽ പോലും അഴിമതി നടത്തുന്നവർ" എന്ന പ്രചാരണം വോട്ടർമാരെ സ്വാധീനിക്കാൻ പ്രതിപക്ഷം ഉപയോഗിക്കും.

പയ്യന്നൂരിലെയും കണ്ണൂരിലെയും മറ്റ് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളെ ഇത് സ്വാധീനിച്ചേക്കാം. ആരോപണം പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് തന്നെയുളള നേതാവിൽ നിന്നായതിനാൽ സിപിഎം ശരിക്കും വെട്ടിലായിരിക്കുകയാണ്.


കണ്ണൂർ പോലെ പാർട്ടിയുടെ കോട്ടയായ ഒരിടത്ത് ഒരു ജില്ലാ കമ്മിറ്റി അംഗം പരസ്യമായി നേതൃത്വത്തെ വെല്ലുവിളിക്കുന്നത് കേഡർ സംവിധാനത്തിൽ വിള്ളലുണ്ടാക്കും.


കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നാൽ അത് പാർട്ടിക്ക് വലിയ തലവേദനയാകും. അന്വേഷണ കമ്മീഷനെതിരെയുള്ള ആരോപണം പാർട്ടിക്കുള്ളിലെ ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു.

ആരോപണവിധേയനായ ടി.ഐ. മധുസൂദനന് വീണ്ടും സീറ്റ് നൽകിയാൽ അത് പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെക്കും.

എന്നാൽ ആരോപണത്തിന്റെ പേരിൽ അദ്ദേഹത്തെ മാറ്റിനിർത്തിയാൽ അത് തെറ്റ് സമ്മതിക്കലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. 


ഈ ധർമ്മസങ്കടം സ്ഥാനാർത്ഥി നിർണ്ണയത്തെയും ബാധിക്കും.ഭരണത്തുടർച്ച ലക്ഷ്യമിടുന്ന സർക്കാരിന്, പാർട്ടിക്കുള്ളിലെ ഇത്തരം സാമ്പത്തിക ക്രമക്കേടുകൾ നിഷ്പക്ഷ വോട്ടർമാരുടെ ഇടയിൽ അതൃപ്തിയുണ്ടാക്കും.


സഹകരണ മേഖലയിലെ തട്ടിപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കെ, സഹകരണ ജീവനക്കാരിൽ നിന്ന് പിരിച്ച ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കാം.

ചുരുക്കത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ ഈ വെളിപ്പെടുത്തൽ കാരണമാകും.

ഈ പ്രതിസന്ധി മറികടക്കാൻ പാർട്ടി എന്ത് തരത്തിലുള്ള അച്ചടക്ക നടപടിയോ തിരുത്തൽ നടപടിയോ സ്വീകരിക്കും എന്നത് നിർണ്ണായകമാണ്.

Advertisment