/sathyam/media/media_files/2025/01/03/vZ71qjNEkv0O9hHGUENt.jpg)
തിരുവനന്തപുരം: പാർട്ടി നേതാക്കൾ ജ്യോതിഷിയെ കാണാൻ പോകുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മുതിർന്ന നേതാവിൻെറ പരിഹാസം.
കണ്ണൂരിൽ നിന്നുളള മുതിർന്ന നേതാവാണ് പാർട്ടി നേതൃത്വത്തിലുളളവർ ജ്യോതിഷിയെ കാണാൻ പോകുന്നതിനെ സംസ്ഥാന കമ്മിറ്റിയിൽ പരിഹസിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കൾ എന്ത് രാഷ്ട്രീയ ബോധ്യത്തിൻെറ അടിസ്ഥാനത്തിലാണ് ഇടക്കിടക്ക് ജ്യോതിഷിയെ കാണാൻ പോകുന്നതെന്നാണ് കണ്ണൂരിൽ നിന്നുളള നേതാവ് സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ചോദ്യം.
നേതാക്കളുടെ ഇത്തരം നടപടികൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പുറത്തുവരുന്നുണ്ട്. ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും കണ്ണൂർ നേതാവ് വിമർശിച്ചു.
ആരുടെയും പേര് പറയാതെയായിരുന്നു നേതാവിൻെറ വിമർശനമെങ്കിലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയാണ് ലക്ഷ്യം വെക്കുന്നതെന്ന് കമ്മിറ്റിയിലെ അംഗങ്ങൾക്ക് വ്യക്തമായിരുന്നു.
2 മാസം മുൻപ് പയ്യന്നൂരിലുളള പ്രമുഖ ജ്യോതിഷി മാധവപൊതുവാളിനെ കാണാൻ സി.പി.എം സംസ്ഥാന സെക്രട്ടറി പോയതിൻെറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കണ്ണൂരിൽ നിന്നുളള നേതാവ് ഉദ്ദേശിച്ചതും അതുതന്നെയാണെന്ന് ഏറെക്കുറെ വ്യക്തമാകുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ അനുമതിയോടെ ഇതേ നേതാവ് കണ്ണൂരിൽ നിന്നുളള മറ്റൊരു പ്രധാന നേതാവിനെതിരെ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ നേതാവ് ഗോവിന്ദനെതിരെ തിരിഞ്ഞത് എന്താണെന്ന സംശയത്തിലാണ് സംസ്ഥാനകമ്മിറ്റിഅംഗങ്ങൾ.
സംസ്ഥാന സമ്മേളനത്തോടെ കണ്ണൂരിലെ നേതാക്കൾക്കിടയിൽ ഉണ്ടായിട്ടുളള ഭിന്നതയാണ് ജ്യോതിഷിയെ കണ്ട വിഷയം ഉയർത്തിക്കൊണ്ടുവരാൻ കാരണമെന്നാണ് സൂചന. കണ്ണൂരിൽ നിന്നുളള നേതാക്കൾ പരസ്പരം പോരടിക്കില്ലെന്ന ധാരണ നേരത്തെ തന്നെ ലംഘിക്കപ്പെട്ടിരുന്നു.
വൈരുദ്ധ്യാത്മിക ഭൗതികവാദത്തെ കുറിച്ച് നിരന്തരം പ്രസംഗിക്കുകയും ക്ളാസ് എടുക്കുകയും ചെയ്യുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പയ്യന്നൂരിലെ ജ്യോതിഷിയെ കാണാൻ പോയതിൽ കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും കടുത്ത വിമർശനം ഉണ്ടായിരുന്നു.
പാർട്ടി നേതാക്കളും പ്രവർത്തകരും തമ്മിൽ തമ്മിൽ അടക്കം പറഞ്ഞിരുന്ന കാര്യം മുതിർന്ന നേതാവ് തന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉന്നിയിക്കുകയായിരുന്നു. കണ്ണൂരിൽ നിന്നുളള മറ്റ് നേതാക്കളുടെ പിന്തുണയും ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.
എന്നാൽ സംസ്ഥാന കമ്മിറ്റിയിൽ മറ്റ് നേതാക്കളാരും ഇതേപ്പറ്റി ഒന്നും ഉരിയാടിയില്ല. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇതിന് മറുപടി നൽകിയില്ല എന്നാണ് പുറത്തുവരുന്ന വിവരം.
പാർട്ടി നേതാക്കളും പ്രവർത്തകരും അന്ധവിശ്വാസങ്ങളിൽ ഏർപ്പെടുകയോ അത്തരം കാര്യങ്ങളെ പ്രേത്സാഹിപ്പിക്കുകയോ ചെയ്യരുത് എന്നത് സി.പി.എമ്മിൻെറ പ്രഖ്യാപിത നിലപാടാണ്.
ശാസ്ത്രീയ അടിത്തറയില്ലെന്ന് പാർട്ടിയും ചിന്തിക്കുന്ന സമൂഹവും കരുതുന്ന ജ്യോതിഷം നോക്കുന്നവരെ പാർട്ടി നേതാക്കൾ എന്തിന് കാണാൻ പോയതെന്ന ചോദ്യം അതുകൊണ്ടുതന്നെ സി.പി.എമ്മിനകത്ത് പ്രസക്തമാണ്.
പാർട്ടിയുടെ തെറ്റ് തിരുത്തൽ രേഖയിലും മറ്റും നേതാക്കളും പ്രവർത്തകരും അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടരുതെന്ന് നിർദ്ദേശവുമുണ്ട്. ജോതിഷിയെ സന്ദർശിച്ചത് സൗഹൃദ സന്ദർശനം എന്ന് ന്യായീകരിക്കാൻ ശ്രമിച്ചാലും അത് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ദഹിക്കണമെന്നില്ല.