/sathyam/media/media_files/2026/01/06/cpm-kudumbasree-2026-01-06-16-12-40.jpg)
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണിയുടെ ശ്രമം കുടുംബശ്രീയുടെ ഭരണം പിടിക്കലാണ്.
അയൽക്കൂട്ടങ്ങളും അതിന്റെ ഏകോപിത രൂപമായ സി.ഡി.എസുകളും തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം നിർണായകമാവുമെന്ന് തിരിച്ചറിഞ്ഞാണ് ഏതു വിധേനയും കുടുംബശ്രീ ഭരണം പിടിക്കാൻ സി.പി.എം തന്ത്രങ്ങൾ മെനയുന്നത്.
കുടുംബശ്രീ അംഗങ്ങൾക്കിടയിൽ രാഷ്ട്രീയം ശക്തമാണ്. ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 7210 കുടുംബശ്രീകളിലെ വനിതകളാണ് വിജയിച്ചത്.
അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി രംഗത്തിറക്കാൻ കഴിയുന്ന കഴിവുള്ളവരെ സി.ഡി.എസ് അംഗങ്ങളായും ചെയർ പേഴ്‌സൺമാരായും കൊണ്ടുവരാനാണ് നീക്കം.
തിരഞ്ഞെടുപ്പ് കാലത്ത് കുടുംബശ്രീ, അയൽക്കൂട്ടം പ്രവർത്തകരെ ഉപയോഗിച്ചുള്ള വോട്ടുപിടുത്തം പതിവുള്ളതാണ്. നിലവിൽ ഭൂരിഭാഗം സി.ഡി.എസുകളും ഇടത് നിയന്ത്രണത്തിലാണ്. എന്നാൽ വാർഡ് വിഭജനങ്ങൾ വന്നതോടെ കുടുംബശ്രീ അംഗങ്ങൾ പലേടത്തായി വിഭജിക്കപ്പെട്ടിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ യു.ഡി.എഫും മികച്ച വിജയം നേടിയതോടെ തങ്ങൾക്ക് ലഭിച്ച പഞ്ചായത്തുകളിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ളവരെ വിജയിപ്പിച്ചെടുക്കാൻ സി.പി.എം തന്ത്രങ്ങൾ മെനയുകയാണ്.
കുടുംബശ്രീ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ ബ്രാഞ്ച് കമ്മിറ്റികൾക്ക് സി.പി.എം നിർദ്ദേശം നൽകിയിട്ടുണ്ട്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വാർഡ് വിഭജനം നടക്കുന്നതിനാൽ കഴിഞ്ഞ ജനുവരി 25 കാലവധി അവസാനിച്ചിരുന്നത് നീട്ടി നൽകിയിരുന്നു. ഫെബ്രുവരി 21 പുതിയ ഭരണ സമിതി നിലവിൽ വരുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 1070 കുടുംബശ്രീ സി.ഡി.എസുകളിൽ ചെയർപേഴ്‌സൺമാരായി 214 പേർ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാകും. 53 പേർ പട്ടികവർഗത്തിൽ നിന്നുള്ളവരും 161 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരുമാണ്.
ജനുവരി 15ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 17 മുതൽ അയൽക്കൂട്ട അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് നടക്കും. 30 മുതൽ മുതൽ ഫെബ്രുവരി 3 വരെ അയൽക്കൂട്ട തിരഞ്ഞെടുപ്പ്, ഫെബ്രുവരി എഴ് മുതൽ 11 വരെ നാലാംഘട്ട എ.ഡി.എസ് തിരഞ്ഞെടുപ്പ്, ഫെബ്രുവരി 20നാണ് പഞ്ചായത്ത് തല സി.ഡി.എസ് തിരഞ്ഞെടുപ്പും നടക്കും. 21 പുതിയ ഭരണ സമിതി അധികാരമേൽക്കും.
കുടുംബശ്രീയിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് ഇനി കുടുംബശ്രീ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. സർക്കാർ, അർധ സർക്കാർ, സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങൾ, അങ്കണവാടി എന്നിവയിലെ സ്ഥിരം ജീവനക്കാർക്കും മത്സരിക്കാനാവില്ല.
സി.ഡി.എസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സി.ഡി.എസ് അംഗം, എ.ഡി.എസ് ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവർക്കാണ് നിബന്ധന ബാധകമാകുന്നത്.
കുടുംബശ്രീ സംഘടനാ സംവിധാനത്തിൽനിന്നുള്ള ലിങ്കേജ് വായ്പ, സി.ഡി.എസിൽനിന്നുള്ള വായ്പ എന്നിവയിൽ കുടിശ്ശിക വരുത്തിയവർക്ക് മത്സരിക്കാൻ കഴിയില്ല. ഒരാൾക്ക് രണ്ടുതവണ മാത്രമേ സി.ഡി.എസ് ചെയർപേഴ്‌സൺ ആവാൻ കഴിയൂ എന്നും നിബന്ധനയുണ്ട്. അതുപോലെ ഒരു അയൽക്കൂട്ട അംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സി.ഡി.എസ് അംഗമാകാനും കഴിയില്ല.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകളാണ്. ആകെ 17082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്.
ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്. അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ ഉൾപ്പെടും.
നിലവിൽ സിഡിഎസ് അധ്യക്ഷമാർ ആയിരിക്കേ മത്സരിച്ചതിൽ വിജയിച്ചത് 111 പേരാണ്. സിഡിഎസ് ഉപാധ്യക്ഷമാർ മത്സരിച്ചതിൽ 67 പേരും വിജയിച്ചു. 724 സിഡിഎസ് അംഗങ്ങൾ, 786 എഡിഎസ് ഭരണ സമിതി അംഗങ്ങളും വിജയിച്ചു. അട്ടപ്പാടിയിൽ മത്സരിച്ച 35 പേരിൽ 13 പേരും വിജയിച്ചു.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിൽ നിന്നും ജനവിധി തേടിയവരിൽ ഗ്രാമപഞ്ചായത്തുകളിലേക്ക് 5836, ജില്ലാ പഞ്ചായത്തിലേക്ക് 88, ബ്ലോക്ക് പഞ്ചായത്തിലേക്ക് 487, കോർപ്പറേഷനിൽ 45, മുനിസിപ്പാലിറ്റിയിൽ 754 പേരും വിജയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us