നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈ-വോൾട്ടേജ് പോരാട്ടത്തിന് കളമൊരുക്കി പേരാവൂർ. സണ്ണിജോസഫിന്റെ നാലാം ജയം തടയാൻ ശൈലജയെ കളത്തിലിറക്കാൻ സിപിഎം. കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച ശൈലജയ്ക്ക് ഇത്തവണ പോരാട്ടം കടുക്കും. 10-ൽ എട്ടുതവണയും യുഡിഎഫ് വിജയിച്ച മണ്ഡലത്തിൽ ശൈലജ വിയർക്കുമെന്നുറപ്പ്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ സണ്ണിവക്കീൽ - ടീച്ചറമ്മ പോര് തീപാറും

വിജയം ഉറപ്പായിരുന്ന മട്ടന്നൂർ എന്ന പാർട്ടി കോട്ടയിൽ നിന്നാണ് ശൈലജയെ ’ഫിഫ്റ്റി ഫിഫ്റ്റി’ ചാൻസ് എന്ന് പാർട്ടി തന്നെ വിലയിരുത്തുന്ന പേരാവൂരിലേക്ക് മാറ്റുന്നത്.

New Update
kk shailaja sunny joseph
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൈ വോൾട്ടേജ് പോരാട്ടം നടക്കുന്ന മണ്ഡലമായി മാറുകയാണ് കണ്ണൂരിലെ പേരാവൂർ. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും എൽ.ഡി.എഫിലെ ഏറ്റവും ജനപ്രീതിയുള്ള വനിതാ നേതാവ് കെ.കെ.ശൈലജയും മത്സരിക്കുമ്പോൾ ഫലം പ്രവചനാതീതമാണ്. 

Advertisment

കഴിഞ്ഞ തവണ വീശിയടിച്ച ഇടത് തരംഗത്തിലും പേരാവൂർ മണ്ഡലത്തിൽ വിജയം നിലനിർത്താൻ സണ്ണി ജോസഫിന് കഴിഞ്ഞിരുന്നു. 3172 വോട്ടിന്റെ ഭൂരിപക്ഷവുമായി സണ്ണി ജോസഫ് ഹാട്രിക് നേട്ടമാണ് കഴിഞ്ഞ തവണ കരസ്ഥമാക്കിയത്. 


2021ൽ എൽഡിഎഫിലെ കെ.വി.സക്കീർ ഹുസൈന് 63534 വോട്ടുകൾ ലഭിച്ചപ്പോൾ സണ്ണി ജോസഫിന് 66706 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ സണ്ണി ജോസഫിനെ നേരിടാൻ ശൈലജ ഇറങ്ങുമ്പോൾ മത്സരചിത്രം മാറുമോയെന്നാണ് ഇനി അറിയേണ്ടത്.


വിജയം ഉറപ്പായിരുന്ന മട്ടന്നൂർ എന്ന പാർട്ടി കോട്ടയിൽ നിന്നാണ് ശൈലജയെ ’ഫിഫ്റ്റി ഫിഫ്റ്റി’ ചാൻസ് എന്ന് പാർട്ടി തന്നെ വിലയിരുത്തുന്ന പേരാവൂരിലേക്ക് മാറ്റുന്നത്. മട്ടന്നൂർ അല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്ന ശൈലജ പാർട്ടിയുടെ നിർബന്ധം കാരണം പേരാവൂരിലേക്ക് മാറാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. 

kk shailaja1

നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. നിയമസഭ തെരഞ്ഞെടുപ്പിൽ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ കെ ശൈലജയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. 

മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കെ കെ ശൈലജ ചോദിച്ചിരുന്നു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ (60,963 വോട്ട്)  വിജയിച്ചിട്ടും കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്ക് സ്വന്തം മണ്ഡലം നൽകാത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 


അഞ്ചു തവണ മത്സരിച്ച ശൈലജയ്ക്ക് ഇനി സീറ്റ് നൽകേണ്ടെന്ന വാദം കണ്ണൂർ ജില്ലയിലെ ചില നേതാക്കൾ ഉയർത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആവശ്യപ്പെട്ടതിനാൽ വടകരയിൽ മത്സരിച്ച ശൈലജ ഷാഫി പറമ്പിലിനോട് 1,14,506 വോട്ടിന് പരാജയപ്പെട്ടിരുന്നു. 

എന്നാൽ ജനപ്രീതി ചോരാത്തതിനാൽ  സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശൈലജയുടെ പേരും ഉയർന്നുവന്നിരുന്നു.

 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് പേരാവൂർ. ഇടതുപക്ഷത്തിൻ്റെ കൈകളിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലം ഇത്തവണയും നിലനിർത്താനാണ് യുഡിഎഫ് ശ്രമം. 


1977 ലാണ് പേരാവൂർ മണ്ഡലം നിലവിൽ വന്നത്. 10 തെരഞ്ഞെടുപ്പാണ് മണ്ഡലം ഇതുവരെ നേരിട്ടത്. അതിൽ 8 തവണയും യുഡിഎഫിനായിരുന്നു വിജയം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 65,659 വോട്ടുകൾ നേടിയായിരുന്നു സണ്ണി ജോസഫിൻ്റെ വിജയം. 


2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.കെ ശൈലജയെ പരാജയപ്പെടുത്തിയായിരുന്നു സണ്ണി ജോസഫിൻ്റെ വിജയം. കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമപ്രദേശമായ പേരാവൂർ കർഷക സംസ്‌കാരമുള്ള പ്രദേശം കൂടിയാണ്. 

കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പിൽ മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറവായതാണ് എൽ.ഡി.എഫിനെ മോഹിപ്പിക്കുന്നത്. മുൻപ് ഇടതുപക്ഷത്തിൻ്റെ കൈവശമിരുന്ന മണ്ഡലം യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 


ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ളതാണ് മലയോര മേഖലയിലെ പേരാവൂർ മണ്ഡലം. ഇടതുവലതുഭേദമില്ലാതെ ഏതുമുന്നണിയിലായാലും എ ഗ്രൂപ്പിനെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ളതാണ് മണ്ഡലം. 


കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം, അയ്യൻകുന്ന്, കണിച്ചാർ, കീഴൂർ- ചാവശ്ശേരി, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകൾ അടങ്ങിയ മണ്ഡലമാണ് പേരാവൂർ.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമെന്നു കരുതാമെങ്കിലും പലപ്പോഴും ചാഞ്ചാട്ടം കാട്ടിയിട്ടുണ്ടു പേരാവൂർ. ഏറ്റവുമധികം തവണ വിജയിപ്പിച്ചതു കോൺഗ്രസിനെയാണ്. 

sunny joseph-3

എന്നാൽ 1996ൽ  കോൺഗ്രസ് എസിന്റെ കെ.ടി.കുഞ്ഞഹമ്മദും 2006ൽ സിപിഎമ്മിന്റെ കെ.കെ.ശൈലജയും ഇവിടെ നിന്ന് ജയിച്ചു. പിന്നീടിങ്ങോട്ട് മൂന്ന് തവണയും സണ്ണിജോസഫാണ് വിജയിച്ചത്. 


നേരിയ വോട്ട് വ്യത്യാസത്തിൽപോലും ജയപരാജയങ്ങൾ സംഭവിച്ചിട്ടുള്ള മണ്ഡലമാണു പേരാവൂർ. മണ്ഡലത്തിന്റെ ചരിത്രത്തിൽ രണ്ടു സ്ഥാനാർഥികൾ ജയിച്ചത് 200ൽ താഴെ വോട്ടിനായിരുന്നു. 1982ൽ കെ.പി.നൂറുദ്ദീന്റെ ജയം 126 വോട്ടിനും 1996ൽ കെ.ടി.കുഞ്ഞഹമ്മദ് നൂറുദ്ദീനെ തോൽപിച്ചത് 186 വോട്ടിനുമാണ്.  


സംസ്ഥാന രാഷ്ട്രീയം മാത്രമല്ല, കാർഷിക പ്രശ്നങ്ങളും വന്യമൃഗശല്യവുമെല്ലാം തിരഞ്ഞെടുപ്പ് വിഷയങ്ങളാവുന്ന മണ്ഡലം കൂടിയാണ് പേരാവൂർ.

Advertisment