ആരോ​ഗ്യമേഖല തകർത്തുവെന്നാരോപിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി കോൺ​ഗ്രസിന്റെ വ്യാപക പ്രതിഷേധം. ദുർബലമായ ന്യായീകരണങ്ങൾ നിരത്തിയ സിപിഎമ്മിന്റെ പതിവ് പ്രതിരോധശൈലി ഇക്കുറി ഏശിയില്ല. വീണ ജോർജ് രാജിവെക്കേണ്ടതില്ലെന്ന എം.വി ​ഗോവിന്ദന്റെ നിലപാടിനെ പിന്തുണച്ച് മറ്റ് മന്ത്രിമാരും. 'നമ്പർ വൺ' ആരോ​ഗ്യമേഖലയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നും സിപിഎം ആരോപണം

New Update
hydr

തിരുവനന്തപുരം: മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ് കൂട്ടിരിപ്പുകാരി മരിച്ച സംഭവത്തിൻെറെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന പ്രതിപക്ഷ ആവശ്യം തളളി സി.പി.എം.

Advertisment

സർക്കാർ അധികാരത്തിൽ വന്ന കാലം മുതൽ പ്രതിപക്ഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെടാറുളളതാണെന്നും അതൊന്നും കേട്ട് രാജിവെക്കാൻ പോകുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൻെറ നിലപാട്. 


രാജിവെക്കില്ലെന്ന് ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനും അറിയാമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. പ്രതിപക്ഷം ദുരന്തത്തെ വക്രീകരിച്ച് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു.


ജനങ്ങളിൽ കാലുഷ്യം ഉണ്ടാക്കാൻ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പ്രചാരവേല നടത്തുകയാണ്. രണ്ടുപേർക്കു മാത്രമേ പരിക്കുള്ളു എന്ന് മന്ത്രിമാർ പറഞ്ഞത് ആദ്യം ലഭിച്ച വിവരമാണെന്നും രക്ഷാപ്രവർത്തനം ഒരുഘട്ടത്തിലും നിർത്തിവെച്ചിട്ടില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ പ്രതികരണം. 

മികച്ചരീതിയിൽ പ്രവർത്തിക്കുകയും അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ആരോഗ്യ മേഖലയ്ക്ക് നേരെ പ്രതിപക്ഷം പ്രചരണ കൊടുങ്കാറ്റ് അഴിച്ചുവിടുന്നു. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണ്.

വസ്തുതകൾ മനസിലാക്കി മാധ്യമങ്ങൾ പിന്തിരിയണം എന്നാണ് സി.പി.എമ്മിൻെറ അഭ്യർത്ഥന. സ്വകാര്യ കച്ചവടക്കാർക്ക് വേണ്ടിയാണ് പ്രതിപക്ഷം പൊതുജനാരോഗ്യ മേഖലയെ തകർക്കാൻ ശ്രമിക്കുന്നതെന്നും സി.പി.എം ആരോപിക്കുന്നു.


യു.ഡി.എഫ് ഭരണകാലത്ത് ആശുപത്രികളെ സ്വകാര്യവൽക്കരിക്കാൻ ശ്രമം നടന്നിരുന്നു. അതിൻെറ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം ദൗർഭാഗ്യകരമാണ്.


മരിച്ച സ്ത്രീയുടെ കുടുംബത്തിൻറെ ദുഃഖം എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി നൽകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കൊണ്ടാണ് സിപിഎമ്മിൻെറ പ്രതിരോധം. സംസ്ഥാനത്തിൻെറ വികസനം തടയുക യു.ഡി.എഫിൻ്റെ രാഷ്ട്രീയ തീരുമാനമാണ്. കേന്ദ്ര വിഹിതം കിട്ടാതിരുന്നപ്പോൾ യുഡിഎഫ് ആഹ്ളാദം പ്രകടിപ്പിച്ചത് ഇതിൻെറ തെളിവാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.


വികസന പ്രവർത്തനങ്ങൾ തടയുകയായിരുന്നു യു.ഡി.എഫിൻെറ ഉദ്ദേശം. ഗവർണറെ ഉപയോഗിച്ചും സംസ്ഥാനത്തിൻെറ വികസന പാതയിൽ തടസങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു.


ഇടത് സർക്കാർ മികച്ച നേട്ടമുണ്ടാക്കിയ മേഖലകളെയെല്ലാം കടന്നാക്രമിക്കുന്നതാണ് യു.ഡി.എഫ് പിന്തുടരുന്ന രീതി. ഇത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻെറ സിദ്ധാന്തത്തിൻെറ ഭാഗമായി ചെയ്യുന്നതാണെന്നും സി.പി.എം ആരോപിക്കുന്നുണ്ട്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കെതിരെ നടക്കുന്ന വമ്പിച്ച പ്രചാരവേല ഇതിൻെറ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്.

പ്രതിപക്ഷത്തിൻെറ രാജിയാവശ്യം തളളാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം എടുത്തതിന് പിന്നാലെ മന്ത്രിമാർ വീണാ ജോർജിനെ പിന്തുണച്ച് രംഗത്തിറങ്ങി. 


പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ ആദ്യം പ്രതികരണവുമായി എത്തിയത്.


കേരളത്തിലെ മികച്ച വകുപ്പുകളെയും വകുപ്പിന് നേതൃത്വം കൊടുക്കുന്നവരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്നും വീണ ജോർജ് പ്രഗൽഭയായ മന്ത്രിയെന്ന് ആർക്കും സംശയമില്ലെന്നുമാണ് മന്ത്രി സജി ചെറിയാൻെറ പ്രതികരണം.

ആരോഗ്യരംഗത്തെ നല്ല മാറ്റം യുഡിഎഫിനെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണ ജോർജെന്നാണ് മന്ത്രി മുഹമ്മദ് റിയാസിൻെറ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻെറ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.

ഉചിതമായ സഹായം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ ആരോഗ്യ മന്ത്രിക്കെതിരായ പ്രതിപക്ഷ നീക്കം അവസാനിക്കും എന്നാണ് സി.പി.എമ്മിൻെറ പ്രതീക്ഷ.

 

Advertisment