പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ഖജനാവിലെ പണം ചെലവഴിച്ച് വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന സി.പി.എം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അനുവദിക്കില്ല; പിന്മാറാന്‍ തയാറായില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും നേരിടും; ചെലവഴിക്കുന്ന പണം സി.പി.എമ്മുകാരെ കൊണ്ട് തിരിച്ചടപ്പിക്കുമെന്നും സി.ഐ.ടിയുവിന്റെ കത്ത് പരിഗണിച്ച് തദ്ദേശ വകുപ്പിലെ സി.പി.എമ്മുകാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ്

New Update
V-D-Satheesan-2

കൊച്ചി: കേരള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച്, വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയാണ്. ഖജനാവില്‍ നിന്നും പണം ചെലവളിച്ചാണ് വികസനകാര്യങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം തേടാന്‍ സ്വന്തം പാര്‍ട്ടിക്കാരെ വോളന്റിയര്‍മാരാക്കി, സര്‍ക്കാരില്‍ നിന്നും പണം നല്‍കി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വീടുകളിലെത്തിക്കാനുള്ള ലഘുലേഖകളുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്.

Advertisment

അവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ഖജനാവില്‍ നിന്നും പണം എടുത്ത് ഈ പരിപാടി നടത്തിയാല്‍ ഏതറ്റംവരെയും നിയമയുദ്ധം നടത്തി ആ പണം തിരിച്ചടയ്പ്പിക്കും. സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ട. പത്ത് കൊല്ലം ഭരിച്ചിട്ടാണോ വികസനത്തെ കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കാന്‍ പോകുന്നത്?

പത്ത് വര്‍ഷം ജനങ്ങളോട് ചോദിക്കാത്ത അഭിപ്രായം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുന്നതിന്റെ തലേ മാസം വീടുകളില്‍ കയറിയങ്ങുന്നത് വ്യാജമാണ്. സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നല്‍കിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പണം നല്‍കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രീതി കേരളത്തില്‍ വിലപ്പോകില്ല എന്ന് വി.ഡി. സതീശൻ വ്യക്തമാക്കി 

ലോക്കല്‍ ബോഡിയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ കത്താണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു വേണ്ടി മന്ത്രി ഫേര്‍വേഡ് ചെയ്തിരിക്കുന്നത്. ആ പരിപാടിയും നടക്കില്ല. കോടതി ഉത്തരവനുസരിച്ച് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ല. നിരവധി താല്‍ക്കാലിക ജീവനക്കാര്‍ വിവിധ വകുപ്പുകളിലുണ്ട്. അവരെയൊക്കെ സ്ഥിരപ്പെടുത്തണം.

 പക്ഷെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ച് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പാര്‍ട്ടിക്കാരെ ഖജനാവില്‍ നിന്നും കോടികള്‍ നല്‍കി സഹായിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് മുഖ്യമന്ത്രിയോട് ആഭ്യര്‍ത്ഥിക്കുകയാണ്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇപ്പോള്‍ ചെലവഴിക്കുന്ന പണം പാര്‍ട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Advertisment