/sathyam/media/media_files/2025/12/17/k-karunakaran-pinarai-vijayan-2025-12-17-14-08-05.jpg)
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' എന്ന ഗാനം അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന സി.പി.എം വാദം പൊളിയുന്നു. മുമ്പ് കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കാറിന്റെ വേഗതയെ മുൻനിർത്തി അയ്യപ്പഭക്തിഗാനത്തിന്റെ പാരഡിയിൽ 'മന്ത്രിയെ പയ്യപ്പോ' എന്ന ഗാനം ഇറക്കിയത് സി.പി.എമ്മാണെന്ന വാദമുയരുന്നു.
ഈ ഗാനം സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. കലാഭവൻ മണിയും നാദിർഷയും ചേർന്നായിരുന്നു അന്ന് പാരഡി ഗാനം ആലപിച്ചത്. ഇത് മുൻ നിർത്തിയാണ് സി.പി.എമ്മിനെതിരായ പ്രതിരോധം യു.ഡി.എഫ് ശക്തിപ്പെടുത്തുന്നത്.
ഇതിന് പുറമേ 2006 കാലത്താണ് ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയതിന്റെ പേരിൽ എംഎം മോനായി, ഐഷാ പോറ്റി എന്നീ സിപിഎം അംഗങ്ങളെ അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ പരസ്യമായി ശാസിച്ചത്.
'സഖാക്കൾ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെ അപമാനിക്കാൻ ഒരു പ്രയാസവുമുണ്ടായില്ല'എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങൾ പാർട്ടിനിലപാടിൽ ഉറച്ചുനിൽക്കാനുള്ള ഇടപെടൽ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.
2006 നവംബർ 4, 5 തീയതികളിൽ എകെജി സെന്ററിൽ ചേർന്ന സംസ്ഥാനക്കമ്മിറ്റിയോഗം വിശ്വാസികളായ ഇരുഎംഎൽഎമാരെ നിശിതമായി വിമർശിച്ചു. വെറും ശാസനയിൽ നിൽക്കാതെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന വിധം പാർട്ടി അവരെ വേട്ടയാടുകയും, സംഘടനാ രേഖയിൽ പ്രത്യേകം നോട്ട് ചെയ്ത് സാദാ അംഗങ്ങളുടെ കോപതാപങ്ങൾക്ക് ഇരയാകാൻ അവരെ എറിഞ്ഞു കൊടുക്കുകയും ചെയ്തു.
അന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ച സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു - ''പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്.
പാർട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എംഎം മോനായി, ഐഷാ പോറ്റി എന്നിവർ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അസംബ്ലിയിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് പാർട്ടിക്കാകെ വരുത്തിവെച്ചത് അപമാനമായിരുന്നു.
വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ് പാർട്ടി അംഗത്വത്തിലേയ്ക്ക് വരുന്നത്. ദീർഘകാലമായി പാർട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കൾക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാർട്ടിയെയാകെ അപമാനിച്ചു എന്നാണ് പാർട്ടി കണ്ടെത്തിയത്''
പാർട്ടിയുടെ എല്ലാ തലങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോയ എംഎം മോനായി പിന്നീട് പൊതുരംഗത്തു പോലും നിശബ്ദനാക്കപ്പെട്ടു. ഐഷാ പോറ്റിയും ഏതാണ്ട് ഒതുക്കപ്പെട്ട അവസ്ഥയിലാണ്.
2013 നവംബറിൽ പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് വിശ്വാസ- ആചാരങ്ങൾ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മിക ഭൗതിക വാദത്തിന് എതിരാണ് എന്നതാണ്. ഗൃഹപ്രവേശ ചടങ്ങിന് ഗണപതി ഹോമം നടത്തിയതിന്റെ പേരിൽ പാവങ്ങളായ പാർട്ടി അംഗങ്ങൾക്ക് എതിരെയും നടപടി എടുത്തതും വാർത്തയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് സ്വർണ്ണക്കൊള്ള മുൻ നിർത്തി പുറത്ത് വന്ന 'പോറ്റിയെ കേറ്റിയെ' എന്ന ഹിറ്റായ പാരഡി ഗാനം വോട്ടർമാർക്കിടയിൽ ചർച്ചയാവുകയും ജനവിധി എതിരാവുന്നതിന് ഈ പാട്ട് വലിയ തോതിൽ സഹായിച്ചുവെന്ന തിരിച്ചറിവിലാണ് പാട്ടിനെതിരെ പ്രതികരിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് മതവികാരം വൃണപ്പെടുന്ന രീതിയിൽ ഭക്തിഗാനത്തെ വികലമാക്കി എന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയത്.
എന്നാൽ സംരക്ഷണസമിതിയിലും ഇത് സംബന്ധിച്ച് ഭിന്നാഭിപ്രായം ഉയർന്നു. പാട്ട് കൊണ്ട് ഭക്തരുടെ മതവികാരം വ്രണപ്പെട്ടുവെന്ന് കരുതാനാവില്ലെന്നാണ് സംരക്ഷണ സമിതിയിലെ ഭൂരിഭാഗം പേരും പറയുന്നത്.
ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയതിന്റെ പേരിൽ സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കൾ ജയിലിൽ കിടക്കുമ്പോഴാണ് പാരഡിയുടെ പേരിലെ വിവാദം സി.പി.എം കൊഴുപ്പിക്കുന്നത്.
സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുൻ എംഎൽഎയുമായും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാർ, പാർട്ടി നിയമിച്ച മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു എന്നിവർ ഒന്നര മാസത്തിലധികമായി റിമാന്റിലാണ്.
അവർക്കെതിരെ ഒരു നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. കുറ്റപത്രം വന്നിട്ട് നടപടി ആലോചിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us