ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്

മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചു

New Update
mondi kros
തിരുവനന്തപുരം: ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ആതിഥ്യമര്യാദയും പ്രകൃതിഭംഗിയും മനംകുളിര്‍പ്പിക്കുന്നതാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ജോണ്ടി റോഡ്സ് പറഞ്ഞു. ആരോഗ്യ-പുനരുജ്ജീവന ചികിത്സയ്ക്കായി കേരളത്തിലെത്തിയ ജോണ്ടി റോഡ്സ് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് കേരളത്തെ പ്രശംസിച്ചത്.

ആലപ്പുഴയിലെ അര്‍ത്തുങ്കല്‍ ബീച്ചില്‍ പ്രാദേശിക യുവാക്കള്‍ക്കൊപ്പം ജോണ്ടി റോഡ്സ് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പത്ത് ദിവസത്തെ ആരോഗ്യ-പുനരുജ്ജീവന ചികിത്സ നടത്തിയ അദ്ദേഹം ആലപ്പുഴയുടെ സൗന്ദര്യത്തില്‍ അത്ഭുതപ്പെട്ടതായി മന്ത്രിയോട് പറഞ്ഞു.

ലോക ക്രിക്കറ്റില്‍ ഫീല്‍ഡിങ് സമവാക്യങ്ങള്‍ മാറ്റിയെഴുതിയ ജോണ്ടി റോഡ്സിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അര്‍ത്തുങ്കല്‍ ബീച്ചില്‍ ജോണ്ടി റോഡ്സ് യുവാക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാഴ്ച നയനമനോഹരമാണ്. അദ്ദേഹത്തിന് ആതിഥേയത്വം വഹിക്കാനായതില്‍ വളരെയധികം അഭിമാനിക്കുന്നു. കേരളത്തിലെ മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് അദ്ദേഹത്തെ വീണ്ടും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ടൂറിസം വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ സുബൈര്‍ കുട്ടി പിഐ, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാര്‍ ജി എന്നിവര്‍ ജോണ്ടി റോഡ്സിനെ സന്ദര്‍ശിച്ച് കേരള ടൂറിസത്തിന് വേണ്ടി ഉപഹാരം സമ്മാനിച്ചിരുന്നു. ഉപഹാരം സമര്‍പ്പിക്കുന്ന അവസരത്തിലാണ് ജോണ്ടി റോഡ്സ് മന്ത്രി മുഹമ്മദ് റിയാസിനെ ഫോണില്‍ വിളിച്ചത്.

കുടുംബത്തോടൊപ്പമാണ് അദ്ദേഹം കേരളത്തിലെത്തിയത്. ആലപ്പുഴയ്ക്കടുത്തുള്ള മാരാരിയിലെ ഹൗസ്ബോട്ടിലായിരുന്നു താമസം. ഫോര്‍ട്ട് കൊച്ചിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഫോര്‍ട്ട് കൊച്ചിയും ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണും തമ്മിലുള്ള സമാനതകള്‍ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ്- ഡച്ച് സ്വാധീനവും ബ്രിട്ടീഷ് കൊളോണിയലിസത്തിന്‍റെ അവശേഷിപ്പുകളും രണ്ടിടത്തും കാണാനായെന്നും കൂട്ടിച്ചേര്‍ത്തു.  
Advertisment
കായല്‍ സഞ്ചാരം നടത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച ജോണ്ടി റോഡ്സ് ആലപ്പുഴയിലെ ചരിത്ര സ്മാരകമായ ലൈറ്റ് ഹൗസ്, കൃഷ്ണപുരം കൊട്ടാരം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിലും കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തി.

100 ഏകദിന ക്യാച്ചുകള്‍ തികച്ച ആദ്യ ദക്ഷിണാഫ്രിക്കന്‍ താരം, ഫീല്‍ഡിങിലൂടെ കളി തിരിക്കാമെന്നു ലോകത്തെ ബോധ്യപ്പെടുത്തിയ അപൂര്‍വ പ്രതിഭ തുടങ്ങി ധാരാളം വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്.
Advertisment