സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി ജനങ്ങളെ കാണാൻ തയാറാകാത്തത് എന്തുകൊണ്ട് ? ചോദ്യം സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ. മന്ത്രി റിയാസിനും വിമർശനം. ജനങ്ങൾക്ക് പ്രവേശനമില്ലാത്ത കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. നായനാരുടെയും വി.എസിന്റെയും ശൈലി പിന്തുടരണം. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന പിണറായി ശൈലിക്കെതിരെയും വിമർശനം

ജനങ്ങൾക്കോ പാർട്ടി പ്രവർത്തകർക്കോ ആർക്കും പ്രവേശനമില്ലാത്ത രാവണൻ കോട്ടയാണോ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ചോദ്യം സി.പി.എമ്മിൽ ശക്തമാകുന്നു

New Update
pinarayi vijayan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റിലെ ഓഫീസിൽ വെച്ച് സന്ദർ‍ശകരെ കാണാനും  പൊതുജനങ്ങളെ കാണാനും അനുമതി നൽകുന്നില്ല. ജനങ്ങൾക്കോ പാർട്ടി പ്രവർത്തകർക്കോ ആർക്കും പ്രവേശനമില്ലാത്ത രാവണൻ കോട്ടയാണോ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ചോദ്യം സി.പി.എമ്മിൽ ശക്തമാകുന്നു. ശനി,ഞായർ ദിവസങ്ങളിൽ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് ഈ ഗുരുതരമായ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടത്.

Advertisment

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കും പൊതുവേദിയിലെ പെരുമാറ്റ രീതിക്കും ഭരണരംഗത്തെ വീഴ്ചകൾക്കും എതിരെ വിമർശനം ശക്തമാകുമ്പോഴും കാതലായ ഒരു പ്രശ്നം ആരുടെയും ശ്രദ്ധയിൽ വന്നിരുന്നില്ല. പരാതി ബോധിപ്പിക്കാൻ എത്തുന്ന ജനങ്ങൾക്ക് സെക്രട്ടേറിയേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നല്ലാതെ മുഖ്യമന്ത്രി ജനങ്ങളെ കാണുന്നില്ല എന്നത് കാര്യമായി പുറത്തുവന്നിട്ടില്ല.

തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ, ജില്ലാ നേതാക്കളാണ് ഈ വിഷയം  ചൂണ്ടിക്കാട്ടിയത്. ജനങ്ങളെ കാണാതെയും ബന്ധപ്പെടാതെയും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് എങ്ങനെ പ്രവർ്ത്തിക്കാനാകും എന്ന ചോദ്യമാണ് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്.

'' മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്ക് പ്രവേശനമില്ല. സാധാരണ മനുഷ്യർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവേശനമില്ല. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു, ഇപ്പോൾ അതിനും സാധിക്കില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇപ്പോഴില്ല. എന്തിനാണ് പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും മുന്നിൽ മുഖ്യമന്ത്രി ഇങ്ങനെ ഇരുമ്പ് മറ തീർക്കുന്നത്? '' ജില്ലാ കമ്മിറ്റി അംഗങ്ങൾ ചോദിച്ചു.

വി.എസ് അച്യുതാനന്ദനെയും ഇ.കെ.നായനാരെയും പോലുളള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാർ  തിരുവനന്തപുരത്തുളളപ്പോൾ എല്ലാ ദിവസവും സെക്രട്ടേറിയേറ്റിൽ പരാതിയുമായി വരുന്ന സാധാരണക്കാരെ കാണുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആ പതിവ് നിലച്ചു.


സെക്രട്ടേറിയേറ്റിലെ സെക്യൂരിറ്റി ഓഫിസിൽ നിന്ന് പാസെടുത്തവരെ മൂന്ന് മണിക്ക് ശേഷം മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിലേക്ക് പോയി പരാതി നൽകാൻ അനുവദിച്ചിരുന്നു. ആ പതിവാണ് പിണറായി, മുഖ്യമന്ത്രിയായ ശേഷം അവസാനിപ്പിച്ചത്.


 മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയും വ്യാപകമായ പരാതിയുണ്ട്.പാർട്ടി നേതാക്കളോ മറ്റോ ഓഫിസിലെത്തിയാൽ കാര്യമായ പരിഗണന പോലും നൽകാറില്ലെന്നാണ് പരാതി.സർക്കാരിന് ജനകീയ മുഖം പകരേണ്ട മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകും എന്നാണ് സി.പി.എം ജില്ലാ കമ്മിറ്റികളിൽ നിന്ന് ഉയരുന്ന ചോദ്യം.

മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുളള സമീപനത്തിനെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനമാണ് നടന്നത്. പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും  ചേർന്ന് മാധ്യമങ്ങളെയെല്ലാം ശത്രുപക്ഷത്ത് നിർത്തിയിരിക്കുന്നു എന്നാണ് അംഗങ്ങളുടെ വിമർശനം. എന്തിനാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതെന്നും ചോദ്യമുയർന്നു.

എല്ലാ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും പാർട്ടി വിരുദ്ധരല്ല. പക്ഷേ നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാക്കി മാറ്റുകയാണ് ചെയ്യേണ്ടത്. ഇത് തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതായും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കണമെന്നും ശത്രുപക്ഷത്താക്കരുതെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മരുമകനും ടൂറിസം - പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന് എതിരെയും ശക്തമായ വിമർശനമാണ് ജില്ലാ കമ്മിറ്റികളിൽ ഉയർന്നത്. തലസ്ഥാനത്തെ റോഡുകൾ മാസങ്ങളായി തകർന്ന് കിടക്കുന്ന വിഷയം വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തിയപ്പോൾ ജനപ്രതിനിധി എന്ന നിലയിലാണ്  കടകംപളളി സുരേന്ദ്രൻ  ഇടപെട്ടത്.

അതിന് അദ്ദേഹത്തെ കോൺട്രാക്ടറുടെ ബിനാമിയാക്കുന്നത്‌ ശരിയാണോ എന്നാണ് അംഗങ്ങൾ  ചോദിച്ചത്. തലസ്ഥാന ജില്ലയിലെ പാർട്ടിയുടെ നേതാവിനും ജനപ്രതിനിധിക്കും മേൽ കരിനിഴൽ വീഴ്ത്തുകയാണ് മന്ത്രി റിയാസ് ചെയ്തത്. അതുവഴി മാധ്യമങ്ങളിലൂടെ വിവാദത്തിന് വഴിമരുന്നിട്ടെന്നും അംഗങ്ങൾ വിമർശിച്ചു.

Advertisment