/sathyam/media/media_files/2025/12/24/pinarai-vijayan-helicoptar-rent-2025-12-24-15-16-14.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക മുൻകൂർ നൽകി ധനവകുപ്പ്. ഇത്തവണ പതിവിന് വിപരീതമായാണ് തുക അനുവദിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ വാടകയിനത്തിൽ 4 കോടി രൂപയാണ് അനുവദിച്ചത്. സാധാരണ ഗതിയിൽ ഉപയോഗത്തിന് ശേഷം മാത്രം തുക നൽകുന്ന രീതിക്ക് വിപരീതമായി, വരാനിരിക്കുന്ന മൂന്ന് മാസത്തെ വാടക കൂടി മുൻകൂറായി നൽകിയിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയം.
2025 ഒക്ടോബർ 20 മുതൽ 2026 മാർച്ച് 19 വരെയുള്ള അഞ്ച് മാസത്തെ വാടകയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഇതിൽ ഡിസംബർ 20 മുതൽ മാർച്ച് 19 വരെയുള്ള മൂന്ന് മാസത്തെ വാടക മുൻകൂറായാണ് നൽകുന്നത്. ബാക്കി രണ്ട് മാസത്തെ കുടിശികയും ഇതിനൊപ്പം തീർക്കും
ഇതിനായി ട്രഷറി നിയന്ത്രണത്തിലും ഇളവ് വരുത്തി. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറി നിയന്ത്രണം നിലനിൽക്കുന്നുണ്ട്.
എന്നാൽ, മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക നൽകുന്നതിനായി ധനവകുപ്പ് നിയന്ത്രണത്തിൽ ഇളവ് അനുവദിച്ചു. അധിക ഫണ്ടായി ഈ മാസം 20-നാണ് തുക അനുവദിച്ചത്. ഇതോടെ വിമാന കമ്പനിയായ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് 4 കോടി രൂപ ഉടൻ ലഭ്യമാകും.
മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുന്ന കോപ്റ്ററിന്
​പ്രതിമാസം 80 ലക്ഷം രൂപയാണ് വാടക യിനത്തിൽ നൽകുന്നത്. മാസം 25 മണിക്കൂർ ഉപയോഗത്തിനാണ് ഈ വാടക ഈടാക്കുന്നത്. 25 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറിനും 90,000 രൂപ വീതം അധികം നൽകണം.
സംസ്ഥാനത്തെ ഒട്ടുമിക്ക മേഖലകളിലും സർക്കാർ കുടിശിക വരുത്തിയിരിക്കുന്നതിനിടെയാണ് കോടികളുടെ ധൂർത്ത് വീണ്ടും നടത്തുന്നത്.
ക്ഷേമപദ്ധതികൾ അടക്കം സാമ്പത്തിക പ്രതിസന്ധിയിൽ തട്ടി നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് യാതൊരു തടസ്സവുമില്ലാതെ പണം അനുവദിക്കുന്നതെന്നാണ് പ്രതിപക്ഷത്തിൻ്റെ അക്ഷേപം.
2020-ൽ ഡിജിപി ലോകനാഥ് ബെഹ്‌റയുടെ ശുപാർശ പ്രകാരമാണ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. അന്ന് വലിയ വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് കരാർ പുതുക്കിയിരുന്നില്ല.
എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2023-ൽ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ചിപ്സൺ ഏവിയേഷന് മുൻപ് പവൻഹാൻസ് ലിമിറ്റഡിന് മാത്രം 22 കോടിയിലധികം രൂപ സർക്കാർ വാടകയിനത്തിൽ നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us