/sathyam/media/media_files/2026/01/09/thanthri-kandararu-rajeevaru-2026-01-09-18-23-59.jpg)
തിരുവനന്തപുരം: കണ്‌ഠരര് രാജീവര് തന്ത്രിയുടെ അറസ്റ്റോടെ പുതിയ മാനം കൈവന്ന ശബരിമല സ്വർണക്കൊള്ളക്കേസിൽ അടുത്തത് ആരെന്നതിൽ സസ്പെൻസ്. ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി ശങ്കരദാസിന്റെ അറസ്റ്റായിരിക്കും അടുത്തതെന്നാണ് എസ്.ഐ.ടി നൽകുന്ന സൂചന. ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ, തന്ത്രിയുമായി അടുപ്പമുള്ള ഏതാനും പേർ എന്നിവരെല്ലാം അറസ്റ്റിന്റെ നിഴലിലാണ്. ഉന്നതരായ ചിലർ ഇനിയും പിടിയിലാവാനുണ്ടെന്ന് എസ്.ഐ.ടി പറയുന്നു.
/filters:format(webp)/sathyam/media/media_files/2026/01/10/kandararu-rajeevaru-2026-01-10-12-28-49.jpg)
തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്യുന്നതോടെ ഇതുവരെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരമാവുമെന്നാണ് എസ്.ഐ.ടി പറയുന്നത്. സ്വർണപ്പാളികൾ കടത്തിയതെങ്ങോട്ട് എന്നടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ചെന്നൈയി സമാർട്ട് ക്രിയേഷൻസിൽ എത്തിച്ച് പാളികളിലെ സ്വർണം ഉരുക്കിയെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. സ്വർണപ്പാളികളുടെ കാലപ്പഴക്കം നിർണയിക്കാൻ വി.എസ്.എസി.സിയുടെ ലാബിൽ നടക്കുന്ന ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുമ്പോൾ കേസിന്റെ ഗതി ഇനിയും മാറുമെന്നാണ് വിലയിരുത്തൽ.
തന്ത്രിയിൽ നിന്ന് എസ്.ഐ.ടി പിടിച്ചെടുത്ത ആപ്പിൾ ഫോണിൽ സ്വർണക്കൊള്ളയുടെ നിർണായക വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രി കണ്‌ഠരര് രാജീവർക്ക് കൃത്യമായ അറിവുണ്ടായിരുന്നെന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്.ഐ.ടി നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തു, ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രിയുടെ പങ്ക് തെളിയിക്കാനുള്ള തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നും എസ്.ഐ.ടി പറയുന്നു. കണ്‌ഠരര് രാജീവര് തന്ത്രിസ്ഥാനം വഹിച്ചിരുന്ന ബംഗളുരു ശ്രീരാമപുര അയ്യപ്പ ക്ഷേത്രത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി മേൽശാന്തിയായിരുന്നു. രാജീവര് തന്ത്രിയായിരിക്കെ, പോറ്റി ശബരിമലയിൽ 2004മുതൽ 2008വരെ കീഴ്‌ശാന്തിയുടെ പരികർമ്മിയായിരുന്നു. പോറ്റിയും തന്ത്രിയുമായി കാലങ്ങളായി ഉറ്റബന്ധം. കാലങ്ങളായി ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തന്ത്രി ചെയ്തത് ഗൗരവസ്വഭാവമുള്ള കുറ്റകൃത്യമാണെന്ന് എസ്.ഐ.ടി പറയുന്നു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ നിന്ന് സ്വത്തുക്കൾ കവർന്നു. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തി. കുറ്റകരമായ ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. കൊള്ളയടിച്ച സ്വർണം കണ്ടെടുക്കാനുണ്ട്. സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും ലഭിക്കാനുണ്ട്. തന്ത്രിയെ ചോദ്യംചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കണം. മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും കണ്ടെത്തണം. തന്ത്രിയും പോറ്റുയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.
/sathyam/media/post_attachments/h-upload/2025/10/14/2702745-untitled-1-800610.webp)
തന്ത്രിക്കെതിരേ ഐ.പി.സി 403, 406, 409, 466, 467, 120(ബി), 34, അഴിമതി നിരോധന നിയമത്തിലെ 13(1), 13(2) വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ചൈതന്യവും പരിപാവനതയും ആത്മീയമൂല്യവും കാത്തുസൂക്ഷിക്കാൻ ബാദ്ധ്യസ്ഥനായ തന്ത്രി, ദേവന്റെ അനുജ്ഞ വാങ്ങാതെ ആചാരലംഘനത്തിന് കൂട്ടുനിന്നെന്ന് എസ്.ഐ.ടി കണ്ടെത്തി. ശ്രീകോവിലിന്റെ വാതിൽ കട്ടിളയിലെ ദശാവതാരങ്ങൾ പതിച്ച 2പാളികൾ, മുകൾപ്പടിയിലെ പാളി, സ്വർണം പതിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങിയ രണ്ട് പ്രഭാമണ്ഡല പാളികൾ എന്നിവയാണ് 2019 മാർച്ച് 20ന് ഇറക്കിയ ബോർഡ് ഉത്തരവ് പ്രകാരം 2019മേയ് 18ന് ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയത്. ഇതിന് ദേവന്റെ അനുജ്ഞ വാങ്ങിയിട്ടില്ല, താന്ത്രിക നടപടികൾ പാലിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കേണ്ടത് തന്ത്രിയാണെന്നിരിക്കെ, ഈ ആചാരലംഘനം തന്ത്രി ബോർഡിന്റെ ശ്രദ്ധയിൽപെടുത്തിയില്ല. പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറുന്നത് തടഞ്ഞില്ല. തന്ത്രിയുടെ അനുമതിയില്ലാതെ പാളികൾ ഇളക്കിക്കൊണ്ടുപോയത് ബോർഡിന്റെ ശ്രദ്ധയിൽപെടുത്താതെ കൊള്ളയ്ക്ക് കുറ്റകരമായ മൗനാനുവാദമാണ് തന്ത്രി നൽകിയത്.
2019മേയ് 14മുതൽ മേയ് 19വരെ കണ്‌ഠരര് രാജീവര് തന്ത്രി സന്നിധാനത്തുണ്ടായിരുന്ന കാലയളവിലാണ് ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളികളും പ്രഭാമണ്ഡലവും അഴിച്ചെടുത്ത് പോറ്റിക്ക് കൈമാറിയത്. 2019മേയ് 18നായിരുന്നു ഇത്. കട്ടിളപ്പാളികളും പ്രഭാമണ്ഡലവും സ്ഥാപിച്ചിരുന്നിടത്ത് കൽത്തൂണുകൾ മാത്രമായിരിക്കെ, മേയ് 19ന് ശ്രീകോവിലിൽ തന്ത്രി പൂജകൾ നടത്തി. അതിനാൽ പാളികൾ ഇളക്കിയതിനെക്കുറിച്ച് തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്ന് എസ്.ഐ.ടി കണ്ടെത്തി. തന്റെ അനുമതിയോടെയല്ല കട്ടിളപാളികളും പ്രഭാമണ്ഡലവും ഇളക്കിക്കൊണ്ടു പോയതെങ്കിൽ തന്ത്രി ഇക്കാര്യം ബോർഡിനെ രേഖാമൂലം അറിയിച്ചില്ലെന്നും എസ്.ഐ.ടി കണ്ടെത്തി.
ആചാരലംഘനം നടത്തി ക്ഷേത്രമുതലുകൾ കൊണ്ടുപോയതിൽ യാതൊരു നടപടിയുമെടുക്കാതെ കുറ്റകരമായ മൗനാനുവാദം നൽകി.
2019ജൂൺ 15ന് മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴും കട്ടിളയും പ്രഭാപാളികളും തിരിച്ചെത്തിച്ചിട്ടില്ലെന്ന് തന്ത്രിക്ക് നേരിട്ടറിയാമായിരുന്നു. ഈ സമയത്തും തന്ത്രിയുടെ സാന്നിദ്ധ്യം സന്നിധാനത്തുണ്ടായിരുന്നു. 2019ജൂൺ 18ന് കട്ടിളയും പ്രഭാമണ്ഡലവും തിരിച്ചെത്തിച്ച് ഘടിപ്പിച്ചപ്പോഴും തന്ത്രിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ദേവസ്വം മാന്വൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ദേവസ്വത്തിൽ വച്ചുതന്നെ നടത്തേണ്ടതാണ്. ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോവാൻ പാടില്ല. വിജയ്‌മല്യ സ്വർണം പൊതിഞ്ഞ പണികൾ നടത്തിയതും സന്നിധാനത്ത് വച്ചായിരുന്നെന്നും എസ്.ഐ.ടി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us